Saturday, 22 December 2012

ആപ്ക പൈസ, ആപ്കെ ഹാത്ത്


സേവനത്തിനും സാധനങ്ങള്‍ക്കും പകരമായി പണം നല്‍കാനുള്ള ഒരു നയപരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സാമൂഹ്യ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ നയപരിപാടിമൂലം വരാന്‍ പോകുന്നത് എന്നാണു കോണ്‍ഗ്രസ്സ് നേതൃത്തം കരുതുന്നത്. അതുകൊണ്ട് തന്നെ അടുത്ത പൊതു തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പുതിയ മുദ്രാവാക്യം ഈ ആശയത്തെ മുന്‍നിര്‍ത്തി മെനഞ്ഞെടുക്കാന്‍ കോണ്ഗ്രസ്സും കേന്ദ്ര നേതൃത്തവും ശ്രമിക്കുന്നതായാണ് കാണുന്നത്. ഡല്‍ഹിയില്‍ ഈ അടുത്തു നടന്ന "അന്നശ്രീയോജന" പദ്ധതിയുടെ ഉത്ഘാടന പരിപാടിയില്‍ മുഖ്യ മന്ത്രി ഷീല ദിക്ഷിത് പറഞ്ഞത്, പൊതുവിതരണത്തിന്റെ പരിധിയില്‍ വരാതെ പോയ 4 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 600 രൂപ വീതം നേരിട്ട് ബാങ്ക് അക്കൌണ്ടില്‍ അധാര്‍കാര്‍ഡു വഴി എത്തിക്കും എന്നാണു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അംഗത്തിന്റെ പേരിലുള്ള അക്കൗന്ടിലാകും പണമിടുക എന്ന് പറഞ്ഞിട്ടുണ്ട്, അത്രയും നല്ലത്. UPA ക്കും കോണ്‍ഗ്രസ്സിനും പാവങ്ങളോടൊള്ള കരുണക്കുദാഹരമാണ് ഈ നയപരിപാടി എന്നാണു സോണിയ ഗാന്ധി പറഞ്ഞത്. സബ്സിഡിക്ക് പകരം പണം നേരിട്ട് നല്‍കുന്നത് പൊതുവിതരണ സമ്പ്രദായത്തിനു പകരമല്ല എന്നാല്‍ സമാന്തരമായ ഒരു സംവിധാനമാണ് ഇത് എന്നും  സോണിയ ഗാന്ധി പറഞ്ഞു. ഈ പ്രസ്താവനകളുടെ ആത്മാര്‍ഥത രാജ്യ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു എങ്കിലും ആപ്ക പൈസ, ആപ്കെ ഹാത്ത് പരിപാടി എങ്ങനെയാകും എന്നതിന്റെ മുന്നറിയിപ്പാണിത്.

2009 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് സര്‍ക്കാര്‍ സഹായങ്ങള്‍ പണമായി ഗുണഭോക്താക്കള്‍ക്ക് എത്തിക്കുമെന്നത്, എന്നാല്‍ ആദ്യ വര്‍ഷങ്ങളില്‍ കാര്യമായിട്ടൊന്നും ചെയ്യാതെ ഇനി വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കും എന്നാണു കേന്ദ്ര നേതൃത്തം പറയുന്നത്2013 ജനുവരിയോടെ 51 ജില്ലകളിലും, ഏപ്രിലോടെ 18 സംസ്ഥാനങ്ങളിലും പിന്നീട് 2014 ആകുംപോളേക്കും രാജ്യത്തോട്ടാകെയും ഈ രീതിയില്‍ നേരിട്ട് പണം കൈമാറ്റാന്‍ ആണ് തീരുമാനം. ഇത്ര ധ്രിതിയില്‍ ഈ പദ്ധതി നടപ്പാക്കിയാല്‍ അതില്‍ പാളിച്ചകള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഗുജറാത്തിലെ അംഗന്‍വാടി അധ്യാപകരുടെ ശമ്പളം നേരിട്ട് അവരുടെ അക്കൗന്ടിലെത്തിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ 10 വര്ഷം വേണ്ടി വന്നു എന്നത് ഇത്തരം പരിപാടികളുടെ നടത്തിപ്പിനുള്ള പ്രയാസത്തിനുദാഹരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാണ് പണം ബാങ്ക് അക്കൗന്ടില്‍ എത്തിക്കുക എന്നാല്‍ ഇത് വരെയായി 220 മില്യന്‍ ആള്‍ക്കാര്‍ക്ക് മാത്രമാണ് ആധാര്‍ കാര്‍ഡു നല്‍കാന്‍ കഴിഞ്ഞത്. 2014 നു മുന്‍പ് എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡു നല്‍കുക എന്നത് തന്നെ ഒരു വിദൂര സാധ്യതയാണ്. അത് പോലെ തന്നെയാണ് ദാരിദ്ര രേഖക്ക് താഴെയുള്ളവരെ വേര്‍തിരിക്കുക എന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ പറയുന്നത് 62% BPL കാര്‍ഡുകളും അത്രയൊന്നും ദാരിദ്രരല്ലാത്തവരുടെ കയ്യിലാണെന്നാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ദിക്കാതെ 2014 നു മുന്‍പ് തന്നെ സബ്സിഡി നേരിട്ട് പണമായി നല്‍കാന്‍ ശ്രമിക്കുന്നത് അപകടകരമായ ഒരു സ്ഥിതിയിലേക്ക് എത്തിപ്പെടാന്‍ ഇടയാക്കും.

Direct  Cash Transfer (DCT) നുള്ള ദേശീയ കമ്മിറ്റി 42 പദ്ധതികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് അതില്‍ 29 പദ്ധതികളാവും തുടക്കത്തില്‍ ഈ രീതിയില്‍ പണവിതരണം നടത്തുക. ഇതിന്റെ തുടര്‍ച്ചയായി മണ്ണെണ്ണക്കും LPG ക്കും നല്‍കുന്ന സബ്സിഡികള്‍ പണമായി ഉപഭോക്താക്കളുടെ കൈയ്യിലെത്തിക്കാനും നടപടികളെടുക്കും. രാജസ്ഥാനിലെ കൊട്കസിം എന്ന സ്ഥലത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ സബ്സിഡി നേരിട്ട് പണമായി കൊടുക്കാനുള്ള ഒരു ശ്രമം പരീക്ഷണാടിസ്ഥാനത്തില്‍ നടന്നു. റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വില്പനയില്‍ 82% കുറവ് ഉണ്ടായത് അഴിമതി കുറഞ്ഞത്‌ കൊണ്ടാണെന്നും അത് ഈ പരിപാടി വിജയമായിരുന്നു എന്ന് സര്‍ക്കാരു പറയുന്നെങ്കിലും അവിടുത്തുകാര്‍ ഈ പരിപാടിയോടുള്ള എതിര്‍പ്പുമായി വന്നിരിക്കുകയാണ്. 25,000 കുടുംബങ്ങളുള്ള ഒരു ബ്ലോക്കില്‍ ബാങ്ക് അക്കൗണ്ട്കളുടെ എണ്ണം 15,000 മാത്രമാണ്. ഉപയോഗം കുറഞ്ഞതല്ല മറിച്ചു വാങ്ങാന്‍ കഴിയാത്തതാണെന്ന് ഇതില്‍ നിന്നു തന്നെ മനസിലാക്കാം. ഇനി ഈ പദ്ധതി ഉപയോഗപ്പെടുത്തിയവരുടെ കാര്യമോ അവരുടെ അക്കൌണ്ടിലേക്ക് പണം അപൂര്‍വമായി മാത്രമേ എത്താറുള്ളൂ, അത് തന്നെയും പിന്‍വലിക്കാന്‍ വേണ്ടി ദൂരെയുള്ള ബാങ്ക് ശാഖകളിലേക്ക് പോകുകയും വേണം. ഇനി ഇങ്ങനെ കിട്ടുന്ന പണംകൊണ്ട് പുറത്തു നിന്നും കൂടിയ വിലക്ക് മണ്ണെണ്ണ വാങ്ങാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുന്നുമില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഒരു കമ്മറ്റി നടത്തിയ സര്‍വെയില്‍ അവിടുത്തെ 75% ആള്‍ക്കാരും അവര്‍ക്ക് പഴയത് പോലെ അടുത്തുള്ള റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ ലഭിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. ജനങ്ങള്‍ക്ക്‌ സഹായമാകുന്നതിനു പകരം എങ്ങനെ സഹായം നല്കാതിരിക്കാം എന്നാണു പദ്ധതി ആസൂത്രണം ചെയ്തവര്‍ ചിന്തിക്കുന്നത് എന്നാണു ഈ കമ്മറ്റി പരാമര്‍ശിച്ചത്. 70% ത്തോളം ഇന്ത്യക്കാരും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലെ ബാങ്കിംഗ് സംവിധാനം വളരെ പരിതാപകരമായ സ്ഥിതിയിലാണ്. 1992 നു ശേഷം 26,000 ഗ്രാമീണ ബാങ്കുകള്‍ അടച്ചു പൂട്ടി എന്ന് പറയുന്നു, മറ്റു കൊമേര്‍ഷ്യല്‍ ബാങ്കുകള്‍ക്ക് സാമൂഹിക ക്ഷേമ ബാങ്കിങ്ങില്‍ താല്പര്യവുമില്ല, ഗ്രാമീണര്‍ക്ക് പണമെത്തിക്കുന്നതില്‍ ഇതൊരു വലിയ പരിമിതിയാണ്.

വിലക്കയറ്റവുമായി സബ്സിഡിയെ ബന്ധപ്പെടുത്തി ഇന്‍ഡക്സിങ്ങ് നടത്തൂന്നതിനെക്കുറിച്ചു ഇതുവരെയും തീരുമാനിച്ചിട്ടില്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ ജീവിതരീതിയിലും ഭക്ഷണരീതിയിലും ഉള്ള വത്യാസവും അത് കാരണമുണ്ടാകുന്ന ജീവിത ചിലവിലെ വത്യാസവും പണത്തിന്റെ മൂല്യത്തില്‍ ഒരുപോലെ ആകണമെന്നില്ല. ഇതൊന്നും കണക്കാക്കാതെയാണ് സഹായങ്ങള്‍ക്കും സാധനങ്ങള്‍ക്കും പകരം പണം നല്‍കാം എന്ന് പറയുന്നത്. കര്‍ഷകരുടെ സാമൂഹിക സുരക്ഷയിലും, വില നിയന്ത്രണത്തിലും, അടിയന്തിര ഘട്ടങ്ങളില്‍ ക്ഷാമ പ്രദേശങ്ങളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുന്നതിലും ഒക്കെത്തന്നെ ഇന്ത്യയിലെ പൊതു വിതരണ സമ്പ്രദായം സഹായകമാകുന്നുണ്ട്. തല്‍ക്കാലത്തേക്ക് ഇല്ലാ എന്ന് പറയുന്നെങ്കിലും, ഭകഷ്യ പൊതു വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം ചേര്‍ത്തു കാണേണ്ട വേറൊന്നുണ്ട്‌ പ്രതിവര്‍ഷം 6 കോടി ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ സര്‍ക്കാര്‍ താങ്ങ് വില കൊടുത്ത് കര്‍ഷകരില്‍ നിന്നും വാങ്ങുന്നുണ്ട്. പൊതു വിതരണം ശക്തിപ്പെടുന്നിലെങ്കില്‍ പിന്നെ താങ്ങ് വില കൊടുത്ത് കര്‍ഷകരില്‍ നിന്നും ധാന്യങ്ങള്‍ വാങ്ങേണ്ട ആവശ്യവും ഇല്ലാതാകും. ഈ പ്രവണത കര്‍ഷകരെ എത്രത്തോളം ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ? സ്വകാര്യ കുത്തക കമ്പനികളുടെ ലാഭക്കൊതിക്ക് മുന്‍പില്‍ ഇന്ത്യന്‍ കര്‍ഷകര്‍ പകച്ചു നില്‍ക്കേണ്ട ഒരു അവസ്ഥയാകും ഇതുമൂലം ഉണ്ടാകുക.

ഇന്ത്യയില്‍ സാമൂഹിക ക്ഷേമ രംഗത്ത് നേരിട്ടുള്ള പണം കൈമാറ്റത്തിനുവേണ്ടി (Direct Cash Transfer) വേള്‍ഡു ബാങ്കും ഐക്യ രാഷ്ട്ര സഭയുടെ UNDP യും കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. UNDP ഇതിനായി ഒരു റിസേര്‍ച് പേപ്പറും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. DCT നടപ്പാക്കുന്നതിലൂടെ വര്‍ഷത്തില്‍ ഇരുപതിനായിരം കോടി രൂപയുടെയെങ്കിലും നേട്ടം സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേള്‍ഡു ബാങ്ക് കാണിക്കുന്ന താല്പര്യം ഇതില്‍ നിന്നും തന്നെ വ്യക്തമാണ്. വിതരണ രംഗത്തിലെ ചോര്‍ച്ചയും അഴിമതിയും ഒഴിവാക്കാനാവുന്നതിലൂടെ ആണ് ഇത് സാധ്യമാകുന്നത് എന്നാണു അവര്‍ വാദിക്കുന്നത്, എന്നാല്‍ ഇത് എലിയെ പേടിച്ചു ഇല്ലം ചുടുന്നത് പോലെയാണ്. ഒരാള്‍ക്ക്‌ ഒന്നിലധികം അക്കൗണ്ടുള്ളതും വിതരണത്തിലെ ചോര്‍ച്ചകളും ഒക്കെത്തന്നെ റിക്കാര്‍ഡുകള്‍ കമ്പ്യൂട്ടറിലാക്കുന്നതിലൂടെയും ബയോമട്രിക് സംവിധാനങ്ങളിലൂടെയും പരിഹരിക്കാവുന്നതേയുള്ളൂ. അല്ലാതെ അഴിമതി ഭയന്ന് നടപടി ക്രമങ്ങള്‍ മാറ്റിയാല്‍ അഴിമതി ഫലത്തില്‍ ഇല്ലാതാകില്ല പകരം സ്ഥാനം മാറുകയെ ഉള്ളൂ.

ബ്രസീല്‍, കൊളുംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ വിജയ കഥകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യയിലും നേരിട്ട് പണക്കൈമാറ്റം (DCT) സാമൂഹിക വികസന രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പറയുന്നത്. ഈ പറഞ്ഞ രാജ്യങ്ങളില്‍ വികസന പദ്ധതികളുടെ എണ്ണവും അത് ക്ഷ്യമാക്കിയ ജനങ്ങളുടെ എണ്ണവും വളരെക്കുറവായിരുന്നു. നാം പ്രചോദനം നേടാന്‍ നോക്കുന്ന ലാറ്റീന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 80% ജനങ്ങളും നഗരങ്ങളിലാണ് താമസ്സിക്കുന്നത്‌, ഏതാണ്ട് 5% ജനങ്ങളാണ് ദരിദ്രരായിട്ടുള്ളത്. ഇന്ത്യയില്‍ ദരിദ്രര്‍ 46% ത്തോളമാണ്. ജാതിയില്‍ അധിഷ്ടിതമായ ഉച്ച നീചത്തം, സ്ത്രീ പുരുഷ വിവേചനം, അഴിമതി എന്നിവ ഇന്ത്യയുമായി താരതമ്യ ചെയ്യുമ്പോള്‍ ലാറ്റീന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വരെക്കുറവുമാണ്, ഇത്തരം സാഹചര്യ ത്യാസങ്ങള്‍ ബോധപൂര്‍വം ശ്രദ്ദിക്കാതെയാണ് വേള്‍ഡു ബാങ്കും UNDP യും DCT ക്കായി ലോബി ചെയ്യുന്നത്. നമ്മുടെ പ്ലാനിംഗ് കമ്മീഷനും ഈ വഴിക്ക് തന്നെയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്. ലാറ്റീന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ കെട്ടുറപ്പുള്ളതാണ്, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി പരിതാപകരമാണ്. ഈ സാഹചര്യം നിലനില്ക്കുമ്പോള്‍ നേരിട്ട് പണം കൈമാറ്റം ചെയ്യുന്നത് അപകടകരമാണ്. സ്ത്രീകളുടെ ക്ഷേമം ഉദ്ദേശിച്ചുള്ള പദ്ധതികള്‍ക്ക് പകരം പണം നല്‍കിയാല്‍ അത് പുരുഷന്‍മാരുടെ കൈകളിലാകും എത്തിച്ചേരുക എന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും ഭയപ്പെടുന്നു, കാരണം ഇന്ത്യന്‍ സാഹചര്യം അങ്ങനെയാണ്.

ഇന്ത്യയിലെ പകുതിയോളം ജനങ്ങളും സാര്‍ക്കാരിന്റെ സഹായങ്ങള്‍ കൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്നവരാണ്. ബദല്‍ സംവിധാനങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അത് ചിന്തിച്ചും പഠിച്ചും ചെയ്യേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ പണം നല്‍കാം എന്ന് പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ ഒഴിഞ്ഞു പോക്കായി മാറും. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയാക്കുന്നതിനു പകരം മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് അഴിമതിയുടെ രൂപം മാറ്റുമെന്നല്ലാതെ അഴിമതിയും കെടു കാര്യസ്തതയും ഇല്ലാതാക്കില്ല. എന്ന് മാത്രമല്ല ലാഭത്തില്‍ മാത്രം വിശ്വസിക്കുന്ന സ്വകാര്യ സംരംഭകരുടെ മുന്‍പിലേക്ക് ദരിദ്രരെ  തള്ളി വിടുന്ന ക്രൂരതയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങുന്നത്.  താല്‍കാലിക നേട്ടങ്ങള്‍ക്കോ, ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ക്കോ വിധേയമായി സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട് പോകുന്നത് ന്യായീകരിക്കാവുന്നതല്ല.

1 comment:

  1. അതെ, സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോകുകയല്ല വേണ്ടത്...
    ഭംഗിയായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete