Saturday 24 November 2012

കൂടംകുളം അണുനിലയം ചില ആശങ്കകള്‍


ഫുകുഷിമ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സമാന സാഹചര്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന കുടങ്കുളം പദ്ധതിയുടെ സുരക്ഷയില്‍ ജനങ്ങള്‍ക്ക്‌ ആശങ്ക കൂടിയത്. എന്നാല്‍ ചില നിര്‍ദ്ദേശങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമപ്പുറം ജനങ്ങളുടെ ഭീതി അകറ്റാന്‍ വേണ്ടി ക്രിയാത്മകമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, തന്നെയുമല്ല സമയാ സമയങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുകയോ, അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. നിലയത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും അധികം ഭീഷണിയാകാന്‍ സാധ്യതയുള്ളതുമായ റിയാക്ടര്‍ പ്രെഷര്‍ വെസലിലെ (RPV ) വെല്‍ഡിങ്ങ് ഒരു വിവാദത്തിനു തന്നെ കാരണമാകുന്നുണ്ട്. 2006 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച് RPV യില്‍ വെല്‍ഡ് ഉണ്ടാവില്ലെന്ന് കാണുന്നു. എന്നാല്‍ ഇപ്പോള്‍ RPV യില്‍ രണ്ടു വെല്‍ഡുകളുള്ളതായി AERB പറയുന്നു. അണു നിലയത്തില്‍ ഇന്ധനം നിറച്ചുകഴിഞ്ഞാല്‍ പിന്നീട് RPV പരിശോധനക്ക് വിധേയമാക്കാന്‍ കഴിയുകയില്ലാ എന്നത് ഗൌരവമായിത്തന്നെ കാണേണ്ട വിഷയമാണ്. ആദ്യം ഒപ്പ് വെച്ച ഉടമ്പടിയില്‍ നിന്ന് വത്യാസം വന്നു എങ്കില്‍ എന്തുകൊണ്ടെന്ന അന്വേഷണം പോലും സാധ്യമല്ലാത്ത വിധം കാര്യങ്ങള്‍ പോയേക്കാം.
ഫുകുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ AERB നിര്‍ദ്ദേശിച്ച 17 സുരക്ഷാ നടപടികളില്‍ 11 എണ്ണവും ബാക്കി നില്‍ക്കുകയാണ്. ഈ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷങ്ങള്‍ എങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്, അത്രയും കാലത്തെക്കെങ്കിലും കാത്തിരിക്കുക എന്നത് അത്യതികം പ്രാധാന്യത്തോടെ എടുക്കാവുന്ന തീരുമാനമാണ്. ഒരിക്കല്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഡീ-കമ്മീഷന്‍ ഏറെക്കുറെ അസാധ്യമായ അണു നിലയം വളരെ വിശാലമായ ഒരു പ്രദേശത്തു ജീവിക്കുന്ന മുഴുവന്‍ ജീവ ജാലങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി ആണെന്നത് കൊണ്ട്, നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാടുള്ളൂ.

1 comment:

  1. വൈദ്യുതിയും വികസനവും ആണ് പ്രധാനം മറ്റൊന്നുമല്ല എന്നു പറയുന്നവരാണ് അധികം...അപ്പോള്‍ പിന്നെ എന്തു സുരക്ഷ ആരുടെ സുരക്ഷ...

    ReplyDelete