ആധുനിക സമൂഹത്തിലെ ശിക്ഷാ രീതികളില്‍ നിന്ന് വധശിക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ചു ഒരു പ്രമേയം UN ജനറലസംബ്ലിയില്‍ കഴിഞ്ഞ ദിവസം വോട്ടിനിടുകയുണ്ടായി. ഇന്ത്യ ഉള്‍പടെ 39 രാജ്യങ്ങള്‍ വധശിക്ഷ ഒഴിവാക്കാനാകില്ലെന്നാണ് പറഞ്ഞത് വേറെ 36 രാജ്യങ്ങള്‍ വോട്ടിങ്ങില്‍ പങ്കെടുക്കാതെ നിന്നു. എന്നാല്‍ 110 രാജ്യങ്ങള്‍ പ്രമേയത്തെ പിന്താങ്ങുകയാണ് ചെയ്തത്. അമേരിക്ക, ജപ്പാന്‍ , ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ഇസ്രായേല്‍ , യൂറോപ്യന്‍ യൂണിയന്‍ , ആസ്ട്രെലിയ തുടങ്ങിയ രാജ്യങ്ങളാണ് വധശിക്ഷ ഒഴിവാക്കണമെന്ന് വാദിച്ചത്. UN റിപോര്‍ട്ടനുസരിച്ചു 150 രാജ്യങ്ങള്‍ വധശിക്ഷ ഉപേക്ഷിച്ചിരിക്കുകയാണ്.
നാം വളരെക്കാലങ്ങളായിതന്നെ കഠിനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കി വരാറുണ്ട്. 1980 ല്‍ സുപ്രീം കോടതി പരമാവധി ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ വേര്‍തിരിച്ചു നിര്‍ദ്ദേശിക്കുകയുണ്ടായി. ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഒരു നിര്‍ദ്ദേശം 1999 ല്‍ ചില ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും പൊതുവേ അത് സ്വീകാര്യമായില്ല. ദേശീയ വനിതാ കമ്മീഷന്‍ പോലും ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വെക്കുന്നില്ല. എന്നാല്‍ ബലാത്സംഗത്തിനൊപ്പം കൊലയും നടക്കുകയാണെങ്കില്‍ പലപ്പോഴും വധശിക്ഷ നല്‍കാറുണ്ട്. രാജ്യദ്രോഹം, രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക, കൊലപാതകം, കൊള്ളയും അതോടനുബന്ധിച്ചുള്ള കൊലയും, ഒരു നിരപരാധിക്ക് വധശിക്ഷ വിധിക്കാനിടയാക്കുന്ന കള്ള സാക്ഷ്യം പറയുക, കുട്ടികളെയോ ബുദ്ദിസ്ഥിരതയില്ലാത്തവരെയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കാണ് നമ്മുടെ രാജ്യത്ത് വധശിക്ഷ വിധിക്കാനാവുന്നത്. അങ്ങനെയാണ് ഇന്ത്യയില്‍ “അപൂര്‍വങ്ങളില്‍ അപൂര്‍വമായ” കേസ്സുകളില്‍ മാത്രം വധ ശിക്ഷ നടപ്പാക്കുന്ന സ്ഥിതി വന്നത്. പൊതുജന മധ്യത്തില്‍ ശിക്ഷ നടപ്പാക്കുന്നതോ, എറിഞ്ഞു വധിക്കുന്നത് പോലെയുള്ള വേദനാജനകമായ രീതികളോ അനുവദനീയമല്ല. പതിനഞ്ചു വയസ്സില്‍ താഴയുള്ള കുട്ടികള്‍ , ഗര്‍ഭിണികള്‍ , ബുദ്ദിസ്ഥിരതയില്ലാത്തവര്‍ , 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ നാല് വിഭാഗം കുറ്റവാളികളെ വധശിക്ഷയില്‍ നിന്നോഴിവാക്കിയിട്ടുമുണ്ട്. പരമോന്നത കോടതിവരെ വധശിക്ഷ ശരിവച്ചാലും പിന്നെയും രാഷ്ട്രപതിക്ക് മുന്‍പാകെ ദയാ ഹര്‍ജി സമര്‍പ്പിക്കാനും കുറ്റവാളിക്കവസരമുണ്ട്, മാത്രമോ വിധി നടപ്പാക്കുന്നതില്‍ രണ്ടു വര്‍ഷത്തിലധികം കാലതാമസം വന്നാല്‍ വധശിക്ഷക്ക് പകരം ജീവപര്യന്തം ജയില്‍ ശിക്ഷ മതിയെന്ന വിധി പ്രസ്താവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്രയൊക്കെ കരുതലോടെയാണ് നാം ഈ ശിക്ഷാരീതിയെ സമീപിക്കുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായതും അതി ക്രൂരവുമായ കുറ്റകൃത്യങ്ങള്‍ നിര്‍വചിക്കുന്നതില്‍ പല ജഡ്ജിമാരും പല രീതികളാണ് അവലംബിക്കുന്നത്, പൊതുവായ ഒരു മാര്‍ഗ നിര്‍ദ്ദേശം പ്രായോഗികവുമല്ല അതുകൊണ്ട് ഈ കാര്യത്തില്‍ ഒരു പുനര്‍ ചിന്ത ആവശ്യമാണ് എന്നാണു ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ ഒരു നിരീക്ഷണം. സുപ്രീം കോടതിയുടെ ഈ നിരീക്ഷണത്തെ ന്യായീകരിക്കുന്ന രണ്ടു വിധിന്യായങ്ങള്‍ അടുത്തിടെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. നിരപരാധികളും നിരായുധരുമായ ഒരു പറ്റം ആള്‍ക്കാര്‍ക്കുനെരെ വെടിയുതിര്‍ത്തുകൊണ്ട് മരണം വിതറിയ ഭീകരന്‍ അജ്മല്‍ കസബിനു വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഒരു നീതി ന്യായ കോടതിക്കും വിധിക്കാന്‍ കഴിയില്ല. ഇതിനു സമാനമായതും എന്നാല്‍ കുറ്റവാളികള്‍ നമ്മുടെ രാജ്യക്കാരുമായ ഒരു കുറ്റ കൃത്യമാണ് ഗുജറാത്തിലെ നരോദ പാട്യയില്‍ നടന്നത്, നിരപരാധികളും നിരായുധരുമായ ഒരു പറ്റം ആള്‍ക്കാരെ ബാലാത്സഗത്തിനിരയക്കുകയും പെട്രോളൊഴിച്ചു തീവെച്ചു കൊല്ലുകയും ചെയ്ത കേസ്സില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജ് പറഞ്ഞത്, ഇവര്‍ വധ ശിക്ഷക്കര്‍ഹാരാണ് എങ്കിലും വ്യക്തിപരമായി വധശിക്ഷ നല്‍കുന്നതിനു മടിയുള്ളതുകൊന്ടാണ് അതിനു തൊട്ടു താഴെ നില്‍ക്കുന്ന രീതിയില്‍ ദീര്‍ഘകാലത്തെ ജയില്‍ ശിക്ഷ വിധിക്കുന്നത് എന്നാണു.
കുറ്റം ചെയ്തവന്റെ മനുഷ്യാവകാശം പോലതന്നെ പ്രധാനമാണ് കുറ്റകൃത്യത്തിനിരയായവന്റെ മനുഷ്യാവകാശവും, വധശിക്ഷ ക്രൂരമാണെന്നു പറയുന്നവര്‍ പലപ്പോഴും ആക്രമിക്കപ്പെട്ടവന്റെ വേദന കാണാതെ പോകുന്നു. തെറ്റു ചെയ്യുന്നവന് കഠിന ശിക്ഷ വിധിക്കെണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സമൂഹത്തിന്റെ കെട്ടുറപ്പിന് നീതിന്യായ വ്യവസ്ഥ ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്നത് അനിവാര്യമാണ്. കുറ്റം ചെയ്‌താല്‍ ശിക്ഷ ഉറപ്പെന്നു വന്നാല്‍ അത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക തന്നെ ചെയ്യും.
കഴിഞ്ഞ ഇരുപതുകൊല്ലമായി കൊലപാതകത്തിന് പ്രായേണ വധശിക്ഷ വിധിക്കപ്പെട്ടിട്ടില്ല... എന്നിട്ടും കൊലപാതകത്തിന്‍റെ നിരക്ക് കുറയുക തന്നെയാണെത്രെ... അപ്പോള്‍ വധശിക്ഷ നിര്‍ബന്ധമാക്കേണ്ടതില്ല എന്നല്ലേ അര്‍ഥമെന്ന് വിഖ്യാതരായ പല നിയമജ്ഞന്മാരും സംശയം പ്രകടിപ്പിക്കുന്നതായി വായിച്ചിരുന്നു... ഈയിടെ.
ReplyDelete