Wednesday 12 December 2012

വാള്‍മാര്‍ട്ടും ഇന്ത്യയും പിന്നെ 125 കോടി രൂപയും


ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലേക്ക് കടന്നു വരുന്നതിനു വേണ്ടുന്ന നിയമസാധുത നേടിയെടുക്കാനായി 2008 മുതല്‍ വാള്‍മാര്‍ട്ട് ശ്രമം തുടങ്ങിയതാണ്‌ അതിനു വേണ്ടി ഇത് വരെ 125 കോടി രൂപയാണ് ചിലവാക്കിയിട്ടുള്ളത്‌, വാള്‍മാര്‍ട്ട് US സെനറ്റിന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണിത് പറയുന്നത്.   ഈ വിവരം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ രണ്ടു പരമോന്നത നിയമനിര്‍മാണ സഭകളിലും വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി. വാള്‍മാര്‍ട്ട് മാത്രമല്ല അത് പോലെ വേറെയും ചില കമ്പനികള്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലേക്ക് കടന്നുവരാന്‍ കാത്തു നില്‍ക്കുകയാണ് അവരും ഒരു പക്ഷെ ഇത് പോലെയുള്ള തുകകള്‍ “ലോബിയിംഗ്” നായി ചിലവാക്കിയിട്ടുണ്ടാകാം. ഇത്രയും വലിയ തുക ചിലവാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് വ്യവസായ താല്പര്യങ്ങളല്ലാതെ മറ്റൊന്നുമല്ല. തുകയുടെ വലിപ്പം നോക്കിയാല്‍ അവര്‍ക്ക് ലഭ്യമായെക്കാവുന്ന പ്രയോജനങ്ങളുടെ വ്യാപ്തിയുടെ സൂചനകള്‍ കാണാം.
ഇന്നത്തെ ഇന്ത്യന്‍ ഭരണ വ്യവസ്തയില്‍ അഴിമതിയും കോഴയും മറ്റും ആയിരം കോടി രൂപകളിലാവുംപോളാണ് നാം അസ്വസ്ഥതകള്‍ കാട്ടുന്നത്. ആ നിലക്ക് 125 കോടി രൂപ അതും 4 കൊല്ലം കൊണ്ട് ചിലരുടെയൊക്കെ കയ്യിലെത്തിപ്പെട്ടത്‌ നമ്മുടെ ക്ഷമയെ പരീക്ഷിക്കാന്‍ മതിയാകുന്നതല്ല. പക്ഷെ അതെന്തിന് വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുംപോളാണ് കുറ്റം അക്ഷന്തവ്യമാകുന്നത്. ഇന്ത്യയുടെ തുടര്‍ന്നുള്ള വികസനത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു നയ രൂപീകരണമണ് ചില്ലറ വ്യാപാര മേഖലയില്‍ 51% വിദേശ നിക്ഷേപം അനുവദിക്കുക വഴി നാം കൈവരിക്കുന്നത് എന്നാണു ഒട്ടുമിക്ക സാമ്പത്തിക വിദഗ്ദ്ധരും നിയമനിര്‍മ്മാണക്കാരും പിന്നെ വാര്‍ത്താ കച്ചവിടക്കാരും നമ്മെ പറഞ്ഞു പഠിപ്പിച്ചത്. ഇങ്ങനെ പഠിച്ചതെല്ലാം തെറ്റിപ്പോയോ എന്ന സംശയമാണ് വാള്‍മാര്‍ട്ടിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നത്. പകുതിയിലധികം ജനങ്ങളും പട്ടിണിപ്പാവങ്ങളായ ഇന്ത്യയില്‍ അവരുടെ ഉന്നമനത്തെ  ലക്‌ഷ്യം വെക്കുന്ന ഒരു നയ രൂപീകരണത്തിനു വേണ്ടി എന്തിനു വാള്‍മാര്‍ട്ടു ലോബി ചെയ്യണം? അങ്ങനെയാണെങ്കില്‍ എല്ലാ ഇന്ത്യക്കാരുടെയും ജീവിത രീതിയേയും 20 കോടിയോളം ഇന്ത്യക്കാരുടെ ജീവിതമാര്‍ഗത്തെയും മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഒരു നയരൂപീകരണം നടത്തിയേ തീരൂ എന്ന് വാശിപിടിച്ച കേന്ദ്ര സര്‍ക്കാര്‍ ആരുടെ താല്പര്യമാണ് സംരക്ഷിച്ചതു എന്ന് വെളിവാകുകയാണ്. വിദേശ താല്പര്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ ദേശ താല്പര്യങ്ങള്‍ ഒറ്റുക്കൊടുക്കുന്നതാണ് രാജ്യദ്രോഹമെങ്കില്‍ ഈ നയ രൂപീകരണം ആ വഴിയിലൂടെ കടന്നു പോയോ എന്ന് സംശയിക്കാനിടയാകുന്നു.
UPA യില്‍ നിന്ന് പിന്തുണ പിന്‍വലിച്ച മമത ബാനര്‍ജിയെ ഉടന്‍ തന്നെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ കല്‍ക്കട്ടയില്‍ പോയിക്കണ്ടത് അമേരിക്ക ഇവിടെ നടത്തിയ ലോബിയിംഗ് ന്റെ വേറൊരു മുഖമാണ്. അതിനും കുറച്ചു മുന്‍പ് മേയ് മാസം ആദ്യം US സക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്‍റണ്‍ കല്‍ക്കട്ടയില്‍ പോയതിനും പ്രധാനകാരണം ഈ ലോബിയിംഗ് തന്നെ. ഇന്ത്യയിലെ രണ്ടു സഭകളിലും ചില്ലറ വ്യാപാരത്തില്‍ 51% വിദേശ നിക്ഷേപത്തിനനുകൂലമായ അഭിപ്രായം സാങ്കേതികമായിട്ടെങ്കിലും ഉണ്ടായതിനു ശേഷമാണ് വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. ഒരു അന്വേഷണം നടത്തണം എന്ന പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒടുവില്‍ സര്‍ക്കാര്‍ അതിന്നു തയ്യാറാണെന്ന് കേന്ദ്രമന്ത്രി കമല്‍ നാഥ് പറഞ്ഞിരിക്കുകയാണ്. അന്വേഷണം പെട്ടെന്ന് തന്നെ നടത്തുകയും ആരെങ്കിലും പണം പറ്റിയെന്നു തെളിയുകയാണെങ്കില്‍ അവരെ രാജ്യദ്രോഹിയായി കണ്ടു ശിക്ഷിക്കുകയുമാണ് വേണ്ടത്.

1 comment:

  1. അതൊക്കെ പറയുക മാത്രമല്ലേ ഉണ്ടാവൂ? ഒന്നും നടപ്പിലാവില്ലല്ലോ.

    ReplyDelete