Monday, 3 December 2012

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ



ഈ നാട്ടിലെ വളര്‍ന്നു വരുന്ന ഉപഭോക്ത സംസ്കാരം അതിന്റെ ഉപോല്‍പ്പന്നമായി അവശേഷിപ്പിക്കുന്ന ഒരു സാമൂഹിക വിപത്താണ് അസംതൃപ്തരും അത് കൊണ്ടുതന്നെ കുറ്റവാസന അധികരിച്ചവരുമായ ഒരു പറ്റം ചെറുപ്പക്കാര്‍ . ഭയാനകമായി വര്‍ദ്ധിച്ചു വരുന്ന ലൈംഗീക പീഡനങ്ങള്‍ക്കും സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ക്കും വേറെ കാരണങ്ങള്‍ തേടി അലയേണ്ടതില്ല. ഇതിനു തൃപ്തികരമായ പരിഹാരം കണ്ടെത്താന്‍ എന്ത് കൊണ്ട് കഴിയുന്നില്ല എന്നതാണ് നമ്മെ അലട്ടേണ്ടുന്ന പ്രശ്നം.
സുരക്ഷിത ബോധത്തോടെ വീടിനു പുറത്തുപോകാന്‍ കഴിയാത്ത ഒരവസ്ഥയാണ് ഇന്ന് സ്ത്രീകള്‍ക്കുള്ളത്. ക്യാമറ ഫോണുകളുടെ വ്യാപകമായ ഉപയോഗം കാരണം തുണിക്കടകളിലെ ട്രയല്‍ മുറികളോ പൊതു സ്ഥലങ്ങളിലെ  ടൊയിലറ്റുകളോ വിശ്വാസത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് തുടങ്ങി പീഡനങ്ങളിലൂടെ കൊലപാതകം വരെയുള്ള സാധ്യതകളിലൂടെയാണ് ദിനേന ഓരോ സ്ത്രീയും കടന്നു പോകുന്നത്. “ട്രസ്റ്റ് ലോ” എന്ന ഒരു അന്തര്‍ദേശീയ സ്ത്രീ സഹായ സംഘടന നടത്തിയ പഠനം അനുസരിച്ച്, സ്ത്രീകളുടെ ജീവിതത്തിനു ഏറ്റവും അപകടകരമായ 5 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആഭ്യന്തര കലാപങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ അഫ്ഘാനിസ്ഥാനും, കോംഗോയും, പാകിസ്ഥാനും, സോമാലിയായുമാണ് മറ്റു രാജ്യങ്ങള്‍) വിദ്യാഭ്യാസം, ആരോഗ്യം, ആണ്‍ (1000 ) പെണ്‍ (1084 ) അനുപാതം തുടങ്ങിയ രംഗങ്ങളില്‍ എല്ലാം തന്നെ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ സ്ത്രീകളുടെ നേരെയുള്ള ആക്രമണവും ഏറെ നടക്കുന്നുണ്ട് എന്നാണു (NCRB) കണക്കുകള്‍ പറയുന്നത്.

1971 നും 2011 നും ഇടയില്‍ ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ 873 % വര്‍ധനയാണ് ഉണ്ടായത്. ഇക്കാലത്ത് കൂടുതല്‍ ആളുകള്‍ പരാതിപ്പെടാന്‍ ധൈര്യപ്പെട്ടു മുന്നോട്ടു വരുന്നതാണ് സ്ത്രീകളുടെ നേരെയുള്ള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും അത് വഴി കണക്കില്‍ വര്‍ധനയുണ്ടാകാനും കാരണമായി ചിലരെങ്കിലും പറയുന്നത്. എന്നാല്‍ ഈ ന്യായം പ്രശ്നങ്ങളുടെ ഗൌരവം കുറക്കാന്‍ മതിയാകുന്നതല്ല. ഭര്‍ത്താവിന്റെയോ മറ്റു ബന്ധുക്കളുടെയോ ക്രൂരത, ലൈംഗീക പീഡനം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റ കൃത്യങ്ങളാണ് പ്രധാനമായും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ സ്ത്രീയിക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ഒരു കണക്കിലും വന്നിട്ടില്ല അത് പോലെ തന്നെയാണ് പ്രേമം നിരസിച്ചതിന്റെ പേരിലുള്ള ആസിഡ് ആക്രമണവും. വ്യഭിചാരത്തിന് വേണ്ടി കടത്തിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കണക്കില്ലാത്തതാണ്. ഈ ആക്രമണങ്ങളില്‍ നിന്നെല്ലാം രക്ഷപെട്ടുപോയ ഒരു വിഭാഗമുണ്ട് അവരാണ് പിറക്കുന്നതിനു മുന്‍പേ മരിച്ചു പോയ പെണ്‍കുഞ്ഞുങ്ങള്‍ , കഴിഞ്ഞ ദശകത്തില്‍ 30 ലക്ഷം പെണ്‍ കുഞ്ഞുങ്ങളെയാണ് ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ഇന്ത്യക്കാര്‍ കൊന്നു കളഞ്ഞത്. ഇതിനെല്ലാം പുറമെയാണ് ഇന്ത്യയില്‍ ഇടക്കെല്ലാം ഉണ്ടാകുന്ന വര്‍ഗീയ ലഹളകളുടെ ഇരകളായിത്തീരുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ദുരന്തങ്ങള്‍ 
ചിലപ്പോഴെങ്കിലും സ്ത്രീകളുടെ നേരെയുള്ള ആക്രമത്തിന് ഒത്താശ ചെയ്യുകയോ നേതൃത്വം കൊടുക്കുകയോ ചെയ്യുന്നത് വേറൊരു സ്ത്രീ തന്നെ ആകുന്നതും കാണാന്‍ ഇടയാകുന്നുണ്ട്.  2002 ല്‍ നരോദ പട്യയയില്‍ നടന്ന കൂട്ടക്കൊലയില്‍ 36 സ്ത്രീകളും, 35 കുട്ടികളും, 26 പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. അടുത്ത ബന്ധുക്കളുടെ മുന്‍പില്‍ വെച്ച് സ്ത്രീകളെ വിവസ്ത്രരാക്കി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് പെട്രോളൊഴിച്ചു കത്തിക്കുകയും ചെയ്തതിനു നേതൃത്വം കൊടുത്തവരില്‍ മായ കൊദ്നാനി എന്ന സ്ത്രീയുമുണ്ടായിരുന്നു.  ഒരു ഡോക്ടറായ ഇവര്‍ക്ക് പ്രതിഫലമെന്നോണം പിന്നീട് ഗുജറാത്ത് മന്ത്രിസഭയില്‍ വനിതാ ശിശു ക്ഷേമ വകുപ്പില്‍ തന്നെ മന്ത്രിയാകാന്‍ കഴിഞ്ഞു. പരിഷ്കൃത സമൂഹം എന്ന വിളി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് തീര്‍ത്തും ഭൂഷണമല്ലാത്ത ഈ പ്രവര്‍ത്തി ചെയ്തവര്‍ക്ക് 10 വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും ശിക്ഷകൊടുക്കാന്‍ സാധിച്ചത് നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിട്ടാണ് കരുതപ്പെട്ടത്. കെട്ടുറപ്പുള്ള കുടുംബ ജീവിതത്തിന് പ്രേരിപ്പിക്കുന്ന ഒരു സംസ്കൃതി പാരമ്പര്യമായി കിട്ടിയ നമ്മുടെ രാജ്യം സ്ത്രീകളുടെ നേരെയുള്ള ക്രൂരതയില്‍ ഇത്രയും അധപതിക്കാന്‍ ഇടയായതു ധാര്‍മീക മൂല്യങ്ങളുടെ ശോഷണമാണ് വെളിവാക്കുന്നത്.
സ്ത്രീകളുടെ നേരെയുള്ള പരാക്രമത്തെ ഒരു സാമൂഹ്യ വിപത്തായിക്കണ്ടുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതു സമൂഹവും കൂട്ടായ്മയോടെ നടപടികള്‍ സ്വീകരിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും മാത്രമേ പ്രധിവിധിയുള്ളൂ. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കുകയും ചെറുപ്പം മുതല്‍ തന്നെ അവരില്‍ ഒരു അവബോധം വളര്‍ത്തിയെടുക്കുകയും ചെയ്യണം. അതിവേഗ കോടതികളിലൂടെ കാലതാമസ്സമില്ലാതെ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ കിട്ടുമെന്ന് വരികയും അത് മാധ്യമങ്ങളിലൂടെ ജനങ്ങളറിയുകയും ചെയ്യുമ്പോള്‍ മാത്രമാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നാം വിട്ടു വീഴ്ചയില്ലാത്ത ഒരു സമൂഹമായി മാറുന്നത്. തെറ്റ് ചെയ്‌താല്‍ കടുത്ത ശിക്ഷ കിട്ടും എന്ന സ്ഥിതി വലിയ ഒരളവു വരെ കുറ്റ കൃത്യങ്ങള്‍ കുറയാനിടവരുത്തും. അടുത്ത കാലത്ത് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച “നിര്‍ഭയ” പരിപാടിയുടെ വിജയം എത്രത്തോളമെന്ന് പറയാറായിട്ടില്ല. അതിന്റെ മാര്‍ഗ രേഖകളായി പറയുന്ന പ്രതിരോധം, ശിക്ഷ, സംരക്ഷണം, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം കാണട്ടെ എന്നാഗ്രഹിക്കാം. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബഹുമാനിക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും കഴിയാത്ത ഒരു സമൂഹത്തിനു അധികകാലം കെട്ടുറപ്പോടെ നില നില്‍കാന്‍ ആകില്ല.

1 comment:

  1. ഈ പോസ്റ്റ് നേരത്തെ ഞാന്‍ വായിച്ചിരുന്നു. ഇപ്പോള്‍ രണ്ടാമതും വായിച്ചു...

    ReplyDelete