Thursday 13 December 2012

ഇംഗ്ലണ്ടിലും, വെയ്ല്‍സിലും മതവിശ്വാസം മാറുന്നു


ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 2011 ല്‍ നടത്തിയ സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. അവിടുത്തെ ജനങ്ങള്‍ സാമ്പത്തികവും സാംസ്കാരികവുമായി എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാക്കുന്നതിനാണ് പ്രധാനമായും ഇത് ഉപകരിക്കുന്നത്‌, എങ്കിലും 2001 ല്‍ നടത്തിയ സെന്‍സസ് വിവരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കഴിഞ്ഞ ദശകത്തില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും എന്ത് മാറ്റമാണ് നടന്നതെന്ന് പഠിക്കാനും ഈ സര്‍വേകള്‍ ഉപകരിക്കും. ലോകത്തിന്റെ പല ഭാഗത്തും കോളനികള്‍ സ്ഥാപിക്കുകയും അവിടെയൊക്കെ വെള്ളക്കാരന്റെ സംസ്കാരം കുറച്ചൊക്കെ അവശേഷിപ്പിച്ചിട്ടു തിരിച്ചു പോകുകയും ചെയ്തതിനാല്‍ ഇംഗ്ലണ്ടുകാരുടെ ജീവിത ശൈലി മറ്റുള്ളവര്‍ ശ്രദ്ദിക്കുകയും അനുകരിക്കുകയും ചെയ്യാറുണ്ട്. വിവര വിജ്ഞാനത്തില്‍ വിപ്ലവം നടന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഓരോ രാജ്യക്കാരും പരസ്പരം കൂടുതല്‍ ഇടപഴകി ജീവിക്കുന്നതിനാല്‍ കഴിഞ്ഞ ദശകത്തില്‍ ഇംഗ്ലണ്ടിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ ലോകം എങ്ങോട്ടെന്ന ഒരു ഏകദേശ രൂപം അറിയാന്‍ കഴിയും.
56.1 മില്യന്‍ ജനങ്ങളാണ് ഇവിടെ ജീവിക്കുന്നത് അതില്‍ 27.6 മില്യന്‍ പുരുഷന്മാരും 28.5 മില്യന്‍ സ്ത്രീകളും ഉണ്ട്. 2001 നു ശേഷമുള്ള പത്തു വര്‍ഷക്കാലത്തെ ജനസംഖ്യാ വര്‍ദ്ധനവ്‌ 7.1% ആണ്. ഇംഗ്ലണ്ടിലെ വിദേശീയരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രി ഉള്ളവരുടെ എണ്ണം ഡിഗ്രി ഇല്ലാത്തവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ ആണ്, ഇടത്തരക്കാരുടെ എണ്ണത്തിലെ വര്‍ദ്ദനവാണ് ഇത് കാണിക്കുന്നത്. മത വിശ്വാസത്തിലുണ്ടായ വ്യതിയാനമാണ് അമ്പരപ്പുണ്ടാക്കുന്നത്. 2001 ല്‍ 72% ജനങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്നു പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോള്‍ അവര്‍ 59% ആയി കുറഞ്ഞു. ഈ കാലത്ത് മുസ്ലീങ്ങളുടെ എണ്ണം 3% ത്തില്‍ നിന്ന് മൊത്തം ജനസംഖ്യയുടെ 5% ആയി വര്‍ദ്ധിച്ചു. ഒരു മതത്തിലും വിശ്വാസമില്ലാത്തവരുടെ എണ്ണം 15% ത്തില്‍ നിന്നും 25% ആയി ഉയര്‍ന്നു. അങ്ങനെ മത വിശ്വാസമില്ലാത്തവര്‍ രണ്ടാമത്തെ വലിയ വിഭാഗമായി. ഒരു മത വിശ്വാസത്തിന്റെയും ചട്ടക്കൂടില്‍ നില്‍ക്കുന്നില്ല എങ്കിലും പലരും പ്രപഞ്ചാതീത ശക്തിയില്‍ വിശ്വസിക്കുന്നവരാണ്. തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍ പ്രതികരിച്ചത് പ്രാര്‍ത്ഥനകൊണ്ട് ജോലി കിട്ടുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണു. ഈ പ്രവണത വിവാഹം കഴിച്ചവരുടെ എണ്ണത്തിലെ കുറവിനു കാരണമായി. മാതാവ് അല്ലെങ്കില്‍ പിതാവ് മാത്രം (single parent) കൂടെയുള്ള കുഞ്ഞുങ്ങളുടെ എണ്ണവും, വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവരുടെയും എണ്ണവും വളരെക്കൂടിയിട്ടുണ്ട്. സിവില്‍ പാര്‍ട്ടണര്‍ഷിപ് എന്നറിയപ്പെടുന്ന സ്വവര്‍ഗ്ഗ വിവാഹ ഉടമ്പടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ദനയുണ്ടാകുകയും ചെയ്തു. ഇതെല്ലാം കുടുംബ സങ്കല്പത്തിന് വിള്ളലേല്‍പ്പിക്കുന്നുണ്ട്.  ഇപ്പോഴത്തെ പ്രവണത തുടര്‍ന്ന് കൊണ്ടിരുന്നാല്‍ 2018 ഓടെ ക്രിസ്തുമതം ഇംഗ്ലണ്ടില്‍ ന്യൂനപക്ഷമായെക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്ലാമിന് നേരെ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിശിതമായ വിമര്‍ശനങ്ങള്‍ നടന്നു വരികയാണ്, സ്ത്രീ സ്വാതന്ത്ര്യവും, പുരോഗമന വീക്ഷണവും തീവ്രവാദവും ഒക്കെ വിഷയങ്ങളാക്കി മുസ്ലീങ്ങളെ പ്രതിരോധത്തിലാക്കാറുണ്ട്. ഇങ്ങനെ ആണെങ്കിലും 2001 മുതല്‍ 2011 വരെയുള്ള കാലത്തു ഇംഗ്ലണ്ടിലെ മുസ്ലിങ്ങളുടെ എണ്ണത്തില്‍ 75% വര്‍ദ്ധനയുണ്ടായത് വിമര്‍ശകരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റിന്റെ സാധ്യതകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ വ്യാപകമായി ഉപയോഗിച്ചതുകൊണ്ട് ഇസ്ലാമിനെക്കുറിച്ച്  കൃത്യമായി അറിയാന്‍ കൂടുതല്‍ ജനങ്ങള്‍ക്ക്‌ കഴിഞ്ഞതാവാം ഒരു പക്ഷെ ഇംഗ്ലണ്ടിലെ മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വര്‍ദ്ധനവിന്റെ ഒരു കാരണം.

1 comment:

  1. ഈ കുറിപ്പ് നേരത്തെ വായിച്ചിരുന്നു...

    ReplyDelete