Thursday, 29 November 2012

‘സമാധാനം’ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി നിര്‍വചിച്ചപ്പോള്‍

യൂറോപ്യന്‍ യൂണിയന് സമാധാനത്തിനുള്ള 2012 ലെ അവാര്‍ഡ് നല്‍കിയതായി പ്രഖ്യാപിച്ചു കൊണ്ട് നോബല്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞത്, യൂറോപ്പിനെ യുദ്ധങ്ങളുടെ ഭൂഖണ്ഡമെന്നതില്‍ നിന്ന് സമാധാനത്തിന്റെ ഭൂഖണ്ഡമായി മാറ്റാന്‍ യൂറോപ്യന്‍ യൂണിയന് കഴിഞ്ഞു എന്നാണു. യൂറോപ്പിന് അകത്തും പുറത്തും നിന്ന് ധാരാളം ആളുകള്‍ ഇതിനകം തന്നെ നോബല്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തെ പരിഹാസത്തോടെ വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയുടെ ഈ തീരുമാനം അവരുടെ രാഷ്ട്രീയത്തിന്റെയും വിദേശ നയത്തിന്റെയും ഭാഗമാണ് എന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.

2009 ല്‍ അമേരിക്കന്‍ പ്രസിഡന്‍റു ഒബാമ ഈ സമ്മാനം നേടിയപ്പോഴും ഇതേ പോലെ അമ്പരപ്പോടെയാണ് ലോകം അത് ശ്രവിച്ചത്. അമേരിക്ക നടത്തുന്ന യുദ്ധങ്ങള്‍ സമാധാനത്തിനു വേണ്ടിയാണെന്ന് ലോക ജനതയെ ബോധ്യപ്പെടുത്തുക എന്ന ഒരു ഉദ്ദേശം അന്ന് ഉണ്ടായിരുന്നിരിക്കാം. സാമ്പത്തിക മാന്ദ്യം യൂറോപ്പിലാകമാനം വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് അവിടുത്തെ ജനങ്ങളുടെ മനോധൈര്യം വര്‍ദ്ധിക്കാന്‍ ഉതകുന്ന ഒരു തീരുമാനമാണിത്.  ചെലവ് ചുരുക്കല്‍ ആവശ്യപ്പെട്ട ജര്‍മനിക്കെതിരായി ഗ്രീസിന്റെ തലസ്ഥാന വീഥികളില്‍ നാസി പതാക കത്തിച്ചു നടന്ന പ്രകടനക്കാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയത് തമാശയായിട്ടാണെടുത്തത്.  ആധുനിക ലോകത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറാന്‍ മൂളികള്‍ ആയിട്ടാണ് നിലനില്‍ക്കുന്നത് അല്ലാതെ ലോക സമാധാനത്തിനു വേണ്ടി എന്തെങ്കിലും ഉറച്ച നിലപാടെടുത്തു പ്രവര്‍ത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ആയുധ വ്യാപാരം ചെയ്യുന്നവര്‍ യൂറോപ്യന്‍ യൂണിയനാണ്. ലോകത്തിലെ ഒട്ടു മിക്ക പ്രശ്ന ബാധിത മേഘലകളിലെക്കും അവര്‍ ആയുധ വ്യാപാരം കാര്യമായിത്തന്നെ നടത്തുന്നുണ്ട്. 2009 ല്‍ 40.3 ബില്യയണ്‍ യൂറോ വിലയുള്ള ആയുധങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ കയറ്റി അയച്ചത്, ഇത് 2008 ലെ വ്യാപാരത്തിന്റെ 20% അധികമാണ്. 
2011 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ക്കായി കൊടുത്തു, ലോക ജനത വലിയ എതിര്‍പ്പുകള്‍ ഇല്ലാതെ ആ തീരുമാനം സ്വീകരിച്ചു അതിനാല്‍ അവരെ നമുക്ക് ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. ലൈബീറിയക്കാരായ എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലയ്മ ബോവീ, പിന്നെ യെമന്‍ കാരിയായ തവക്കുല്‍ കര്‍മാന്‍ ഇവര്‍ മൂന്നു പേരും സ്ത്രീകളുടെ സുരക്ഷിതത്ത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപൂര്‍ണമായ മുന്നേറ്റങ്ങള്‍ നയിക്കുന്നവരാണ്‌. യുദ്ധത്തിന്റെയും ദേശീയ കലാപത്തിന്റെയും സാഹചര്യങ്ങളില്‍ മാനസികവും ശാരീരികവുമായ അസാമാന്യ ധൈര്യം പ്രകടിപ്പിച്ഛവരാണിവര്‍.
ബലവാനാണ് ചരിത്രം മാറ്റിമറിക്കുന്നത്‌ അവര് തന്നെയാണ് ചരിത്രം എഴുതുന്നതും. ഇറാക്കില്‍ നടന്ന അധിനിവേശ യുദ്ധത്തില്‍ അമേരിക്കന്‍ ഭടന്‍മാരുടെ ഭാഗം തന്നെയായിരുന്ന embedded journalist കള്‍ നല്‍കിയ വാര്‍ത്ത നിഷ്പക്ഷമാണെന്നും സ്വതന്ത്ര ഏജന്‍സി അല്‍-ജസീറ പക്ഷപാതപരമായി വാര്‍ത്ത നല്‍കി എന്നുമാണ് ലോകത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഇന്നും കരുതുന്നത്. ലോക ജനത വളരെയേറെ വിലമതിക്കുന്നതാണ് നോബല്‍ സമ്മാനം. അതില്‍ തന്നെയും ഏറെ ശ്രദ്ധ നേടുന്ന സമാധാനത്തിനുള്ള സമ്മാനം നീതി ബോധമില്ലാതെ നല്‍കുന്നത് സദുദ്ദേശത്തോടെ തന്റെ ജീവിത സമ്പാദ്യം നീക്കിവെച്ച ഒരു മനുഷ്യനോടും ലോക ജനതയോടും കാണിക്കുന്ന വഞ്ചനയാണ്.

1 comment:

  1. നോബല്‍ സമ്മാനം പലപ്പോഴും അര്‍ഹരായവരെ കണ്ടിട്ടില്ല... അത് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വളരെ വിചിത്രമായി തോന്നാറുണ്ട് ...ചിലപ്പോഴൊക്കെയെങ്കിലും...

    ReplyDelete