Wednesday, 5 December 2012

ഉദാരതയുടെ രണ്ടാം തിരയിളക്കം, അല്പം രാഷ്ട്രീയം


1991 ജൂലൈ 21 നു തന്റെ ചരിത്രം സൃഷ്ടിച്ച ബഡ്ജറ്റു പ്രസംഗം ഉപസംഹരിച്ചു കൊണ്ടു മന്‍മോഹന്‍ സിംഗ് പറഞ്ഞത് നാം തുടങ്ങിവെച്ച ഈ യാത്ര ദുര്‍ഘടം പിടിച്ചതാണ് അതിലെ പ്രയാസങ്ങളെ കുറച്ചു കാണാന്‍ ശ്രമിക്കുന്നില്ല എന്നാണു. രണ്ടാഴ്ചത്തേക്ക് മാത്രം നീക്കിയിരുപ്പ് പണം അവശേഷിച്ചിരുന്ന ഒരു രാജ്യത്തിലെ ജനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് മുന്നോട്ടു പോകാന്‍ അന്ന് തയ്യാറായിരുന്നു. പക്ഷെ പിന്നീട് കാലം തെളിയിച്ച വസ്തുത വേറൊന്നാണ്, ഒരു വിഭാഗം ജനങ്ങള്‍ മാത്രമായിരുന്നു യാത്രയിലെ ദുര്‍ഘടം പേറിയത്, കുത്തക കമ്പനികള്‍ക്കും ധനാഡ്യര്‍ക്കും യാത്ര സുഗമമായിരുന്നു. 1991 നും 2011 നും ഇടയ്ക്ക് ശരാശരി ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7% ആയിരുന്നെങ്കില്‍ ഈ കാലത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ച 2 .8% മാത്രമായിരുന്നു. പകുതിയിലധികം ജനങ്ങളും കര്‍ഷകരായിട്ടുള്ള ഒരു രാജ്യത്തെ വളര്‍ച്ചയുടെ ഈ അസന്തുലിത ഇന്ത്യ ഒട്ടാകെ ഭീമമായ തോതില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിനു ഇടവരുത്തി. ലോകത്തിലെ പത്താമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യ, 2011 ലെ മാനവ വികസനത്തിന്റെ അളവുകോലില്‍ (Human Development Index) 187 രാജ്യങ്ങളുടെ പട്ടികയില്‍ 134 ആം സ്ഥാനത്തു നില്‍ക്കുന്നു എന്നത് നാം കടന്നു വന്ന പാതയുടെ പ്രത്യേകത അടിവരയിടുന്നതാണ്.
1991 ല്‍ നരസിംഹ റാവു മന്ത്രിസഭയിലേക്ക് മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായി വരുമ്പോള്‍ അദ്ദേഹം കുത്തക മുതലാളിമാര്‍ക്കും അമേരിക്കന്‍ നയ രൂപീകരണ വിദഗ്ദര്‍ക്കും പ്രിയങ്കരനായിരുന്നു. അന്ന് തൊട്ടിന്നുവരെക്കും അതങ്ങനെ തന്നെയാണ് താനും. എന്നാല്‍ ഒന്നാം യുപിഎയിലെ ഇടതുപക്ഷ സ്വാധീനവും രണ്ടാം യുപിഎയിലെ പ്രായോഗിക രാഷ്ട്രീയാചാര്യനായ പ്രണാബ് മുക്കര്‍ജിയുടെ വ്യക്തി പ്രഭാവവും മന്‍മോഹന്‍ സിംഗിന് തന്റെ സാമ്പത്തിക ശാസ്ത്ര വൈഭവം പ്രയോഗവത്കരിക്കുന്നതില്‍ തടസ്സങ്ങളായിനിന്നു. അങ്ങനെയിരിക്കെയാണ് കുടങ്കുളം അണു നിലയത്തിന് നേരെയുള്ള എതിര്‍പ്പിനു പിന്തുണ നല്‍കുന്നു എന്ന് പറഞ്ഞു അമേരിക്കയെ കുറ്റപ്പെടുത്താന്‍ മന്‍മോഹന്‍ സിംഗ് നിര്‍ബന്ധിതനായത്. അതോടൊപ്പം തന്നെ ഉദാരവത്കരണത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നടപടികളുടെ കാലതാമസ്സവും കൂടിച്ചേര്‍ന്നപ്പോള്‍ അമേരിക്കന്‍ ലോബിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഈ ഒരു സന്ദര്‍ഭത്തിലാണ് വാഷിഗ്ടണ്‍ പോസ്റ്റ് മന്‍മോഹന്‍ സിംഗിനെ കഴിവില്ലാത്തവനെന്നു വിളിക്കാന്‍ തുനിഞ്ഞത്. നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാനുള്ള മന്‍മോഹന്‍ സിംഗിന്റെ തത്ത്രപ്പാടാണ് തുടര്‍ന്ന് നാം കണ്ടത്.
ഉദാര വത്കരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ചെറുകിട വ്യാപാരത്തിലെ വിദേശ നിക്ഷേപം 51 % ആയിട്ടുയര്‍ത്തിയപ്പോഴും തുടര്‍ന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദേശനിക്ഷേപം 26% ല്‍ നിന്ന് 49% ആക്കിയപ്പോഴും പ്രധാന പ്രതിപക്ഷമായ BJP യുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അവര്‍ക്ക് നയപരമായി കോണ്‍ഗ്രസ്സുമായി വലിയ ഭിന്നതയില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു. വാജ്പായി പ്രധാനമന്ത്രി ആയിട്ടിരുന്ന കാലത്ത് പൊതു മേഖലയിലെ നിക്ഷേപങ്ങള്‍ വിറ്റഴിക്കുന്നതിനു മാത്രമായി ഒരു മന്ത്രാലയവും അവിടെ ക്യാബിനറ്റ് മന്ത്രിയായി അരുണ്‍ ഷൌരിയുമുണ്ടായിരുന്നു. അദ്ദേഹത്തിനു ചെറുകിട വ്യാപാരത്തിലെ വിദേശ നിക്ഷേപത്തിനനുകൂലമായി രംഗത്ത് വരാതിരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍  BJP അത് കാര്യമായിട്ടെടുത്തില്ല മാത്രമല്ല അങ്ങനെയുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ടിയില്‍ ഉണ്ടാകാം പക്ഷെ BJP യുടെ നിലപാട് അതല്ല എന്ന ഒരു മൃദു സമീപനമാണവര്‍ എടുത്തത്. വിദേശനിക്ഷേപം 49% ത്തില്‍ നിന്ന് 51%മാകുമ്പോള്‍ ഉണ്ടാകുന്ന നയപരമായ വത്യാസം 26% ത്തില്‍ നിന്ന് 49% ആകുമ്പോള്‍ ഇല്ല എന്നിരിക്കെ ഇന്‍ഷുറന്‍സ് രംഗത്തെ നിക്ഷേപ വര്‍ധന എതിര്‍ക്കുക വഴി പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുക മാത്രമാണ് BJP ചെയ്തത്.
ഉദാര വത്കരണത്തിന്റെ അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ടുന്ന നടപടികളെക്കുറിച്ച് വിജയ്‌ കേല്‍ക്കര്‍ കമ്മിറ്റി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. അതില്‍ പ്രധാനമായിട്ടു പറയൂന്നത് എല്ലാത്തരം സബ്സിഡികളും നിര്‍ത്തലാക്കണമെന്നാണ്. ഇത് സാധാരണക്കാരനെ എത്രത്തോളം ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ വലിയ സാമ്പത്തിക വിജ്ഞാനമൊന്നും വേണ്ട. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഒന്നാം ഘട്ടത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു, തെറ്റുകള്‍ തിരുത്തിയുള്ള ഒരു നയ രൂപീകരണം തുടര്ന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചവര്‍ക്ക്‌ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഒന്നാം UPA യുടെ അവസാന കാലത്ത് ഇന്ത്യ-അമേരിക്ക അണുശക്തി കരാറിനോട് ഇടതുപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഭരണത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നാലും കരാറൊപ്പുവെക്കും എന്നാണു. ഇത് പോലെ ഒരു ഉറച്ച തീരുമാനം അദ്ദേഹം പിന്നീട് എടുത്തത് ഉദാരവത്കരണത്തിന്റെ രണ്ടാം തിരയിളക്കത്തോട് എതിര്‍പ്പുമായി മമത ബാനര്‍ജി രംഗത്ത് വന്നപ്പോള്‍ മാത്രമാണ്. ഈ ഒരു ധാര്‍ഷ്ട്യം ലോക്പാല്‍ ബില്ലിന്റെയോ ഭക്ഷിയ സുരക്ഷ ബില്ലിന്റെയോ ഒക്കെ കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രിക്കില്ലാതെ പോയത്, അധികാരം കയ്യാളുന്നവര്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്ന തിരിച്ചറിവാണ് നല്‍കുന്നത്.

1 comment:

  1. ഈ ലേഖനം വളരെയേറെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍.
    വിദര്‍ഭയില്‍ നിന്നും ഗോദാവരി തടത്തില്‍ നിന്നും ഉദാരവല്‍ക്കരണത്തിന്‍റെ ഒത്തിരി ഇരകള്‍ ദില്ലിയില്‍ കല്ലും കട്ടയും ചുമക്കാന്‍ അടിഞ്ഞു കൂടിയിരുന്നു എന്‍റെ കൂട്ടുകാരായി.... അവര്‍ക്കും അറിയാമായിരുന്നു അധികാരം കയ്യാളുന്നവര്‍ ആര്‍ക്കൊപ്പമാണെന്ന്...

    ReplyDelete