വയനാട്ടിലേക്കിറങ്ങിയ ഒരു കടുവയും അതിനെ ചുറ്റിപറ്റിയുള്ള പ്രതിഷേധ സമരങ്ങളും, ഒടുവില്‍ അന്തിമ വിജയം നാട്ടുകാര്‍ നേടുന്നതും കഴിഞ്ഞ ചില ആഴ്ചകളായി നാമെല്ലാം കണ്ടു. വയനാട്ടിലെ തിരുനെല്ലി ഗ്രാമത്തിലേക്ക് ഒരു കടുവ ഇറങ്ങി ചില വളര്‍ത്തു മൃഗങ്ങളെ പിടിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. സര്‍ക്കാരും വനപാലകരും പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കാണാന്‍ സാധിച്ചില്ല. ഇതിനോടകം ജനകീയ സമരത്തില്‍ രാഷ്ട്രീയം പക്ഷം പിടിച്ചു. പത്ര ദൃശ്യ മാധ്യമങ്ങളും ഇതൊരാഘോഷമാക്കി. ഇതിനിടെ കെണി വെച്ച് പിടിച്ച ഒരു കടുവയെ കുറിച്യാട് റേന്‍ജില്‍ തുറന്നു വിട്ടതും പ്രധിഷേധത്തിനു കാരണമായി, നാട്ടില്‍ വീണ്ടും ഇറങ്ങിയ കടുവ അത് തന്നെയാണെന്ന് ചില അഭിപ്രായങ്ങളുണ്ടായി. കടുവയുടെ ശല്യം തുടര്‍ന്ന് കൊണ്ടിരുന്നതിനാല്‍ അതിനെ കെണി വെച്ച് പിടിക്കാനോ മയക്കു വെടി വെക്കാനോ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലുവാന്‍ തന്നെയോ സര്‍ക്കാരും വനപാലകരും ചേര്‍ന്ന് തീരുമാനിച്ചു. മനുഷ്യനും കടുവയും തമ്മിലുള്ള ഈ കലഹത്തിനോടുവില്‍ കടുവ വെടിയേറ്റ് കൊല്ലപ്പെട്ടു.
110 ഓളം കോളനികളാണ് വയനാട്ടിലെ വന്യമൃഗ സങ്കേതത്തില്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നത്, വേറെ 20 കോളനികള്‍ വന്യമൃഗ സങ്കേതത്തിന്റെ കോര്‍ ഭാഗത്തുള്ളതായും പറയപ്പെടുന്നു. അത് കൊണ്ട് മനുഷ്യനും മൃഗവും തമ്മിലുള്ള കലഹങ്ങള്‍ (man-animal conflict) ഈ പ്രദേശത്തു സാധാരണമാണ്. കിടങ്ങ് കുഴിക്കുക, ഭിത്തി കെട്ടുക വൈദുതി കമ്പി വേലി കെട്ടുക തുടങ്ങിയ പദ്ധതികള്‍ പരിഹാരമെന്നോണം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ഇതൊന്നും ഫലവത്താകാത്ത സന്ദര്‍ഭങ്ങളില്‍ നഷ്ടപരിഹാരമായി സര്‍ക്കാര്‍ പണം നല്‍കാറുണ്ട്. എന്നിരുന്നാലും ശാശ്വത പരിഹാരമെന്ന നിലയില്‍ അപകട മേഘലയില്‍ താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി മാറ്റി പാര്‍പ്പിക്കണമെന്നും 1986 ല്‍ ഒരുത്തരവിലൂടെ കേരള ഹൈക്കോടതി പറയുകയുണ്ടായി. 10 ലക്ഷം രൂപാ പുനരധിവാസത്തിനുള്ള സഹായമായി ഒരു കുടുംബത്തിനു നല്‍കാന്‍ കേന്ദ്ര സക്കാരിനു വകുപ്പുകള്‍ ഉണ്ട്, ബാക്കി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. സ്ഥലത്തിനു വിലക്കൂടുതലുള്ള കേരളത്തില്‍ ഇത് ഒരു വലിയ തുകയല്ലെങ്കിലും അവിടെയുള്ള കുടുംബങ്ങള്‍ ഒഴിഞ്ഞു പോകാന്‍ സമ്മതമുള്ളവരാണ്. അത് വഴി 1700 ഏക്കര്‍ ഭൂമി തിരികെ വനഭൂമിയായി മാറുകയും ചെയ്യും. എന്നാല്‍ ഇത് സാധ്യമാകാന്‍ സര്‍ക്കാര് ഭാഗത്ത് നിന്നും ഇനിയും നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇന്ത്യയിലാകെയുള്ള 41 ടൈഗര്‍ റിസര്‍വ് വനങ്ങളിലായി 1706 കടുവകളുളളതായാണ് ഏറ്റവും ഒടുവിലത്തെ കണക്കുകളില്‍ പറയുന്നത്. ഇത് കൂടാതെ 5 കടുവ സങ്കേതങ്ങള്‍ കൂടി പ്രാഥമികമായി അംഗീകരിച്ചിട്ടുണ്ട് വേറെ 6 വന പ്രദേശങ്ങള്‍ കൂടി ഇതിനായി നിര്‍ദ്ദേശിക്കാന്‍ അതാതു സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൊന്നും വയനാട് വന്യമൃഗ സങ്കേതം വന്നിട്ടില്ല. നമ്മുടെ ദേശീയ മൃഗമായ കടുവയെ സംരക്ഷിക്കുന്നതിലൂടെ അത് അതിവസിക്കുന്ന പ്രദേശത്തെ ആവാസ വ്യവസ്ഥയെ തന്നെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുന്നത്. വേറൊരു വിധത്തില്‍ നോക്കിയാല്‍ കടുവ സംരക്ഷണം വന സംരക്ഷണം തന്നെയാണ്. അതാണ് കടുവ സംരക്ഷണത്തിനു ഇത്രയധികം പണവും ശ്രദ്ധയും ലഭിക്കാന്‍ കാരണം. പറമ്പികുളം ടൈഗര്‍ റിസെര്‍വ് തന്നെ ഉദാഹരണമായി നമുക്ക് കാണാന്‍ കഴിയും. പറമ്പികുളം ടൈഗര്‍ റിസെര്‍വ് അതിന്റെ പ്രവര്‍ത്തന മികവു കാരണം ദേശീയ ശ്രദ്ദ നേടിയിരിക്കുകയാണ്. വനത്തിന്റെ കോര്‍ ഭാഗത്തേക്ക് പ്രവേശനം നിയന്ത്രിച്ചുകൊണ്ട് കൃത്യമായ ബഫര്‍ സോണില്‍ എക്കോ ടൂറിസം അനുവദിക്കുക വഴി തദ്ദേശീയരായ ആദിവാസികള്‍ക്ക് വരുമാനം നേടാന്‍ അവസരം ഉണ്ടാകുന്നു. 2004 നു ശേഷം ഇവിടെ മൃഗ വേട്ട റിപ്പോര്‍ട്ടു ചെയ്തിട്ടില്ല, 2007 നു ശേഷം കാട്ട് തീയും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. man-animal conflict തീരയില്ല, വയനാട്ടിലെ ജന ജീവിതം ഇത് പോലെ അല്ലെങ്കിലും പറമ്പികുളത്തെ നേട്ടങ്ങള്‍ ഒരു പാഠം ആകേണ്ടതാണ്.
344.44 Sq . കിലോ മീറ്ററുള്ള വയനാട് വന്യമൃഗ സംരക്ഷണ സങ്കേതത്തില്‍ 80 ഓളം കടുവകളും 10 കുട്ടി കടുവകളും ഉള്ളതായി കണക്കാക്കുന്നു. മാത്രമല്ല ഈ വനപ്രദേശം ബന്ദിപൂര്‍, മുതുമലൈ തുടങ്ങിയ ടൈഗര്‍ റിസര്‍വ് വന പ്രദേശങ്ങളുടെ തുടര്‍ച്ചയായിട്ടുള്ളതുമാണ്. അങ്ങനെ വരികില്‍ ഈ ഭാഗം ഒരു കടുവ റിസര്‍വ് ആയി പ്രഖ്യാപിക്കാന്‍ എല്ലാ സാധ്യതകളും ഉള്ള ഒരു വന പ്രദേശം ആണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ വയനാട് വന്യമൃഗ സങ്കേതത്തെ ഒരു ടൈഗര്‍ റിസേര്‍വായി കേന്ദ്ര ഗവര്‍ന്മേന്റിനു പ്രഖ്യാപിക്കാനാകും. ഇങ്ങനെ ഒരു തീരുമാനം എടുക്കാതിരിക്കാനുള്ള പ്രധാനകാരണം ആ പ്രദേശത്തെ man-animal conflict ആണ്. ഈ പശ്ചാത്തലത്തിലാണ് വയനാട്ടിലെ പൂര്‍വാധികം ശക്തമായ പ്രതിഷേധ സമരങ്ങളെ വിലയിരുത്തേണ്ടത്. മൃഗ സംരക്ഷണമാണോ, അതോ മനുഷ്യ സംരക്ഷണമാണോ സര്‍ക്കാരിന് പ്രധാനം എന്ന ഒരു ചോദ്യം ഉയരുന്ന വിധം കാര്യങ്ങള്‍ കൊണ്ടെത്തിച്ചതില്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
വയനാട്ടിലെ വന്യമൃഗ സങ്കേതത്തെ ഒരു ടൈഗര്‍ റിസേര്‍വ് ആയി പ്രഖ്യാപിച്ചാല്‍ അത് ദോഷമായി വരിക പ്രധാനമായും വനം കയ്യേറ്റക്കാരെയും വനത്തില്‍ റിസോര്‍ട്ടുകളും മറ്റും നടത്തുന്നവരെയും പിന്നെ അവിടുത്തെ റിയല്‍ എസ്റ്റേറ്റില്‍ താല്പര്യമുള്ളവരെയും ആണ്. ഇങ്ങനെയുള്ള കാരണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഇത്തരം തല്പര കക്ഷികള്‍ വയനാട്ടിലെ ജനങ്ങളെ വ്യാജ പ്രചാരണത്തിലൂടെ ഉപയോഗിച്ചതാണോ എന്ന സംശയം ബാക്കിനില്‍ക്കുകയാണ്. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്.
കടുവയുമായും വനവുമായും ബന്ധപ്പെട്ട സത്യം ദോഷമായി ബാധിക്കുന്നവര്‍ വലിയ കിടുവകളായതുകൊണ്ട് സര്‍ക്കാരിനു യാതൊന്നും ഇക്കാര്യത്തില്‍ ചെയ്യാന്‍ പറ്റില്ല...
ReplyDelete