Saturday, 22 December 2012

ആപ്ക പൈസ, ആപ്കെ ഹാത്ത്


സേവനത്തിനും സാധനങ്ങള്‍ക്കും പകരമായി പണം നല്‍കാനുള്ള ഒരു നയപരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ സാമൂഹ്യ വികസന രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ നയപരിപാടിമൂലം വരാന്‍ പോകുന്നത് എന്നാണു കോണ്‍ഗ്രസ്സ് നേതൃത്തം കരുതുന്നത്. അതുകൊണ്ട് തന്നെ അടുത്ത പൊതു തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പുതിയ മുദ്രാവാക്യം ഈ ആശയത്തെ മുന്‍നിര്‍ത്തി മെനഞ്ഞെടുക്കാന്‍ കോണ്ഗ്രസ്സും കേന്ദ്ര നേതൃത്തവും ശ്രമിക്കുന്നതായാണ് കാണുന്നത്. ഡല്‍ഹിയില്‍ ഈ അടുത്തു നടന്ന "അന്നശ്രീയോജന" പദ്ധതിയുടെ ഉത്ഘാടന പരിപാടിയില്‍ മുഖ്യ മന്ത്രി ഷീല ദിക്ഷിത് പറഞ്ഞത്, പൊതുവിതരണത്തിന്റെ പരിധിയില്‍ വരാതെ പോയ 4 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 600 രൂപ വീതം നേരിട്ട് ബാങ്ക് അക്കൌണ്ടില്‍ അധാര്‍കാര്‍ഡു വഴി എത്തിക്കും എന്നാണു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അംഗത്തിന്റെ പേരിലുള്ള അക്കൗന്ടിലാകും പണമിടുക എന്ന് പറഞ്ഞിട്ടുണ്ട്, അത്രയും നല്ലത്. UPA ക്കും കോണ്‍ഗ്രസ്സിനും പാവങ്ങളോടൊള്ള കരുണക്കുദാഹരമാണ് ഈ നയപരിപാടി എന്നാണു സോണിയ ഗാന്ധി പറഞ്ഞത്. സബ്സിഡിക്ക് പകരം പണം നേരിട്ട് നല്‍കുന്നത് പൊതുവിതരണ സമ്പ്രദായത്തിനു പകരമല്ല എന്നാല്‍ സമാന്തരമായ ഒരു സംവിധാനമാണ് ഇത് എന്നും  സോണിയ ഗാന്ധി പറഞ്ഞു. ഈ പ്രസ്താവനകളുടെ ആത്മാര്‍ഥത രാജ്യ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു എങ്കിലും ആപ്ക പൈസ, ആപ്കെ ഹാത്ത് പരിപാടി എങ്ങനെയാകും എന്നതിന്റെ മുന്നറിയിപ്പാണിത്.

2009 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് സര്‍ക്കാര്‍ സഹായങ്ങള്‍ പണമായി ഗുണഭോക്താക്കള്‍ക്ക് എത്തിക്കുമെന്നത്, എന്നാല്‍ ആദ്യ വര്‍ഷങ്ങളില്‍ കാര്യമായിട്ടൊന്നും ചെയ്യാതെ ഇനി വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കും എന്നാണു കേന്ദ്ര നേതൃത്തം പറയുന്നത്2013 ജനുവരിയോടെ 51 ജില്ലകളിലും, ഏപ്രിലോടെ 18 സംസ്ഥാനങ്ങളിലും പിന്നീട് 2014 ആകുംപോളേക്കും രാജ്യത്തോട്ടാകെയും ഈ രീതിയില്‍ നേരിട്ട് പണം കൈമാറ്റാന്‍ ആണ് തീരുമാനം. ഇത്ര ധ്രിതിയില്‍ ഈ പദ്ധതി നടപ്പാക്കിയാല്‍ അതില്‍ പാളിച്ചകള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഗുജറാത്തിലെ അംഗന്‍വാടി അധ്യാപകരുടെ ശമ്പളം നേരിട്ട് അവരുടെ അക്കൗന്ടിലെത്തിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ 10 വര്ഷം വേണ്ടി വന്നു എന്നത് ഇത്തരം പരിപാടികളുടെ നടത്തിപ്പിനുള്ള പ്രയാസത്തിനുദാഹരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയാണ് പണം ബാങ്ക് അക്കൗന്ടില്‍ എത്തിക്കുക എന്നാല്‍ ഇത് വരെയായി 220 മില്യന്‍ ആള്‍ക്കാര്‍ക്ക് മാത്രമാണ് ആധാര്‍ കാര്‍ഡു നല്‍കാന്‍ കഴിഞ്ഞത്. 2014 നു മുന്‍പ് എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡു നല്‍കുക എന്നത് തന്നെ ഒരു വിദൂര സാധ്യതയാണ്. അത് പോലെ തന്നെയാണ് ദാരിദ്ര രേഖക്ക് താഴെയുള്ളവരെ വേര്‍തിരിക്കുക എന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ പറയുന്നത് 62% BPL കാര്‍ഡുകളും അത്രയൊന്നും ദാരിദ്രരല്ലാത്തവരുടെ കയ്യിലാണെന്നാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ദിക്കാതെ 2014 നു മുന്‍പ് തന്നെ സബ്സിഡി നേരിട്ട് പണമായി നല്‍കാന്‍ ശ്രമിക്കുന്നത് അപകടകരമായ ഒരു സ്ഥിതിയിലേക്ക് എത്തിപ്പെടാന്‍ ഇടയാക്കും.

Direct  Cash Transfer (DCT) നുള്ള ദേശീയ കമ്മിറ്റി 42 പദ്ധതികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് അതില്‍ 29 പദ്ധതികളാവും തുടക്കത്തില്‍ ഈ രീതിയില്‍ പണവിതരണം നടത്തുക. ഇതിന്റെ തുടര്‍ച്ചയായി മണ്ണെണ്ണക്കും LPG ക്കും നല്‍കുന്ന സബ്സിഡികള്‍ പണമായി ഉപഭോക്താക്കളുടെ കൈയ്യിലെത്തിക്കാനും നടപടികളെടുക്കും. രാജസ്ഥാനിലെ കൊട്കസിം എന്ന സ്ഥലത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ സബ്സിഡി നേരിട്ട് പണമായി കൊടുക്കാനുള്ള ഒരു ശ്രമം പരീക്ഷണാടിസ്ഥാനത്തില്‍ നടന്നു. റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വില്പനയില്‍ 82% കുറവ് ഉണ്ടായത് അഴിമതി കുറഞ്ഞത്‌ കൊണ്ടാണെന്നും അത് ഈ പരിപാടി വിജയമായിരുന്നു എന്ന് സര്‍ക്കാരു പറയുന്നെങ്കിലും അവിടുത്തുകാര്‍ ഈ പരിപാടിയോടുള്ള എതിര്‍പ്പുമായി വന്നിരിക്കുകയാണ്. 25,000 കുടുംബങ്ങളുള്ള ഒരു ബ്ലോക്കില്‍ ബാങ്ക് അക്കൗണ്ട്കളുടെ എണ്ണം 15,000 മാത്രമാണ്. ഉപയോഗം കുറഞ്ഞതല്ല മറിച്ചു വാങ്ങാന്‍ കഴിയാത്തതാണെന്ന് ഇതില്‍ നിന്നു തന്നെ മനസിലാക്കാം. ഇനി ഈ പദ്ധതി ഉപയോഗപ്പെടുത്തിയവരുടെ കാര്യമോ അവരുടെ അക്കൌണ്ടിലേക്ക് പണം അപൂര്‍വമായി മാത്രമേ എത്താറുള്ളൂ, അത് തന്നെയും പിന്‍വലിക്കാന്‍ വേണ്ടി ദൂരെയുള്ള ബാങ്ക് ശാഖകളിലേക്ക് പോകുകയും വേണം. ഇനി ഇങ്ങനെ കിട്ടുന്ന പണംകൊണ്ട് പുറത്തു നിന്നും കൂടിയ വിലക്ക് മണ്ണെണ്ണ വാങ്ങാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുന്നുമില്ല. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള ഒരു കമ്മറ്റി നടത്തിയ സര്‍വെയില്‍ അവിടുത്തെ 75% ആള്‍ക്കാരും അവര്‍ക്ക് പഴയത് പോലെ അടുത്തുള്ള റേഷന്‍ കടകള്‍ വഴി മണ്ണെണ്ണ ലഭിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. ജനങ്ങള്‍ക്ക്‌ സഹായമാകുന്നതിനു പകരം എങ്ങനെ സഹായം നല്കാതിരിക്കാം എന്നാണു പദ്ധതി ആസൂത്രണം ചെയ്തവര്‍ ചിന്തിക്കുന്നത് എന്നാണു ഈ കമ്മറ്റി പരാമര്‍ശിച്ചത്. 70% ത്തോളം ഇന്ത്യക്കാരും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലെ ബാങ്കിംഗ് സംവിധാനം വളരെ പരിതാപകരമായ സ്ഥിതിയിലാണ്. 1992 നു ശേഷം 26,000 ഗ്രാമീണ ബാങ്കുകള്‍ അടച്ചു പൂട്ടി എന്ന് പറയുന്നു, മറ്റു കൊമേര്‍ഷ്യല്‍ ബാങ്കുകള്‍ക്ക് സാമൂഹിക ക്ഷേമ ബാങ്കിങ്ങില്‍ താല്പര്യവുമില്ല, ഗ്രാമീണര്‍ക്ക് പണമെത്തിക്കുന്നതില്‍ ഇതൊരു വലിയ പരിമിതിയാണ്.

വിലക്കയറ്റവുമായി സബ്സിഡിയെ ബന്ധപ്പെടുത്തി ഇന്‍ഡക്സിങ്ങ് നടത്തൂന്നതിനെക്കുറിച്ചു ഇതുവരെയും തീരുമാനിച്ചിട്ടില്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ ജീവിതരീതിയിലും ഭക്ഷണരീതിയിലും ഉള്ള വത്യാസവും അത് കാരണമുണ്ടാകുന്ന ജീവിത ചിലവിലെ വത്യാസവും പണത്തിന്റെ മൂല്യത്തില്‍ ഒരുപോലെ ആകണമെന്നില്ല. ഇതൊന്നും കണക്കാക്കാതെയാണ് സഹായങ്ങള്‍ക്കും സാധനങ്ങള്‍ക്കും പകരം പണം നല്‍കാം എന്ന് പറയുന്നത്. കര്‍ഷകരുടെ സാമൂഹിക സുരക്ഷയിലും, വില നിയന്ത്രണത്തിലും, അടിയന്തിര ഘട്ടങ്ങളില്‍ ക്ഷാമ പ്രദേശങ്ങളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുന്നതിലും ഒക്കെത്തന്നെ ഇന്ത്യയിലെ പൊതു വിതരണ സമ്പ്രദായം സഹായകമാകുന്നുണ്ട്. തല്‍ക്കാലത്തേക്ക് ഇല്ലാ എന്ന് പറയുന്നെങ്കിലും, ഭകഷ്യ പൊതു വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം ചേര്‍ത്തു കാണേണ്ട വേറൊന്നുണ്ട്‌ പ്രതിവര്‍ഷം 6 കോടി ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ സര്‍ക്കാര്‍ താങ്ങ് വില കൊടുത്ത് കര്‍ഷകരില്‍ നിന്നും വാങ്ങുന്നുണ്ട്. പൊതു വിതരണം ശക്തിപ്പെടുന്നിലെങ്കില്‍ പിന്നെ താങ്ങ് വില കൊടുത്ത് കര്‍ഷകരില്‍ നിന്നും ധാന്യങ്ങള്‍ വാങ്ങേണ്ട ആവശ്യവും ഇല്ലാതാകും. ഈ പ്രവണത കര്‍ഷകരെ എത്രത്തോളം ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ? സ്വകാര്യ കുത്തക കമ്പനികളുടെ ലാഭക്കൊതിക്ക് മുന്‍പില്‍ ഇന്ത്യന്‍ കര്‍ഷകര്‍ പകച്ചു നില്‍ക്കേണ്ട ഒരു അവസ്ഥയാകും ഇതുമൂലം ഉണ്ടാകുക.

ഇന്ത്യയില്‍ സാമൂഹിക ക്ഷേമ രംഗത്ത് നേരിട്ടുള്ള പണം കൈമാറ്റത്തിനുവേണ്ടി (Direct Cash Transfer) വേള്‍ഡു ബാങ്കും ഐക്യ രാഷ്ട്ര സഭയുടെ UNDP യും കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. UNDP ഇതിനായി ഒരു റിസേര്‍ച് പേപ്പറും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. DCT നടപ്പാക്കുന്നതിലൂടെ വര്‍ഷത്തില്‍ ഇരുപതിനായിരം കോടി രൂപയുടെയെങ്കിലും നേട്ടം സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേള്‍ഡു ബാങ്ക് കാണിക്കുന്ന താല്പര്യം ഇതില്‍ നിന്നും തന്നെ വ്യക്തമാണ്. വിതരണ രംഗത്തിലെ ചോര്‍ച്ചയും അഴിമതിയും ഒഴിവാക്കാനാവുന്നതിലൂടെ ആണ് ഇത് സാധ്യമാകുന്നത് എന്നാണു അവര്‍ വാദിക്കുന്നത്, എന്നാല്‍ ഇത് എലിയെ പേടിച്ചു ഇല്ലം ചുടുന്നത് പോലെയാണ്. ഒരാള്‍ക്ക്‌ ഒന്നിലധികം അക്കൗണ്ടുള്ളതും വിതരണത്തിലെ ചോര്‍ച്ചകളും ഒക്കെത്തന്നെ റിക്കാര്‍ഡുകള്‍ കമ്പ്യൂട്ടറിലാക്കുന്നതിലൂടെയും ബയോമട്രിക് സംവിധാനങ്ങളിലൂടെയും പരിഹരിക്കാവുന്നതേയുള്ളൂ. അല്ലാതെ അഴിമതി ഭയന്ന് നടപടി ക്രമങ്ങള്‍ മാറ്റിയാല്‍ അഴിമതി ഫലത്തില്‍ ഇല്ലാതാകില്ല പകരം സ്ഥാനം മാറുകയെ ഉള്ളൂ.

ബ്രസീല്‍, കൊളുംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ വിജയ കഥകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യയിലും നേരിട്ട് പണക്കൈമാറ്റം (DCT) സാമൂഹിക വികസന രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പറയുന്നത്. ഈ പറഞ്ഞ രാജ്യങ്ങളില്‍ വികസന പദ്ധതികളുടെ എണ്ണവും അത് ക്ഷ്യമാക്കിയ ജനങ്ങളുടെ എണ്ണവും വളരെക്കുറവായിരുന്നു. നാം പ്രചോദനം നേടാന്‍ നോക്കുന്ന ലാറ്റീന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 80% ജനങ്ങളും നഗരങ്ങളിലാണ് താമസ്സിക്കുന്നത്‌, ഏതാണ്ട് 5% ജനങ്ങളാണ് ദരിദ്രരായിട്ടുള്ളത്. ഇന്ത്യയില്‍ ദരിദ്രര്‍ 46% ത്തോളമാണ്. ജാതിയില്‍ അധിഷ്ടിതമായ ഉച്ച നീചത്തം, സ്ത്രീ പുരുഷ വിവേചനം, അഴിമതി എന്നിവ ഇന്ത്യയുമായി താരതമ്യ ചെയ്യുമ്പോള്‍ ലാറ്റീന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വരെക്കുറവുമാണ്, ഇത്തരം സാഹചര്യ ത്യാസങ്ങള്‍ ബോധപൂര്‍വം ശ്രദ്ദിക്കാതെയാണ് വേള്‍ഡു ബാങ്കും UNDP യും DCT ക്കായി ലോബി ചെയ്യുന്നത്. നമ്മുടെ പ്ലാനിംഗ് കമ്മീഷനും ഈ വഴിക്ക് തന്നെയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്. ലാറ്റീന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ കെട്ടുറപ്പുള്ളതാണ്, വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി പരിതാപകരമാണ്. ഈ സാഹചര്യം നിലനില്ക്കുമ്പോള്‍ നേരിട്ട് പണം കൈമാറ്റം ചെയ്യുന്നത് അപകടകരമാണ്. സ്ത്രീകളുടെ ക്ഷേമം ഉദ്ദേശിച്ചുള്ള പദ്ധതികള്‍ക്ക് പകരം പണം നല്‍കിയാല്‍ അത് പുരുഷന്‍മാരുടെ കൈകളിലാകും എത്തിച്ചേരുക എന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും ഭയപ്പെടുന്നു, കാരണം ഇന്ത്യന്‍ സാഹചര്യം അങ്ങനെയാണ്.

ഇന്ത്യയിലെ പകുതിയോളം ജനങ്ങളും സാര്‍ക്കാരിന്റെ സഹായങ്ങള്‍ കൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്നവരാണ്. ബദല്‍ സംവിധാനങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അത് ചിന്തിച്ചും പഠിച്ചും ചെയ്യേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാതെ പണം നല്‍കാം എന്ന് പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ ഒഴിഞ്ഞു പോക്കായി മാറും. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയാക്കുന്നതിനു പകരം മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് അഴിമതിയുടെ രൂപം മാറ്റുമെന്നല്ലാതെ അഴിമതിയും കെടു കാര്യസ്തതയും ഇല്ലാതാക്കില്ല. എന്ന് മാത്രമല്ല ലാഭത്തില്‍ മാത്രം വിശ്വസിക്കുന്ന സ്വകാര്യ സംരംഭകരുടെ മുന്‍പിലേക്ക് ദരിദ്രരെ  തള്ളി വിടുന്ന ക്രൂരതയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങുന്നത്.  താല്‍കാലിക നേട്ടങ്ങള്‍ക്കോ, ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ക്കോ വിധേയമായി സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട് പോകുന്നത് ന്യായീകരിക്കാവുന്നതല്ല.

Thursday, 13 December 2012

ഇംഗ്ലണ്ടിലും, വെയ്ല്‍സിലും മതവിശ്വാസം മാറുന്നു


ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 2011 ല്‍ നടത്തിയ സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. അവിടുത്തെ ജനങ്ങള്‍ സാമ്പത്തികവും സാംസ്കാരികവുമായി എവിടെ നില്‍ക്കുന്നു എന്ന് മനസ്സിലാക്കുന്നതിനാണ് പ്രധാനമായും ഇത് ഉപകരിക്കുന്നത്‌, എങ്കിലും 2001 ല്‍ നടത്തിയ സെന്‍സസ് വിവരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കഴിഞ്ഞ ദശകത്തില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും എന്ത് മാറ്റമാണ് നടന്നതെന്ന് പഠിക്കാനും ഈ സര്‍വേകള്‍ ഉപകരിക്കും. ലോകത്തിന്റെ പല ഭാഗത്തും കോളനികള്‍ സ്ഥാപിക്കുകയും അവിടെയൊക്കെ വെള്ളക്കാരന്റെ സംസ്കാരം കുറച്ചൊക്കെ അവശേഷിപ്പിച്ചിട്ടു തിരിച്ചു പോകുകയും ചെയ്തതിനാല്‍ ഇംഗ്ലണ്ടുകാരുടെ ജീവിത ശൈലി മറ്റുള്ളവര്‍ ശ്രദ്ദിക്കുകയും അനുകരിക്കുകയും ചെയ്യാറുണ്ട്. വിവര വിജ്ഞാനത്തില്‍ വിപ്ലവം നടന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഓരോ രാജ്യക്കാരും പരസ്പരം കൂടുതല്‍ ഇടപഴകി ജീവിക്കുന്നതിനാല്‍ കഴിഞ്ഞ ദശകത്തില്‍ ഇംഗ്ലണ്ടിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ ലോകം എങ്ങോട്ടെന്ന ഒരു ഏകദേശ രൂപം അറിയാന്‍ കഴിയും.
56.1 മില്യന്‍ ജനങ്ങളാണ് ഇവിടെ ജീവിക്കുന്നത് അതില്‍ 27.6 മില്യന്‍ പുരുഷന്മാരും 28.5 മില്യന്‍ സ്ത്രീകളും ഉണ്ട്. 2001 നു ശേഷമുള്ള പത്തു വര്‍ഷക്കാലത്തെ ജനസംഖ്യാ വര്‍ദ്ധനവ്‌ 7.1% ആണ്. ഇംഗ്ലണ്ടിലെ വിദേശീയരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രി ഉള്ളവരുടെ എണ്ണം ഡിഗ്രി ഇല്ലാത്തവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ ആണ്, ഇടത്തരക്കാരുടെ എണ്ണത്തിലെ വര്‍ദ്ദനവാണ് ഇത് കാണിക്കുന്നത്. മത വിശ്വാസത്തിലുണ്ടായ വ്യതിയാനമാണ് അമ്പരപ്പുണ്ടാക്കുന്നത്. 2001 ല്‍ 72% ജനങ്ങള്‍ ക്രിസ്തുമത വിശ്വാസികളാണെന്നു പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോള്‍ അവര്‍ 59% ആയി കുറഞ്ഞു. ഈ കാലത്ത് മുസ്ലീങ്ങളുടെ എണ്ണം 3% ത്തില്‍ നിന്ന് മൊത്തം ജനസംഖ്യയുടെ 5% ആയി വര്‍ദ്ധിച്ചു. ഒരു മതത്തിലും വിശ്വാസമില്ലാത്തവരുടെ എണ്ണം 15% ത്തില്‍ നിന്നും 25% ആയി ഉയര്‍ന്നു. അങ്ങനെ മത വിശ്വാസമില്ലാത്തവര്‍ രണ്ടാമത്തെ വലിയ വിഭാഗമായി. ഒരു മത വിശ്വാസത്തിന്റെയും ചട്ടക്കൂടില്‍ നില്‍ക്കുന്നില്ല എങ്കിലും പലരും പ്രപഞ്ചാതീത ശക്തിയില്‍ വിശ്വസിക്കുന്നവരാണ്. തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍ പ്രതികരിച്ചത് പ്രാര്‍ത്ഥനകൊണ്ട് ജോലി കിട്ടുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണു. ഈ പ്രവണത വിവാഹം കഴിച്ചവരുടെ എണ്ണത്തിലെ കുറവിനു കാരണമായി. മാതാവ് അല്ലെങ്കില്‍ പിതാവ് മാത്രം (single parent) കൂടെയുള്ള കുഞ്ഞുങ്ങളുടെ എണ്ണവും, വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നവരുടെയും എണ്ണവും വളരെക്കൂടിയിട്ടുണ്ട്. സിവില്‍ പാര്‍ട്ടണര്‍ഷിപ് എന്നറിയപ്പെടുന്ന സ്വവര്‍ഗ്ഗ വിവാഹ ഉടമ്പടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ദനയുണ്ടാകുകയും ചെയ്തു. ഇതെല്ലാം കുടുംബ സങ്കല്പത്തിന് വിള്ളലേല്‍പ്പിക്കുന്നുണ്ട്.  ഇപ്പോഴത്തെ പ്രവണത തുടര്‍ന്ന് കൊണ്ടിരുന്നാല്‍ 2018 ഓടെ ക്രിസ്തുമതം ഇംഗ്ലണ്ടില്‍ ന്യൂനപക്ഷമായെക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്ലാമിന് നേരെ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിശിതമായ വിമര്‍ശനങ്ങള്‍ നടന്നു വരികയാണ്, സ്ത്രീ സ്വാതന്ത്ര്യവും, പുരോഗമന വീക്ഷണവും തീവ്രവാദവും ഒക്കെ വിഷയങ്ങളാക്കി മുസ്ലീങ്ങളെ പ്രതിരോധത്തിലാക്കാറുണ്ട്. ഇങ്ങനെ ആണെങ്കിലും 2001 മുതല്‍ 2011 വരെയുള്ള കാലത്തു ഇംഗ്ലണ്ടിലെ മുസ്ലിങ്ങളുടെ എണ്ണത്തില്‍ 75% വര്‍ദ്ധനയുണ്ടായത് വിമര്‍ശകരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റിന്റെ സാധ്യതകള്‍ മുസ്ലിം പണ്ഡിതന്‍മാര്‍ വ്യാപകമായി ഉപയോഗിച്ചതുകൊണ്ട് ഇസ്ലാമിനെക്കുറിച്ച്  കൃത്യമായി അറിയാന്‍ കൂടുതല്‍ ജനങ്ങള്‍ക്ക്‌ കഴിഞ്ഞതാവാം ഒരു പക്ഷെ ഇംഗ്ലണ്ടിലെ മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വര്‍ദ്ധനവിന്റെ ഒരു കാരണം.

Wednesday, 12 December 2012

വാള്‍മാര്‍ട്ടും ഇന്ത്യയും പിന്നെ 125 കോടി രൂപയും


ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലേക്ക് കടന്നു വരുന്നതിനു വേണ്ടുന്ന നിയമസാധുത നേടിയെടുക്കാനായി 2008 മുതല്‍ വാള്‍മാര്‍ട്ട് ശ്രമം തുടങ്ങിയതാണ്‌ അതിനു വേണ്ടി ഇത് വരെ 125 കോടി രൂപയാണ് ചിലവാക്കിയിട്ടുള്ളത്‌, വാള്‍മാര്‍ട്ട് US സെനറ്റിന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണിത് പറയുന്നത്.   ഈ വിവരം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയുടെ രണ്ടു പരമോന്നത നിയമനിര്‍മാണ സഭകളിലും വലിയ കോലാഹലങ്ങള്‍ക്ക് കാരണമായി. വാള്‍മാര്‍ട്ട് മാത്രമല്ല അത് പോലെ വേറെയും ചില കമ്പനികള്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര മേഖലയിലേക്ക് കടന്നുവരാന്‍ കാത്തു നില്‍ക്കുകയാണ് അവരും ഒരു പക്ഷെ ഇത് പോലെയുള്ള തുകകള്‍ “ലോബിയിംഗ്” നായി ചിലവാക്കിയിട്ടുണ്ടാകാം. ഇത്രയും വലിയ തുക ചിലവാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് വ്യവസായ താല്പര്യങ്ങളല്ലാതെ മറ്റൊന്നുമല്ല. തുകയുടെ വലിപ്പം നോക്കിയാല്‍ അവര്‍ക്ക് ലഭ്യമായെക്കാവുന്ന പ്രയോജനങ്ങളുടെ വ്യാപ്തിയുടെ സൂചനകള്‍ കാണാം.
ഇന്നത്തെ ഇന്ത്യന്‍ ഭരണ വ്യവസ്തയില്‍ അഴിമതിയും കോഴയും മറ്റും ആയിരം കോടി രൂപകളിലാവുംപോളാണ് നാം അസ്വസ്ഥതകള്‍ കാട്ടുന്നത്. ആ നിലക്ക് 125 കോടി രൂപ അതും 4 കൊല്ലം കൊണ്ട് ചിലരുടെയൊക്കെ കയ്യിലെത്തിപ്പെട്ടത്‌ നമ്മുടെ ക്ഷമയെ പരീക്ഷിക്കാന്‍ മതിയാകുന്നതല്ല. പക്ഷെ അതെന്തിന് വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയുംപോളാണ് കുറ്റം അക്ഷന്തവ്യമാകുന്നത്. ഇന്ത്യയുടെ തുടര്‍ന്നുള്ള വികസനത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു നയ രൂപീകരണമണ് ചില്ലറ വ്യാപാര മേഖലയില്‍ 51% വിദേശ നിക്ഷേപം അനുവദിക്കുക വഴി നാം കൈവരിക്കുന്നത് എന്നാണു ഒട്ടുമിക്ക സാമ്പത്തിക വിദഗ്ദ്ധരും നിയമനിര്‍മ്മാണക്കാരും പിന്നെ വാര്‍ത്താ കച്ചവിടക്കാരും നമ്മെ പറഞ്ഞു പഠിപ്പിച്ചത്. ഇങ്ങനെ പഠിച്ചതെല്ലാം തെറ്റിപ്പോയോ എന്ന സംശയമാണ് വാള്‍മാര്‍ട്ടിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നത്. പകുതിയിലധികം ജനങ്ങളും പട്ടിണിപ്പാവങ്ങളായ ഇന്ത്യയില്‍ അവരുടെ ഉന്നമനത്തെ  ലക്‌ഷ്യം വെക്കുന്ന ഒരു നയ രൂപീകരണത്തിനു വേണ്ടി എന്തിനു വാള്‍മാര്‍ട്ടു ലോബി ചെയ്യണം? അങ്ങനെയാണെങ്കില്‍ എല്ലാ ഇന്ത്യക്കാരുടെയും ജീവിത രീതിയേയും 20 കോടിയോളം ഇന്ത്യക്കാരുടെ ജീവിതമാര്‍ഗത്തെയും മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഒരു നയരൂപീകരണം നടത്തിയേ തീരൂ എന്ന് വാശിപിടിച്ച കേന്ദ്ര സര്‍ക്കാര്‍ ആരുടെ താല്പര്യമാണ് സംരക്ഷിച്ചതു എന്ന് വെളിവാകുകയാണ്. വിദേശ താല്പര്യങ്ങള്‍ക്ക് വേണ്ടി നമ്മുടെ ദേശ താല്പര്യങ്ങള്‍ ഒറ്റുക്കൊടുക്കുന്നതാണ് രാജ്യദ്രോഹമെങ്കില്‍ ഈ നയ രൂപീകരണം ആ വഴിയിലൂടെ കടന്നു പോയോ എന്ന് സംശയിക്കാനിടയാകുന്നു.
UPA യില്‍ നിന്ന് പിന്തുണ പിന്‍വലിച്ച മമത ബാനര്‍ജിയെ ഉടന്‍ തന്നെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ കല്‍ക്കട്ടയില്‍ പോയിക്കണ്ടത് അമേരിക്ക ഇവിടെ നടത്തിയ ലോബിയിംഗ് ന്റെ വേറൊരു മുഖമാണ്. അതിനും കുറച്ചു മുന്‍പ് മേയ് മാസം ആദ്യം US സക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്‍റണ്‍ കല്‍ക്കട്ടയില്‍ പോയതിനും പ്രധാനകാരണം ഈ ലോബിയിംഗ് തന്നെ. ഇന്ത്യയിലെ രണ്ടു സഭകളിലും ചില്ലറ വ്യാപാരത്തില്‍ 51% വിദേശ നിക്ഷേപത്തിനനുകൂലമായ അഭിപ്രായം സാങ്കേതികമായിട്ടെങ്കിലും ഉണ്ടായതിനു ശേഷമാണ് വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. ഒരു അന്വേഷണം നടത്തണം എന്ന പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒടുവില്‍ സര്‍ക്കാര്‍ അതിന്നു തയ്യാറാണെന്ന് കേന്ദ്രമന്ത്രി കമല്‍ നാഥ് പറഞ്ഞിരിക്കുകയാണ്. അന്വേഷണം പെട്ടെന്ന് തന്നെ നടത്തുകയും ആരെങ്കിലും പണം പറ്റിയെന്നു തെളിയുകയാണെങ്കില്‍ അവരെ രാജ്യദ്രോഹിയായി കണ്ടു ശിക്ഷിക്കുകയുമാണ് വേണ്ടത്.

Saturday, 8 December 2012

വധശിക്ഷ ഇന്ത്യയില്‍


ആധുനിക സമൂഹത്തിലെ ശിക്ഷാ രീതികളില്‍ നിന്ന് വധശിക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ചു ഒരു പ്രമേയം UN ജനറലസംബ്ലിയില്‍ കഴിഞ്ഞ ദിവസം  വോട്ടിനിടുകയുണ്ടായി. ഇന്ത്യ ഉള്‍പടെ 39 രാജ്യങ്ങള്‍ വധശിക്ഷ ഒഴിവാക്കാനാകില്ലെന്നാണ് പറഞ്ഞത് വേറെ 36 രാജ്യങ്ങള്‍ വോട്ടിങ്ങില്‍ പങ്കെടുക്കാതെ നിന്നു. എന്നാല്‍ 110 രാജ്യങ്ങള്‍ പ്രമേയത്തെ പിന്താങ്ങുകയാണ് ചെയ്തത്. അമേരിക്ക, ജപ്പാന്‍ , ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ ഇസ്രായേല്‍ , യൂറോപ്യന്‍ യൂണിയന്‍ , ആസ്ട്രെലിയ തുടങ്ങിയ രാജ്യങ്ങളാണ് വധശിക്ഷ ഒഴിവാക്കണമെന്ന് വാദിച്ചത്. UN റിപോര്‍ട്ടനുസരിച്ചു 150 രാജ്യങ്ങള്‍ വധശിക്ഷ ഉപേക്ഷിച്ചിരിക്കുകയാണ്.
നാം വളരെക്കാലങ്ങളായിതന്നെ കഠിനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കി വരാറുണ്ട്. 1980 ല്‍ സുപ്രീം കോടതി പരമാവധി ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ വേര്‍തിരിച്ചു നിര്‍ദ്ദേശിക്കുകയുണ്ടായി. ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഒരു നിര്‍ദ്ദേശം 1999 ല്‍ ചില ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും പൊതുവേ അത് സ്വീകാര്യമായില്ല. ദേശീയ വനിതാ കമ്മീഷന്‍ പോലും ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വെക്കുന്നില്ല. എന്നാല്‍ ബലാത്സംഗത്തിനൊപ്പം കൊലയും നടക്കുകയാണെങ്കില്‍ പലപ്പോഴും വധശിക്ഷ നല്‍കാറുണ്ട്. രാജ്യദ്രോഹം, രാജ്യ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക, കൊലപാതകം, കൊള്ളയും അതോടനുബന്ധിച്ചുള്ള കൊലയും, ഒരു നിരപരാധിക്ക് വധശിക്ഷ വിധിക്കാനിടയാക്കുന്ന കള്ള സാക്ഷ്യം പറയുക, കുട്ടികളെയോ ബുദ്ദിസ്ഥിരതയില്ലാത്തവരെയോ ആത്മഹത്യക്ക് പ്രേരിപ്പിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കാണ് നമ്മുടെ രാജ്യത്ത് വധശിക്ഷ വിധിക്കാനാവുന്നത്. അങ്ങനെയാണ് ഇന്ത്യയില്‍ “അപൂര്‍വങ്ങളില്‍ അപൂര്‍വമായ” കേസ്സുകളില്‍ മാത്രം വധ ശിക്ഷ നടപ്പാക്കുന്ന സ്ഥിതി വന്നത്. പൊതുജന മധ്യത്തില്‍ ശിക്ഷ നടപ്പാക്കുന്നതോ, എറിഞ്ഞു വധിക്കുന്നത് പോലെയുള്ള വേദനാജനകമായ രീതികളോ അനുവദനീയമല്ല. പതിനഞ്ചു വയസ്സില്‍ താഴയുള്ള കുട്ടികള്‍ , ഗര്‍ഭിണികള്‍ , ബുദ്ദിസ്ഥിരതയില്ലാത്തവര്‍ , 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ നാല് വിഭാഗം കുറ്റവാളികളെ വധശിക്ഷയില്‍ നിന്നോഴിവാക്കിയിട്ടുമുണ്ട്. പരമോന്നത കോടതിവരെ വധശിക്ഷ ശരിവച്ചാലും പിന്നെയും രാഷ്ട്രപതിക്ക് മുന്‍പാകെ ദയാ ഹര്‍ജി സമര്‍പ്പിക്കാനും കുറ്റവാളിക്കവസരമുണ്ട്, മാത്രമോ വിധി നടപ്പാക്കുന്നതില്‍ രണ്ടു വര്‍ഷത്തിലധികം കാലതാമസം വന്നാല്‍ വധശിക്ഷക്ക് പകരം ജീവപര്യന്തം ജയില്‍ ശിക്ഷ മതിയെന്ന വിധി പ്രസ്താവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്രയൊക്കെ കരുതലോടെയാണ് നാം ഈ ശിക്ഷാരീതിയെ സമീപിക്കുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായതും അതി ക്രൂരവുമായ കുറ്റകൃത്യങ്ങള്‍ നിര്‍വചിക്കുന്നതില്‍ പല ജഡ്ജിമാരും പല രീതികളാണ് അവലംബിക്കുന്നത്, പൊതുവായ ഒരു മാര്‍ഗ നിര്‍ദ്ദേശം പ്രായോഗികവുമല്ല അതുകൊണ്ട് ഈ കാര്യത്തില്‍ ഒരു പുനര്‍ ചിന്ത ആവശ്യമാണ്‌ എന്നാണു ഇപ്പോള്‍ സുപ്രീം കോടതി നടത്തിയ ഒരു നിരീക്ഷണം.  സുപ്രീം കോടതിയുടെ ഈ നിരീക്ഷണത്തെ ന്യായീകരിക്കുന്ന രണ്ടു വിധിന്യായങ്ങള്‍ അടുത്തിടെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. നിരപരാധികളും നിരായുധരുമായ ഒരു പറ്റം ആള്‍ക്കാര്‍ക്കുനെരെ വെടിയുതിര്‍ത്തുകൊണ്ട് മരണം വിതറിയ ഭീകരന്‍ അജ്മല്‍ കസബിനു വധശിക്ഷയില്‍ കുറഞ്ഞതൊന്നും ഒരു നീതി ന്യായ കോടതിക്കും വിധിക്കാന്‍ കഴിയില്ല. ഇതിനു സമാനമായതും എന്നാല്‍ കുറ്റവാളികള്‍ നമ്മുടെ രാജ്യക്കാരുമായ ഒരു കുറ്റ കൃത്യമാണ് ഗുജറാത്തിലെ നരോദ പാട്യയില്‍ നടന്നത്,  നിരപരാധികളും നിരായുധരുമായ ഒരു പറ്റം ആള്‍ക്കാരെ ബാലാത്സഗത്തിനിരയക്കുകയും പെട്രോളൊഴിച്ചു തീവെച്ചു കൊല്ലുകയും ചെയ്ത കേസ്സില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജ് പറഞ്ഞത്, ഇവര്‍ വധ ശിക്ഷക്കര്‍ഹാരാണ് എങ്കിലും വ്യക്തിപരമായി വധശിക്ഷ നല്‍കുന്നതിനു മടിയുള്ളതുകൊന്ടാണ്‌ അതിനു തൊട്ടു താഴെ നില്‍ക്കുന്ന രീതിയില്‍ ദീര്‍ഘകാലത്തെ ജയില്‍ ശിക്ഷ വിധിക്കുന്നത് എന്നാണു.
കുറ്റം ചെയ്തവന്റെ മനുഷ്യാവകാശം പോലതന്നെ പ്രധാനമാണ് കുറ്റകൃത്യത്തിനിരയായവന്റെ മനുഷ്യാവകാശവും, വധശിക്ഷ ക്രൂരമാണെന്നു പറയുന്നവര്‍ പലപ്പോഴും ആക്രമിക്കപ്പെട്ടവന്റെ വേദന കാണാതെ പോകുന്നു. തെറ്റു ചെയ്യുന്നവന് കഠിന ശിക്ഷ വിധിക്കെണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്‌. സമൂഹത്തിന്റെ കെട്ടുറപ്പിന് നീതിന്യായ വ്യവസ്ഥ ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്നത് അനിവാര്യമാണ്. കുറ്റം ചെയ്‌താല്‍ ശിക്ഷ ഉറപ്പെന്നു വന്നാല്‍ അത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക തന്നെ ചെയ്യും.

Thursday, 6 December 2012

കാടും കടുവയും നാട്ടുകാരും


വയനാട്ടിലേക്കിറങ്ങിയ ഒരു കടുവയും അതിനെ ചുറ്റിപറ്റിയുള്ള പ്രതിഷേധ സമരങ്ങളും, ഒടുവില്‍ അന്തിമ വിജയം നാട്ടുകാര്‍ നേടുന്നതും കഴിഞ്ഞ ചില ആഴ്ചകളായി നാമെല്ലാം കണ്ടു. വയനാട്ടിലെ തിരുനെല്ലി ഗ്രാമത്തിലേക്ക് ഒരു കടുവ ഇറങ്ങി ചില വളര്‍ത്തു മൃഗങ്ങളെ പിടിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. സര്‍ക്കാരും വനപാലകരും പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരം കാണാന്‍ സാധിച്ചില്ല. ഇതിനോടകം ജനകീയ സമരത്തില്‍ രാഷ്ട്രീയം പക്ഷം പിടിച്ചു. പത്ര ദൃശ്യ മാധ്യമങ്ങളും ഇതൊരാഘോഷമാക്കി. ഇതിനിടെ കെണി വെച്ച് പിടിച്ച ഒരു കടുവയെ കുറിച്യാട് റേന്‍ജില്‍ തുറന്നു വിട്ടതും പ്രധിഷേധത്തിനു കാരണമായി, നാട്ടില്‍ വീണ്ടും ഇറങ്ങിയ കടുവ അത് തന്നെയാണെന്ന് ചില അഭിപ്രായങ്ങളുണ്ടായി. കടുവയുടെ ശല്യം തുടര്‍ന്ന് കൊണ്ടിരുന്നതിനാല്‍ അതിനെ കെണി വെച്ച് പിടിക്കാനോ മയക്കു വെടി വെക്കാനോ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലുവാന്‍ തന്നെയോ സര്‍ക്കാരും വനപാലകരും ചേര്‍ന്ന് തീരുമാനിച്ചു. മനുഷ്യനും കടുവയും തമ്മിലുള്ള ഈ കലഹത്തിനോടുവില്‍ കടുവ വെടിയേറ്റ്‌ കൊല്ലപ്പെട്ടു.
110 ഓളം കോളനികളാണ് വയനാട്ടിലെ വന്യമൃഗ സങ്കേതത്തില്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നത്, വേറെ 20  കോളനികള്‍ വന്യമൃഗ സങ്കേതത്തിന്റെ കോര്‍ ഭാഗത്തുള്ളതായും പറയപ്പെടുന്നു. അത് കൊണ്ട് മനുഷ്യനും മൃഗവും തമ്മിലുള്ള കലഹങ്ങള്‍ (man-animal conflict) ഈ പ്രദേശത്തു സാധാരണമാണ്.  കിടങ്ങ് കുഴിക്കുക, ഭിത്തി കെട്ടുക വൈദുതി കമ്പി വേലി കെട്ടുക തുടങ്ങിയ പദ്ധതികള്‍ പരിഹാരമെന്നോണം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ഇതൊന്നും ഫലവത്താകാത്ത സന്ദര്‍ഭങ്ങളില്‍ നഷ്ടപരിഹാരമായി സര്‍ക്കാര്‍ പണം നല്‍കാറുണ്ട്. എന്നിരുന്നാലും ശാശ്വത പരിഹാരമെന്ന നിലയില്‍ അപകട മേഘലയില്‍ താമസിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കി മാറ്റി പാര്‍പ്പിക്കണമെന്നും 1986 ല്‍ ഒരുത്തരവിലൂടെ കേരള ഹൈക്കോടതി പറയുകയുണ്ടായി. 10 ലക്ഷം രൂപാ പുനരധിവാസത്തിനുള്ള സഹായമായി ഒരു കുടുംബത്തിനു നല്‍കാന്‍ കേന്ദ്ര സക്കാരിനു വകുപ്പുകള്‍ ഉണ്ട്, ബാക്കി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. സ്ഥലത്തിനു വിലക്കൂടുതലുള്ള കേരളത്തില്‍ ഇത് ഒരു വലിയ തുകയല്ലെങ്കിലും അവിടെയുള്ള കുടുംബങ്ങള്‍ ഒഴിഞ്ഞു പോകാന്‍ സമ്മതമുള്ളവരാണ്. അത് വഴി 1700 ഏക്കര്‍ ഭൂമി തിരികെ വനഭൂമിയായി മാറുകയും ചെയ്യും. എന്നാല്‍ ഇത് സാധ്യമാകാന്‍ സര്‍ക്കാര് ഭാഗത്ത് നിന്നും ഇനിയും നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇന്ത്യയിലാകെയുള്ള  41 ടൈഗര്‍ റിസര്‍വ് വനങ്ങളിലായി 1706 കടുവകളുളളതായാണ് ഏറ്റവും ഒടുവിലത്തെ കണക്കുകളില്‍ പറയുന്നത്. ഇത് കൂടാതെ 5 കടുവ സങ്കേതങ്ങള്‍ കൂടി പ്രാഥമികമായി അംഗീകരിച്ചിട്ടുണ്ട് വേറെ 6 വന പ്രദേശങ്ങള്‍ കൂടി ഇതിനായി നിര്‍ദ്ദേശിക്കാന്‍ അതാതു സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൊന്നും വയനാട് വന്യമൃഗ സങ്കേതം വന്നിട്ടില്ല. നമ്മുടെ  ദേശീയ മൃഗമായ കടുവയെ സംരക്ഷിക്കുന്നതിലൂടെ അത് അതിവസിക്കുന്ന പ്രദേശത്തെ ആവാസ വ്യവസ്ഥയെ തന്നെ  പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുന്നത്. വേറൊരു വിധത്തില്‍ നോക്കിയാല്‍ കടുവ സംരക്ഷണം വന സംരക്ഷണം തന്നെയാണ്. അതാണ് കടുവ സംരക്ഷണത്തിനു ഇത്രയധികം പണവും ശ്രദ്ധയും ലഭിക്കാന്‍ കാരണം. പറമ്പികുളം ടൈഗര്‍ റിസെര്‍വ് തന്നെ ഉദാഹരണമായി നമുക്ക് കാണാന്‍ കഴിയും. പറമ്പികുളം ടൈഗര്‍ റിസെര്‍വ് അതിന്റെ പ്രവര്‍ത്തന മികവു കാരണം ദേശീയ ശ്രദ്ദ നേടിയിരിക്കുകയാണ്. വനത്തിന്റെ കോര്‍ ഭാഗത്തേക്ക് പ്രവേശനം നിയന്ത്രിച്ചുകൊണ്ട് കൃത്യമായ ബഫര്‍ സോണില്‍ എക്കോ ടൂറിസം അനുവദിക്കുക വഴി തദ്ദേശീയരായ ആദിവാസികള്‍ക്ക് വരുമാനം നേടാന്‍ അവസരം ഉണ്ടാകുന്നു. 2004 നു ശേഷം ഇവിടെ മൃഗ വേട്ട റിപ്പോര്‍ട്ടു ചെയ്തിട്ടില്ല, 2007 നു ശേഷം കാട്ട് തീയും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. man-animal conflict തീരയില്ല, വയനാട്ടിലെ ജന ജീവിതം ഇത് പോലെ അല്ലെങ്കിലും പറമ്പികുളത്തെ നേട്ടങ്ങള്‍ ഒരു പാഠം ആകേണ്ടതാണ്.
344.44 Sq . കിലോ മീറ്ററുള്ള വയനാട് വന്യമൃഗ സംരക്ഷണ സങ്കേതത്തില്‍ 80 ഓളം കടുവകളും 10 കുട്ടി കടുവകളും ഉള്ളതായി കണക്കാക്കുന്നു. മാത്രമല്ല ഈ വനപ്രദേശം ബന്ദിപൂര്‍, മുതുമലൈ തുടങ്ങിയ ടൈഗര്‍ റിസര്‍വ് വന പ്രദേശങ്ങളുടെ തുടര്‍ച്ചയായിട്ടുള്ളതുമാണ്. അങ്ങനെ വരികില്‍ ഈ ഭാഗം ഒരു കടുവ റിസര്‍വ്  ആയി പ്രഖ്യാപിക്കാന്‍ എല്ലാ സാധ്യതകളും ഉള്ള ഒരു വന പ്രദേശം ആണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയാല്‍ വയനാട് വന്യമൃഗ സങ്കേതത്തെ ഒരു ടൈഗര്‍ റിസേര്‍വായി കേന്ദ്ര ഗവര്‍ന്മേന്റിനു പ്രഖ്യാപിക്കാനാകും. ഇങ്ങനെ ഒരു തീരുമാനം എടുക്കാതിരിക്കാനുള്ള പ്രധാനകാരണം ആ പ്രദേശത്തെ man-animal conflict ആണ്. ഈ പശ്ചാത്തലത്തിലാണ് വയനാട്ടിലെ പൂര്‍വാധികം ശക്തമായ പ്രതിഷേധ സമരങ്ങളെ വിലയിരുത്തേണ്ടത്. മൃഗ സംരക്ഷണമാണോ, അതോ മനുഷ്യ സംരക്ഷണമാണോ സര്‍ക്കാരിന് പ്രധാനം എന്ന ഒരു ചോദ്യം ഉയരുന്ന വിധം കാര്യങ്ങള്‍ കൊണ്ടെത്തിച്ചതില്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
വയനാട്ടിലെ വന്യമൃഗ സങ്കേതത്തെ ഒരു ടൈഗര്‍ റിസേര്‍വ് ആയി പ്രഖ്യാപിച്ചാല്‍ അത് ദോഷമായി വരിക പ്രധാനമായും വനം കയ്യേറ്റക്കാരെയും വനത്തില്‍ റിസോര്‍ട്ടുകളും മറ്റും നടത്തുന്നവരെയും പിന്നെ അവിടുത്തെ റിയല്‍ എസ്റ്റേറ്റില്‍ താല്പര്യമുള്ളവരെയും ആണ്. ഇങ്ങനെയുള്ള കാരണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഇത്തരം തല്പര കക്ഷികള്‍ വയനാട്ടിലെ ജനങ്ങളെ വ്യാജ പ്രചാരണത്തിലൂടെ ഉപയോഗിച്ചതാണോ എന്ന സംശയം ബാക്കിനില്‍ക്കുകയാണ്. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടതാണ്.





Wednesday, 5 December 2012

ഉദാരതയുടെ രണ്ടാം തിരയിളക്കം, അല്പം രാഷ്ട്രീയം


1991 ജൂലൈ 21 നു തന്റെ ചരിത്രം സൃഷ്ടിച്ച ബഡ്ജറ്റു പ്രസംഗം ഉപസംഹരിച്ചു കൊണ്ടു മന്‍മോഹന്‍ സിംഗ് പറഞ്ഞത് നാം തുടങ്ങിവെച്ച ഈ യാത്ര ദുര്‍ഘടം പിടിച്ചതാണ് അതിലെ പ്രയാസങ്ങളെ കുറച്ചു കാണാന്‍ ശ്രമിക്കുന്നില്ല എന്നാണു. രണ്ടാഴ്ചത്തേക്ക് മാത്രം നീക്കിയിരുപ്പ് പണം അവശേഷിച്ചിരുന്ന ഒരു രാജ്യത്തിലെ ജനങ്ങള്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ട് മുന്നോട്ടു പോകാന്‍ അന്ന് തയ്യാറായിരുന്നു. പക്ഷെ പിന്നീട് കാലം തെളിയിച്ച വസ്തുത വേറൊന്നാണ്, ഒരു വിഭാഗം ജനങ്ങള്‍ മാത്രമായിരുന്നു യാത്രയിലെ ദുര്‍ഘടം പേറിയത്, കുത്തക കമ്പനികള്‍ക്കും ധനാഡ്യര്‍ക്കും യാത്ര സുഗമമായിരുന്നു. 1991 നും 2011 നും ഇടയ്ക്ക് ശരാശരി ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 7% ആയിരുന്നെങ്കില്‍ ഈ കാലത്തെ കാര്‍ഷിക രംഗത്തെ വളര്‍ച്ച 2 .8% മാത്രമായിരുന്നു. പകുതിയിലധികം ജനങ്ങളും കര്‍ഷകരായിട്ടുള്ള ഒരു രാജ്യത്തെ വളര്‍ച്ചയുടെ ഈ അസന്തുലിത ഇന്ത്യ ഒട്ടാകെ ഭീമമായ തോതില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിനു ഇടവരുത്തി. ലോകത്തിലെ പത്താമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യ, 2011 ലെ മാനവ വികസനത്തിന്റെ അളവുകോലില്‍ (Human Development Index) 187 രാജ്യങ്ങളുടെ പട്ടികയില്‍ 134 ആം സ്ഥാനത്തു നില്‍ക്കുന്നു എന്നത് നാം കടന്നു വന്ന പാതയുടെ പ്രത്യേകത അടിവരയിടുന്നതാണ്.
1991 ല്‍ നരസിംഹ റാവു മന്ത്രിസഭയിലേക്ക് മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായി വരുമ്പോള്‍ അദ്ദേഹം കുത്തക മുതലാളിമാര്‍ക്കും അമേരിക്കന്‍ നയ രൂപീകരണ വിദഗ്ദര്‍ക്കും പ്രിയങ്കരനായിരുന്നു. അന്ന് തൊട്ടിന്നുവരെക്കും അതങ്ങനെ തന്നെയാണ് താനും. എന്നാല്‍ ഒന്നാം യുപിഎയിലെ ഇടതുപക്ഷ സ്വാധീനവും രണ്ടാം യുപിഎയിലെ പ്രായോഗിക രാഷ്ട്രീയാചാര്യനായ പ്രണാബ് മുക്കര്‍ജിയുടെ വ്യക്തി പ്രഭാവവും മന്‍മോഹന്‍ സിംഗിന് തന്റെ സാമ്പത്തിക ശാസ്ത്ര വൈഭവം പ്രയോഗവത്കരിക്കുന്നതില്‍ തടസ്സങ്ങളായിനിന്നു. അങ്ങനെയിരിക്കെയാണ് കുടങ്കുളം അണു നിലയത്തിന് നേരെയുള്ള എതിര്‍പ്പിനു പിന്തുണ നല്‍കുന്നു എന്ന് പറഞ്ഞു അമേരിക്കയെ കുറ്റപ്പെടുത്താന്‍ മന്‍മോഹന്‍ സിംഗ് നിര്‍ബന്ധിതനായത്. അതോടൊപ്പം തന്നെ ഉദാരവത്കരണത്തിന്റെ തുടര്‍ച്ചയായി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നടപടികളുടെ കാലതാമസ്സവും കൂടിച്ചേര്‍ന്നപ്പോള്‍ അമേരിക്കന്‍ ലോബിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഈ ഒരു സന്ദര്‍ഭത്തിലാണ് വാഷിഗ്ടണ്‍ പോസ്റ്റ് മന്‍മോഹന്‍ സിംഗിനെ കഴിവില്ലാത്തവനെന്നു വിളിക്കാന്‍ തുനിഞ്ഞത്. നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കാനുള്ള മന്‍മോഹന്‍ സിംഗിന്റെ തത്ത്രപ്പാടാണ് തുടര്‍ന്ന് നാം കണ്ടത്.
ഉദാര വത്കരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ചെറുകിട വ്യാപാരത്തിലെ വിദേശ നിക്ഷേപം 51 % ആയിട്ടുയര്‍ത്തിയപ്പോഴും തുടര്‍ന്ന് ഇന്‍ഷുറന്‍സ് രംഗത്തെ വിദേശനിക്ഷേപം 26% ല്‍ നിന്ന് 49% ആക്കിയപ്പോഴും പ്രധാന പ്രതിപക്ഷമായ BJP യുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അവര്‍ക്ക് നയപരമായി കോണ്‍ഗ്രസ്സുമായി വലിയ ഭിന്നതയില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു. വാജ്പായി പ്രധാനമന്ത്രി ആയിട്ടിരുന്ന കാലത്ത് പൊതു മേഖലയിലെ നിക്ഷേപങ്ങള്‍ വിറ്റഴിക്കുന്നതിനു മാത്രമായി ഒരു മന്ത്രാലയവും അവിടെ ക്യാബിനറ്റ് മന്ത്രിയായി അരുണ്‍ ഷൌരിയുമുണ്ടായിരുന്നു. അദ്ദേഹത്തിനു ചെറുകിട വ്യാപാരത്തിലെ വിദേശ നിക്ഷേപത്തിനനുകൂലമായി രംഗത്ത് വരാതിരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍  BJP അത് കാര്യമായിട്ടെടുത്തില്ല മാത്രമല്ല അങ്ങനെയുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ടിയില്‍ ഉണ്ടാകാം പക്ഷെ BJP യുടെ നിലപാട് അതല്ല എന്ന ഒരു മൃദു സമീപനമാണവര്‍ എടുത്തത്. വിദേശനിക്ഷേപം 49% ത്തില്‍ നിന്ന് 51%മാകുമ്പോള്‍ ഉണ്ടാകുന്ന നയപരമായ വത്യാസം 26% ത്തില്‍ നിന്ന് 49% ആകുമ്പോള്‍ ഇല്ല എന്നിരിക്കെ ഇന്‍ഷുറന്‍സ് രംഗത്തെ നിക്ഷേപ വര്‍ധന എതിര്‍ക്കുക വഴി പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുക മാത്രമാണ് BJP ചെയ്തത്.
ഉദാര വത്കരണത്തിന്റെ അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ടുന്ന നടപടികളെക്കുറിച്ച് വിജയ്‌ കേല്‍ക്കര്‍ കമ്മിറ്റി ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. അതില്‍ പ്രധാനമായിട്ടു പറയൂന്നത് എല്ലാത്തരം സബ്സിഡികളും നിര്‍ത്തലാക്കണമെന്നാണ്. ഇത് സാധാരണക്കാരനെ എത്രത്തോളം ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ വലിയ സാമ്പത്തിക വിജ്ഞാനമൊന്നും വേണ്ട. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ ഒന്നാം ഘട്ടത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ചു, തെറ്റുകള്‍ തിരുത്തിയുള്ള ഒരു നയ രൂപീകരണം തുടര്ന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചവര്‍ക്ക്‌ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഒന്നാം UPA യുടെ അവസാന കാലത്ത് ഇന്ത്യ-അമേരിക്ക അണുശക്തി കരാറിനോട് ഇടതുപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഭരണത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നാലും കരാറൊപ്പുവെക്കും എന്നാണു. ഇത് പോലെ ഒരു ഉറച്ച തീരുമാനം അദ്ദേഹം പിന്നീട് എടുത്തത് ഉദാരവത്കരണത്തിന്റെ രണ്ടാം തിരയിളക്കത്തോട് എതിര്‍പ്പുമായി മമത ബാനര്‍ജി രംഗത്ത് വന്നപ്പോള്‍ മാത്രമാണ്. ഈ ഒരു ധാര്‍ഷ്ട്യം ലോക്പാല്‍ ബില്ലിന്റെയോ ഭക്ഷിയ സുരക്ഷ ബില്ലിന്റെയോ ഒക്കെ കാര്യത്തില്‍ നമ്മുടെ പ്രധാനമന്ത്രിക്കില്ലാതെ പോയത്, അധികാരം കയ്യാളുന്നവര്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്ന തിരിച്ചറിവാണ് നല്‍കുന്നത്.

Monday, 3 December 2012

ചില്ലറ വില്‍പനയിലെ വിദേശ നിക്ഷേപം, ഒരു വീണ്ടു വിചാരം



ചില്ലറ വില്‍പനയിലെ വിദേശ നിക്ഷേപം ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയില്‍ മികച്ച കാല്‍ വെയ്പ്പാകും എന്നാണു ചില സാമ്പത്തിക ആചാര്യന്മാരും, ഊഹാക്കച്ചവിട്ക്കാരും, പിന്നെ കുറച്ചു ചാനല്‍ ഗുരുക്കന്മാരും നമ്മെ പറഞ്ഞു പഠിപ്പിക്കുന്നത് . എന്നാല്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഒഴിച്ചു നമ്മുടെ രാഷ്ട്രീയക്കാരിലെ വലിയ പങ്കും അങ്ങനെ പരസ്യമായി പറയാന്‍ ധൈര്യപ്പെടുന്നില്ല. പുതിയ ഉദാരവത്കരണ നയങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ടി പിന്തുണ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലെ കോണ്ഗ്രസ്സുകാര്‍ക്ക് അത് സ്വീകാര്യമല്ല, കാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അതിനനുയോജ്യമല്ല, സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് അവര്‍ വ്യാകുലപ്പെടുന്നുമില്ല. 10 ലക്ഷത്തിലധികം ജനങ്ങള്‍ ഉള്ള 7 പട്ടണങ്ങള്‍ കേരളത്തിലുണ്ട്. ഉത്തര്‍ പ്രദേശോഴികെ മറ്റു സംസ്ഥാനങ്ങളിലൊന്നും ചില്ലറ വില്‍പനയിലെ വിദേശ നിക്ഷേപത്തിനു സാധ്യതയുള്ള  ഇത്രയും പട്ടണങ്ങളില്ല. അത് കൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയക്കാരുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമെന്നുറപ്പാണ്.
UPA യില്‍ നിന്ന് പിന്തുണ പിന്‍വലിച്ച മമതയെ ഉടന്‍ തന്നെ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ കല്‍ക്കട്ടയില്‍ പോയിക്കണ്ടത് പുതിയ നയങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്, കാശ്മീരിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നു തീരുമാനിക്കേണ്ടത് മമതയോ മുലായംമോ അല്ല എന്നാണു. നമ്മുടെ പ്രാദേശിക രാഷ്ട്രീയം പോകുന്ന വഴിയെക്കുറിച്ചു ഇതില്‍ സൂചനകളുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപത്തിന്റെ നല്ല വശങ്ങളാകും പ്രത്യക്ഷമാകുക നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷമാകും പ്രശ്നങ്ങള്‍ മറ നീക്കി പുറത്തു വരിക അതു കൊണ്ടായിരിക്കാം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൊതു തിരഞ്ഞെടുപ്പു വരാനിരിക്കെ കോണ്‍ഗ്രസ്സു ഈ നയവുമായി മുന്‍പോട്ടു പോകാന്‍ കാരണം.  ചില്ലറ വില്‍പനയിലെ 51% വിദേശ നിക്ഷേപം ഒരു പക്ഷെ നമ്മുടെ വരുംകാല ജീവിത ശൈലിയെത്തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുള്ളതാണ്, അത് കൊണ്ട് തന്നെ ഒരു പരിശോധന ആവശ്യവുമാണ്.
2006 ല്‍ ചില നിയന്ത്രണങ്ങളോടെ കാര്‍ഷിക രംഗത്ത് 100 % വിദേശ നിക്ഷേപം അനുവദിച്ചു, അന്ന് ഉദ്ദേശിച്ചിരുന്നത് ഇത് കാരണം രാജ്യത്ത് കാര്‍ഷിക മേഖലയില്‍ കോള്‍ഡ്‌ ചെയിനും മറ്റു സൗകാര്യങ്ങളും വേണ്ട വിധം ഉണ്ടാകുമെന്നാണ്. എന്നാല്‍ പ്രതീക്ഷിച്ച പോലെ അടിസ്ഥാന സൌകര്യങ്ങളൊന്നും ഉണ്ടായില്ല. ഇവിടെ ഇപ്പോള്‍ തന്നെ  ഇന്ത്യന്‍ കമ്പനികളുടെ വലിയ സ്റ്റോറുകള്‍ ധാരാളം ഉണ്ട്, അവരൊക്കെ അവരുടെതായ രീതിയില്‍ ലാഭം ഉണ്ടാക്കുന്നു എന്നല്ലാതെ കാര്‍ഷിക രംഗത്തെയോ ചെറുകിട വ്യവസായത്തിലെയോ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വലുതായൊന്നും ചെയ്യുന്നില്ല. അത് സര്‍ക്കാരിന്റെ ബാധ്യതയായി തന്നെയാണ് നില നില്‍ക്കുന്നത്.
ഇവിടെ വരാന്‍ പോകുന്ന അന്തര്‍ദേശീയ കമ്പനികള്‍ നിയമം അനുശാസിക്കുന്ന വിധം പണം ചിലവഴിക്കുന്നു എന്ന് എങ്ങനെ ഉറപ്പാക്കും? ഇവരുടെ ചരക്കു സംഭരണം പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കാന്‍ സാധ്യതയുള്ളതുകൊണ്ട് കേന്ദ്രതലത്തില്‍ ഈ കമ്പനികളെ ശ്രദ്ധിക്കണം. ഇതിനെല്ലാം ആദ്യം വ്യക്തമായ ഒരു പദ്ധതി ഉണ്ടാക്കേണ്ടതുണ്ട്. Predatory pricing എന്ന തന്ത്രമാവും വിദേശ കമ്പനികള്‍ ആദ്യം ഉപയോഗിക്കുക അതായത് ഏതെങ്കിലും ഒരു ബ്രണ്ടോ വസ്തുവോ തിരഞ്ഞെടുത്തത്തിന് ശേഷം അതിന്റെ വില ക്രമാതീതമായി കുറച്ചു വിറ്റുകൊണ്ട്, മത്സര രംഗത്തുള്ള മറ്റു വിതരണക്കാരെയോ, അല്ല എങ്കില്‍ മറ്റു ബ്രാന്‍റിനെയോ ഒഴിഞ്ഞു മാറാന്‍ നിര്‍ബന്ധിതരാക്കും എന്നതാണത്. വലിയ സാമ്പത്തിക അടിത്തറയുള്ള വിതരണ ശ്രുന്ഖലകള്‍ ഉയര്‍ന്ന അളവില്‍ കാര്‍ഷിക വിളകള്‍ വാങ്ങാന്‍ എത്തുന്നത് കൊണ്ട് വില നിശ്ചയിക്കാനുള്ള അവസരവും അവര്‍ക്കുതന്നെ കൈവരും. ഇതു മൂലമുണ്ടാകുന്ന ദുരിതം അനുഭവിക്കേണ്ടി വരിക ചെറുകിട കര്‍ഷകര്‍ക്കാകും. സൌത്ത് അമേരിക്കയിലും ഘാനയിലും മറ്റുമുള്ള കാപ്പി, കൊക്കോ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില കിട്ടുന്നില്ല എന്ന് ഉദാഹരണമായിപ്പറയാറുണ്ട്. ചില ബ്രാന്‍റുകളെക്കുറിച്ച് അനാവശ്യമായ വിശ്വാസം ജനങ്ങളുടെ ഇടയില്‍ പരസ്യം വഴിയായും മറ്റും ഉണ്ടാക്കിയെടുക്കുകയും അതിന്‍റെ വര്‍ദ്ധിച്ച വില്പനയിലൂടെ തദ്ദേശീയ വ്യവസായങ്ങളെ തകര്‍ച്ചയിലേക്ക് തള്ളി വിടാനും വിദേശ നിക്ഷേപകരുടെ ചെയ്തികള്‍ കാരണമാകും.
തൊഴില്‍ ഇല്ലായ്മ വലിയ തോതില്‍ നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ പലരും ചെറുകിട കച്ചവിടത്തിലേക്ക് ഒരു വരുമാനം എന്ന നിലയില്‍ എത്തിപ്പെടാന്‍ നിര്‍ബന്ധിതരകുകയാണ്. വാള്‍ -മാര്‍ട്ട് ലെ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായ വാര്‍ഷിക വരുമാനം നോക്കിയാല്‍ അത് ചെറുകിട വ്യവസായത്തിലെ ശരാശരി ഇന്ത്യന്‍ അനുപാതത്തിന്റെ 95 മടങ്ങാണ്. ഇതില്‍ നിന്നും നമുക്കുണ്ടാകാന്‍ പോകുന്ന തൊഴില്‍ നഷ്ടത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകും.
നല്ല സാമ്പത്തിക അടിത്തറയുള്ള വിദേശ കമ്പനികളും കൂടി വരുമ്പോള്‍ പിടിച്ചു നില്‍കാന്‍ കഴിയാതെ പോകുന്ന ചെറുകിട കര്‍ഷകര്‍, ചില്ലറ വ്യാപാരികള്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഒരു സംരക്ഷണ സംവിധാനം ഒരുക്കേണ്ടതാവശ്യമാണ്. 1992 മുതല്‍ 2004 വരെയുള്ള 12 വര്‍ഷക്കാലം കൊണ്ട് പടിപടിയായിട്ടാണ് ചൈന ചില്ലറ വില്പനയില്‍ വിദേശ നിക്ഷേപം പൂര്‍ണമായും അനുവദിച്ചത്, ഈ കാലത്തിനുള്ളില്‍ അവര്‍ ഒരു രാജ്യാന്തര മത്സരത്തിനു ഒരുങ്ങിക്കഴിഞ്ഞിരുന്നു. നമ്മളും അത് പോലെ ഒരു മത്സരത്തിനു ഇറങ്ങെണ്ടതു ആവശ്യമാണെന്നു പറയുമ്പോള്‍ അതിനുള്ള തയാറെടുപ്പും നടത്തേണ്ടതുണ്ട്, അല്ല എങ്കില്‍ പിന്‍മാറാനാവാത്ത അവസ്ഥയില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റു വാങ്ങിക്കൊണ്ടിരിക്കും.

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ



ഈ നാട്ടിലെ വളര്‍ന്നു വരുന്ന ഉപഭോക്ത സംസ്കാരം അതിന്റെ ഉപോല്‍പ്പന്നമായി അവശേഷിപ്പിക്കുന്ന ഒരു സാമൂഹിക വിപത്താണ് അസംതൃപ്തരും അത് കൊണ്ടുതന്നെ കുറ്റവാസന അധികരിച്ചവരുമായ ഒരു പറ്റം ചെറുപ്പക്കാര്‍ . ഭയാനകമായി വര്‍ദ്ധിച്ചു വരുന്ന ലൈംഗീക പീഡനങ്ങള്‍ക്കും സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ക്കും വേറെ കാരണങ്ങള്‍ തേടി അലയേണ്ടതില്ല. ഇതിനു തൃപ്തികരമായ പരിഹാരം കണ്ടെത്താന്‍ എന്ത് കൊണ്ട് കഴിയുന്നില്ല എന്നതാണ് നമ്മെ അലട്ടേണ്ടുന്ന പ്രശ്നം.
സുരക്ഷിത ബോധത്തോടെ വീടിനു പുറത്തുപോകാന്‍ കഴിയാത്ത ഒരവസ്ഥയാണ് ഇന്ന് സ്ത്രീകള്‍ക്കുള്ളത്. ക്യാമറ ഫോണുകളുടെ വ്യാപകമായ ഉപയോഗം കാരണം തുണിക്കടകളിലെ ട്രയല്‍ മുറികളോ പൊതു സ്ഥലങ്ങളിലെ  ടൊയിലറ്റുകളോ വിശ്വാസത്തോടെ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് തുടങ്ങി പീഡനങ്ങളിലൂടെ കൊലപാതകം വരെയുള്ള സാധ്യതകളിലൂടെയാണ് ദിനേന ഓരോ സ്ത്രീയും കടന്നു പോകുന്നത്. “ട്രസ്റ്റ് ലോ” എന്ന ഒരു അന്തര്‍ദേശീയ സ്ത്രീ സഹായ സംഘടന നടത്തിയ പഠനം അനുസരിച്ച്, സ്ത്രീകളുടെ ജീവിതത്തിനു ഏറ്റവും അപകടകരമായ 5 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആഭ്യന്തര കലാപങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ അഫ്ഘാനിസ്ഥാനും, കോംഗോയും, പാകിസ്ഥാനും, സോമാലിയായുമാണ് മറ്റു രാജ്യങ്ങള്‍) വിദ്യാഭ്യാസം, ആരോഗ്യം, ആണ്‍ (1000 ) പെണ്‍ (1084 ) അനുപാതം തുടങ്ങിയ രംഗങ്ങളില്‍ എല്ലാം തന്നെ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ സ്ത്രീകളുടെ നേരെയുള്ള ആക്രമണവും ഏറെ നടക്കുന്നുണ്ട് എന്നാണു (NCRB) കണക്കുകള്‍ പറയുന്നത്.

1971 നും 2011 നും ഇടയില്‍ ബലാത്സംഗങ്ങളുടെ എണ്ണത്തില്‍ 873 % വര്‍ധനയാണ് ഉണ്ടായത്. ഇക്കാലത്ത് കൂടുതല്‍ ആളുകള്‍ പരാതിപ്പെടാന്‍ ധൈര്യപ്പെട്ടു മുന്നോട്ടു വരുന്നതാണ് സ്ത്രീകളുടെ നേരെയുള്ള കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും അത് വഴി കണക്കില്‍ വര്‍ധനയുണ്ടാകാനും കാരണമായി ചിലരെങ്കിലും പറയുന്നത്. എന്നാല്‍ ഈ ന്യായം പ്രശ്നങ്ങളുടെ ഗൌരവം കുറക്കാന്‍ മതിയാകുന്നതല്ല. ഭര്‍ത്താവിന്റെയോ മറ്റു ബന്ധുക്കളുടെയോ ക്രൂരത, ലൈംഗീക പീഡനം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റ കൃത്യങ്ങളാണ് പ്രധാനമായും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ സ്ത്രീയിക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ഒരു കണക്കിലും വന്നിട്ടില്ല അത് പോലെ തന്നെയാണ് പ്രേമം നിരസിച്ചതിന്റെ പേരിലുള്ള ആസിഡ് ആക്രമണവും. വ്യഭിചാരത്തിന് വേണ്ടി കടത്തിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കണക്കില്ലാത്തതാണ്. ഈ ആക്രമണങ്ങളില്‍ നിന്നെല്ലാം രക്ഷപെട്ടുപോയ ഒരു വിഭാഗമുണ്ട് അവരാണ് പിറക്കുന്നതിനു മുന്‍പേ മരിച്ചു പോയ പെണ്‍കുഞ്ഞുങ്ങള്‍ , കഴിഞ്ഞ ദശകത്തില്‍ 30 ലക്ഷം പെണ്‍ കുഞ്ഞുങ്ങളെയാണ് ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ഇന്ത്യക്കാര്‍ കൊന്നു കളഞ്ഞത്. ഇതിനെല്ലാം പുറമെയാണ് ഇന്ത്യയില്‍ ഇടക്കെല്ലാം ഉണ്ടാകുന്ന വര്‍ഗീയ ലഹളകളുടെ ഇരകളായിത്തീരുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ദുരന്തങ്ങള്‍ 
ചിലപ്പോഴെങ്കിലും സ്ത്രീകളുടെ നേരെയുള്ള ആക്രമത്തിന് ഒത്താശ ചെയ്യുകയോ നേതൃത്വം കൊടുക്കുകയോ ചെയ്യുന്നത് വേറൊരു സ്ത്രീ തന്നെ ആകുന്നതും കാണാന്‍ ഇടയാകുന്നുണ്ട്.  2002 ല്‍ നരോദ പട്യയയില്‍ നടന്ന കൂട്ടക്കൊലയില്‍ 36 സ്ത്രീകളും, 35 കുട്ടികളും, 26 പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. അടുത്ത ബന്ധുക്കളുടെ മുന്‍പില്‍ വെച്ച് സ്ത്രീകളെ വിവസ്ത്രരാക്കി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് പെട്രോളൊഴിച്ചു കത്തിക്കുകയും ചെയ്തതിനു നേതൃത്വം കൊടുത്തവരില്‍ മായ കൊദ്നാനി എന്ന സ്ത്രീയുമുണ്ടായിരുന്നു.  ഒരു ഡോക്ടറായ ഇവര്‍ക്ക് പ്രതിഫലമെന്നോണം പിന്നീട് ഗുജറാത്ത് മന്ത്രിസഭയില്‍ വനിതാ ശിശു ക്ഷേമ വകുപ്പില്‍ തന്നെ മന്ത്രിയാകാന്‍ കഴിഞ്ഞു. പരിഷ്കൃത സമൂഹം എന്ന വിളി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് തീര്‍ത്തും ഭൂഷണമല്ലാത്ത ഈ പ്രവര്‍ത്തി ചെയ്തവര്‍ക്ക് 10 വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും ശിക്ഷകൊടുക്കാന്‍ സാധിച്ചത് നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിട്ടാണ് കരുതപ്പെട്ടത്. കെട്ടുറപ്പുള്ള കുടുംബ ജീവിതത്തിന് പ്രേരിപ്പിക്കുന്ന ഒരു സംസ്കൃതി പാരമ്പര്യമായി കിട്ടിയ നമ്മുടെ രാജ്യം സ്ത്രീകളുടെ നേരെയുള്ള ക്രൂരതയില്‍ ഇത്രയും അധപതിക്കാന്‍ ഇടയായതു ധാര്‍മീക മൂല്യങ്ങളുടെ ശോഷണമാണ് വെളിവാക്കുന്നത്.
സ്ത്രീകളുടെ നേരെയുള്ള പരാക്രമത്തെ ഒരു സാമൂഹ്യ വിപത്തായിക്കണ്ടുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പൊതു സമൂഹവും കൂട്ടായ്മയോടെ നടപടികള്‍ സ്വീകരിക്കുകയും ഫലപ്രദമായി നടപ്പാക്കുകയും മാത്രമേ പ്രധിവിധിയുള്ളൂ. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കുകയും ചെറുപ്പം മുതല്‍ തന്നെ അവരില്‍ ഒരു അവബോധം വളര്‍ത്തിയെടുക്കുകയും ചെയ്യണം. അതിവേഗ കോടതികളിലൂടെ കാലതാമസ്സമില്ലാതെ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ കിട്ടുമെന്ന് വരികയും അത് മാധ്യമങ്ങളിലൂടെ ജനങ്ങളറിയുകയും ചെയ്യുമ്പോള്‍ മാത്രമാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നാം വിട്ടു വീഴ്ചയില്ലാത്ത ഒരു സമൂഹമായി മാറുന്നത്. തെറ്റ് ചെയ്‌താല്‍ കടുത്ത ശിക്ഷ കിട്ടും എന്ന സ്ഥിതി വലിയ ഒരളവു വരെ കുറ്റ കൃത്യങ്ങള്‍ കുറയാനിടവരുത്തും. അടുത്ത കാലത്ത് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച “നിര്‍ഭയ” പരിപാടിയുടെ വിജയം എത്രത്തോളമെന്ന് പറയാറായിട്ടില്ല. അതിന്റെ മാര്‍ഗ രേഖകളായി പറയുന്ന പ്രതിരോധം, ശിക്ഷ, സംരക്ഷണം, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങള്‍ ലക്‌ഷ്യം കാണട്ടെ എന്നാഗ്രഹിക്കാം. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബഹുമാനിക്കാനും സംരക്ഷിക്കാനും പരിപാലിക്കാനും കഴിയാത്ത ഒരു സമൂഹത്തിനു അധികകാലം കെട്ടുറപ്പോടെ നില നില്‍കാന്‍ ആകില്ല.

Saturday, 1 December 2012

ന്യുട്രിനോയുടെ രാഷ്ട്രീയം

India-based  Neutrino Observatory പ്രോജക്റ്റ്മായി ബന്ധപ്പെട്ട Environment Assessment Impact  പഠനം തന്നെ പറയുന്നത് പദ്ധതിയുടെ നിര്‍മാണ ഘട്ടത്തില്‍ പ്രകൃതിക്ക് കുഴപ്പമുണ്ടാകുമെന്നാണ്. ധൃതിയില്‍ മൂന്നു മാസം കൊണ്ടാണ് ആദ്യ ഡോക്കുമന്‍റു എഴുതിയുണ്ടാക്കിയതെന്നു പറയുന്നു. ഇവിടേയ്ക്ക് ഒരു പുതിയ റോഡും, റയില്‍ ട്രാക്കും നിര്‍മ്മിക്കാനും ശ്രമമുണ്ടെന്നു ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നു. മുദുമലൈ ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണിലാണ് പദ്ധതി പ്രദേശം ഉള്ളത്. INO ക്കു വേണ്ടി  തുരങ്കം ഉണ്ടാക്കുമ്പോള്‍ പുറത്തേക്ക് വരുന്ന 2 .25 ലക്ഷം കുബിക് മീറ്റര്‍ പാറയും മണ്ണും വളരെ അധികം പരിസ്ഥിതി ജൈവ പ്രാധാന്യമുള്ള സമീപ പ്രദേശങ്ങളിലേക്ക് തള്ളുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് EAI വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഇങ്ങനെ ഒരു പരീക്ഷണ ശാല വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇതിനു പകരം വേറൊരു സ്ഥലം ഇന്ത്യയില്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. തന്നെയുമല്ല കോളാര്‍ ഗോള്‍ഡ്‌ ഫീല്‍ഡില്‍ സമാനമായ ഒരു പരീക്ഷണ ശാല ഉണ്ടായിരുന്നത് അതിന്റെ സംരക്ഷണ ചെലവ് കൂടുതലാണെന്ന് പറഞ്ഞു അടച്ചു പൂട്ടുകയാണ് ചെയ്തത്. INO യുടെ ബഡുജറ്റു വെച്ച് നോക്കുമ്പോള്‍ കോളാര്‍ ഗോള്‍ഡ്‌ ഫീല്‍ഡില്‍ ഉണ്ടായിരുന്ന പരീക്ഷണ ശാലയുടെ സംരക്ഷണ ചിലവ് തുശ്ചമായിരുന്നു. 

അതൊക്കെ നിലനില്‍ക്കെതന്നെ ഇങ്ങനെ ഒരു ബിഗ്‌ ബഡുജറ്റ് പരീക്ഷണ ശാലയുടെ ആവശ്യകതയെക്കുറിച്ചും സംശയമുണ്ടാകുന്നുണ്ട്. ഫണ്ടമന്‍റല്‍ ഫിസിക്സില്‍ ലോകരാജ്യങ്ങള്‍ പരസ്പരം സഹകരിക്കുന്നു എന്ന് പറയുന്നെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും തമ്മില്‍ ഒരു മത്സരത്തിലാണുള്ളത്, ഇതില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ പ്രധാന പ്രശ്നം അവര്‍ക്ക് വേണ്ടത്ര പണം അനുവദിക്കപ്പെടുന്നില്ല എന്നതാണ്. തന്നെയുമല്ല neutrino യുടെ ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്ക്‌ അമേരിക്കയില്‍ നിന്ന് വളരെ ദൂരയുള്ള ഒരു പരീക്ഷണ ശാല ആവശ്യവുമാണ്‌ എങ്കില്‍ മാത്രമേ പ്രകാശത്തെക്കാള്‍ വേഗത neutrino യിക്ക് ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. ഈ രണ്ടു പ്രശ്നങ്ങള്‍ക്ക് മുള്ള പരിഹാരമാണ് INO.  Neutrino യുടെ മറ്റു സാധ്യതകള്‍ പറയുന്നത് മെഡിക്കല്‍ ഇമെജിഗിംനു ഉപയോഗിക്കാന്‍ സാധിച്ചേക്കാം, അത് പോലെ നുക്ലിയര്‍ ഫിഷന്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന Neutrino തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ലോകത്തെവിടെ നടക്കുന്ന അണു പരീക്ഷണങ്ങളും മണത്തറിയാന്‍ പറ്റും എന്നൊക്കെയാണ്. ഇത്തരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും വളരെ പിന്നിലുളള നമുക്ക് ഇപ്പോള്‍ ഇത്രയും മുതല്‍ മുടക്കി ഇങ്ങനെ ഒരു പരീക്ഷണ ശാല ഉണ്ടാക്കുന്നത്‌ കൊണ്ട് പരിമിതമായ പ്രയോജനമേ ഉണ്ടാകുകയുള്ളൂ.  $250 മില്യണ്‍ ചിലവ് വരുന്ന ഈ പദ്ധതി പ്രധാനമായും ഫണ്ട് ചെയ്യുന്നത് Department of Atomic Energy യും Department of Science & Technology യുമാണ്, ഈ പദ്ധതിയുടെ പ്രയോജനമായി അധികാരികള്‍ തന്നെ പറയുന്നത് ഇങ്ങനെ യാണ് The main idea is to collaborate in a global research project and also bring back some of those learnings to conduct world class research in our own backyard : Prof Naba Mondal, Spokesperson, INO . ചുരുക്കത്തില്‍ ഈ പരീക്ഷണ ശാലയുടെ പ്രയോജനം കൂടുതലും ഉണ്ടാകുക അമേരിക്കക്കായിരിക്കും.