ചില്ലറ വില്‍പനയിലെ വിദേശ നിക്ഷേപം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയില്‍ മികച്ച കാല്‍ വെയ്പ്പാകും എന്നാണു ചില സാമ്പത്തിക ആചാര്യന്മാരും, ഊഹാക്കച്ചവിട്ക്കാരും, പിന്നെ കുറച്ചു ചാനല്‍ ഗുരുക്കന്മാരും നമ്മെ പറഞ്ഞു പഠിപ്പിക്കുന്നത് . എന്നാല്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഒഴിച്ചു നമ്മുടെ രാഷ്ട്രീയക്കാരിലെ വലിയ പങ്കും അങ്ങനെ പരസ്യമായി പറയാന്‍ ധൈര്യപ്പെടുന്നില്ല. പുതിയ ഉദാരവത്കരണ നയങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ടി പിന്തുണ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ കോണ്ഗ്രസ്സുകാര്‍ക്ക് അത് സ്വീകാര്യമല്ല, കാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അതിനനുയോജ്യമല്ല, സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് അവര്‍ വ്യാകുലപ്പെടുന്നുമില്ല. 10 ലക്ഷത്തിലധികം ജനങ്ങള്‍ ഉള്ള 7 പട്ടണങ്ങള്‍ കേരളത്തിലുണ്ട്. ഉത്തര്‍ പ്രദേശോഴികെ മറ്റു സംസ്ഥാനങ്ങളിലൊന്നും ചില്ലറ വില്‍പനയിലെ വിദേശ നിക്ഷേപത്തിനു സാധ്യതയുള്ള ഇത്രയും പട്ടണങ്ങളില്ല. അത് കൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമെന്നുറപ്പാണ്.
UPA യില്‍ നിന്ന് പിന്തുണ പിന്‍വലിച്ച മമതയെ ഉടന്‍ തന്നെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ കല്‍ക്കട്ടയില്‍ പോയിക്കണ്ടത് പുതിയ നയങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്, കാശ്മീരിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നു തീരുമാനിക്കേണ്ടത് മമതയോ മുലായംമോ അല്ല എന്നാണു. നമ്മുടെ പ്രാദേശിക രാഷ്ട്രീയം പോകുന്ന വഴിയെക്കുറിച്ചു ഇതില്‍ സൂചനകളുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപത്തിന്റെ നല്ല വശങ്ങളാകും പ്രത്യക്ഷമാകുക നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷമാകും പ്രശ്നങ്ങള്‍ മറ നീക്കി പുറത്തു വരിക അതു കൊണ്ടായിരിക്കാം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൊതു തിരഞ്ഞെടുപ്പു വരാനിരിക്കെ കോണ്‍ഗ്രസ്സു ഈ നയവുമായി മുന്‍പോട്ടു പോകാന്‍ കാരണം. ചില്ലറ വില്‍പനയിലെ 51% വിദേശ നിക്ഷേപം ഒരു പക്ഷെ നമ്മുടെ വരുംകാല ജീവിത ശൈലിയെത്തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുള്ളതാണ്, അത് കൊണ്ട് തന്നെ ഒരു പരിശോധന ആവശ്യവുമാണ്.
2006 ല്‍ ചില നിയന്ത്രണങ്ങളോടെ കാര്‍ഷിക രംഗത്ത് 100 % വിദേശ നിക്ഷേപം അനുവദിച്ചു, അന്ന് ഉദ്ദേശിച്ചിരുന്നത് ഇത് കാരണം രാജ്യത്ത് കാര്‍ഷിക മേഖലയില്‍ കോള്‍ഡ് ചെയിനും മറ്റു സൗകാര്യങ്ങളും വേണ്ട വിധം ഉണ്ടാകുമെന്നാണ്. എന്നാല്‍ പ്രതീക്ഷിച്ച പോലെ അടിസ്ഥാന സൌകര്യങ്ങളൊന്നും ഉണ്ടായില്ല. ഇവിടെ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ കമ്പനികളുടെ വലിയ സ്റ്റോറുകള്‍ ധാരാളം ഉണ്ട്, അവരൊക്കെ അവരുടെതായ രീതിയില്‍ ലാഭം ഉണ്ടാക്കുന്നു എന്നല്ലാതെ കാര്‍ഷിക രംഗത്തെയോ ചെറുകിട വ്യവസായത്തിലെയോ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വലുതായൊന്നും ചെയ്യുന്നില്ല. അത് സര്‍ക്കാരിന്റെ ബാധ്യതയായി തന്നെയാണ് നില നില്‍ക്കുന്നത്.
ഇവിടെ വരാന്‍ പോകുന്ന അന്തര്‍ദേശീയ കമ്പനികള്‍ നിയമം അനുശാസിക്കുന്ന വിധം പണം ചിലവഴിക്കുന്നു എന്ന് എങ്ങനെ ഉറപ്പാക്കും? ഇവരുടെ ചരക്കു സംഭരണം പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കേന്ദ്രതലത്തില്‍ ഈ കമ്പനികളെ ശ്രദ്ധിക്കണം. ഇതിനെല്ലാം ആദ്യം വ്യക്തമായ ഒരു പദ്ധതി ഉണ്ടാക്കേണ്ടതുണ്ട്. Predatory pricing എന്ന തന്ത്രമാവും വിദേശ കമ്പനികള്‍ ആദ്യം ഉപയോഗിക്കുക അതായത് ഏതെങ്കിലും ഒരു ബ്രണ്ടോ വസ്തുവോ തിരഞ്ഞെടുത്തത്തിന് ശേഷം അതിന്റെ വില ക്രമാതീതമായി കുറച്ചു വിറ്റുകൊണ്ട്, മത്സര രംഗത്തുള്ള മറ്റു വിതരണക്കാരെയോ, അല്ല എങ്കില്‍ മറ്റു ബ്രാന്‍റിനെയോ ഒഴിഞ്ഞു മാറാന്‍ നിര്‍ബന്ധിതരാക്കും എന്നതാണത്. വലിയ സാമ്പത്തിക അടിത്തറയുള്ള വിതരണ ശ്രുന്ഖലകള്‍ ഉയര്‍ന്ന അളവില്‍ കാര്‍ഷിക വിളകള്‍ വാങ്ങാന്‍ എത്തുന്നത് കൊണ്ട് വില നിശ്ചയിക്കാനുള്ള അവസരവും അവര്‍ക്കുതന്നെ കൈവരും. ഇതു മൂലമുണ്ടാകുന്ന ദുരിതം അനുഭവിക്കേണ്ടി വരിക ചെറുകിട കര്‍ഷകര്‍ക്കാകും. സൌത്ത് അമേരിക്കയിലും ഘാനയിലും മറ്റുമുള്ള കാപ്പി, കൊക്കോ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില കിട്ടുന്നില്ല എന്ന് ഉദാഹരണമായിപ്പറയാറുണ്ട്. ചില ബ്രാന്‍റുകളെക്കുറിച്ച് അനാവശ്യമായ വിശ്വാസം ജനങ്ങളുടെ ഇടയില്‍ പരസ്യം വഴിയായും മറ്റും ഉണ്ടാക്കിയെടുക്കുകയും അതിന്‍റെ വര്‍ദ്ധിച്ച വില്പനയിലൂടെ തദ്ദേശീയ വ്യവസായങ്ങളെ തകര്‍ച്ചയിലേക്ക് തള്ളി വിടാനും വിദേശ നിക്ഷേപകരുടെ ചെയ്തികള്‍ കാരണമാകും.
തൊഴില്‍ ഇല്ലായ്മ വലിയ തോതില്‍ നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ പലരും ചെറുകിട കച്ചവിടത്തിലേക്ക് ഒരു വരുമാനം എന്ന നിലയില്‍ എത്തിപ്പെടാന്‍ നിര്‍ബന്ധിതരകുകയാണ്. വാള്‍ -മാര്‍ട്ട് ലെ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ വാര്‍ഷിക വരുമാനം നോക്കിയാല്‍ അത് ചെറുകിട വ്യവസായത്തിലെ ശരാശരി ഇന്ത്യന്‍ അനുപാതത്തിന്റെ 95 മടങ്ങാണ്. ഇതില്‍ നിന്നും നമുക്കുണ്ടാകാന്‍ പോകുന്ന തൊഴില്‍ നഷ്ടത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകും.
നല്ല സാമ്പത്തിക അടിത്തറയുള്ള വിദേശ കമ്പനികളും കൂടി വരുമ്പോള്‍ പിടിച്ചു നില്‍കാന്‍ കഴിയാതെ പോകുന്ന ചെറുകിട കര്‍ഷകര്‍, ചില്ലറ വ്യാപാരികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഒരു സംരക്ഷണ സംവിധാനം ഒരുക്കേണ്ടതാവശ്യമാണ്. 1992 മുതല്‍ 2004 വരെയുള്ള 12 വര്‍ഷക്കാലം കൊണ്ട് പടിപടിയായിട്ടാണ് ചൈന ചില്ലറ വില്പനയില്‍ വിദേശ നിക്ഷേപം പൂര്‍ണമായും അനുവദിച്ചത്, ഈ കാലത്തിനുള്ളില്‍ അവര്‍ ഒരു രാജ്യാന്തര മത്സരത്തിനു ഒരുങ്ങിക്കഴിഞ്ഞിരുന്നു. നമ്മളും അത് പോലെ ഒരു മത്സരത്തിനു ഇറങ്ങെണ്ടതു ആവശ്യമാണെന്നു പറയുമ്പോള്‍ അതിനുള്ള തയാറെടുപ്പും നടത്തേണ്ടതുണ്ട്, അല്ല എങ്കില്‍ പിന്‍മാറാനാവാത്ത അവസ്ഥയില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റു വാങ്ങിക്കൊണ്ടിരിക്കും.
ഹര്യാനയില്‍ മാളുകള്‍ വരും മുന്പ് പുഴുങ്ങിയ മുട്ട, ചോളം ഒക്കെ വില്‍ക്കുന്ന ചില്ലറ കച്ചവടക്കാര്‍ വഴികളില്‍ ധാരാളമുണ്ടായിരുന്നു... മാളുകളില്‍ പുഴുങ്ങിയ അമേരിക്കന്‍ ചോളവും സൂപ്പര്‍, ബെസ്റ്റ്, ഗുഡ് ബ്രാന്ഡ് മുട്ടകളും നിറഞ്ഞു കവിഞ്ഞപ്പോള്‍ അവരൊക്കെ ഏതുവഴിക്ക് പോയെന്നറിയാതെയായി.... അവരെയൊന്നും ആരും തെരക്കാതെയായി... തോല്‍വികള്‍ മാത്രം ഏറ്റ് വാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ .... ആയിരുന്നുവല്ലോ അവരൊക്കെ...
ReplyDelete