Thursday, 29 November 2012

‘സമാധാനം’ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി നിര്‍വചിച്ചപ്പോള്‍

യൂറോപ്യന്‍ യൂണിയന് സമാധാനത്തിനുള്ള 2012 ലെ അവാര്‍ഡ് നല്‍കിയതായി പ്രഖ്യാപിച്ചു കൊണ്ട് നോബല്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞത്, യൂറോപ്പിനെ യുദ്ധങ്ങളുടെ ഭൂഖണ്ഡമെന്നതില്‍ നിന്ന് സമാധാനത്തിന്റെ ഭൂഖണ്ഡമായി മാറ്റാന്‍ യൂറോപ്യന്‍ യൂണിയന് കഴിഞ്ഞു എന്നാണു. യൂറോപ്പിന് അകത്തും പുറത്തും നിന്ന് ധാരാളം ആളുകള്‍ ഇതിനകം തന്നെ നോബല്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തെ പരിഹാസത്തോടെ വിമര്‍ശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റിയുടെ ഈ തീരുമാനം അവരുടെ രാഷ്ട്രീയത്തിന്റെയും വിദേശ നയത്തിന്റെയും ഭാഗമാണ് എന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.

2009 ല്‍ അമേരിക്കന്‍ പ്രസിഡന്‍റു ഒബാമ ഈ സമ്മാനം നേടിയപ്പോഴും ഇതേ പോലെ അമ്പരപ്പോടെയാണ് ലോകം അത് ശ്രവിച്ചത്. അമേരിക്ക നടത്തുന്ന യുദ്ധങ്ങള്‍ സമാധാനത്തിനു വേണ്ടിയാണെന്ന് ലോക ജനതയെ ബോധ്യപ്പെടുത്തുക എന്ന ഒരു ഉദ്ദേശം അന്ന് ഉണ്ടായിരുന്നിരിക്കാം. സാമ്പത്തിക മാന്ദ്യം യൂറോപ്പിലാകമാനം വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് അവിടുത്തെ ജനങ്ങളുടെ മനോധൈര്യം വര്‍ദ്ധിക്കാന്‍ ഉതകുന്ന ഒരു തീരുമാനമാണിത്.  ചെലവ് ചുരുക്കല്‍ ആവശ്യപ്പെട്ട ജര്‍മനിക്കെതിരായി ഗ്രീസിന്റെ തലസ്ഥാന വീഥികളില്‍ നാസി പതാക കത്തിച്ചു നടന്ന പ്രകടനക്കാര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയത് തമാശയായിട്ടാണെടുത്തത്.  ആധുനിക ലോകത്തില്‍ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറാന്‍ മൂളികള്‍ ആയിട്ടാണ് നിലനില്‍ക്കുന്നത് അല്ലാതെ ലോക സമാധാനത്തിനു വേണ്ടി എന്തെങ്കിലും ഉറച്ച നിലപാടെടുത്തു പ്രവര്‍ത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം ആയുധ വ്യാപാരം ചെയ്യുന്നവര്‍ യൂറോപ്യന്‍ യൂണിയനാണ്. ലോകത്തിലെ ഒട്ടു മിക്ക പ്രശ്ന ബാധിത മേഘലകളിലെക്കും അവര്‍ ആയുധ വ്യാപാരം കാര്യമായിത്തന്നെ നടത്തുന്നുണ്ട്. 2009 ല്‍ 40.3 ബില്യയണ്‍ യൂറോ വിലയുള്ള ആയുധങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ കയറ്റി അയച്ചത്, ഇത് 2008 ലെ വ്യാപാരത്തിന്റെ 20% അധികമാണ്. 
2011 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ക്കായി കൊടുത്തു, ലോക ജനത വലിയ എതിര്‍പ്പുകള്‍ ഇല്ലാതെ ആ തീരുമാനം സ്വീകരിച്ചു അതിനാല്‍ അവരെ നമുക്ക് ഒരിക്കല്‍ക്കൂടി ഓര്‍ക്കാം. ലൈബീറിയക്കാരായ എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലയ്മ ബോവീ, പിന്നെ യെമന്‍ കാരിയായ തവക്കുല്‍ കര്‍മാന്‍ ഇവര്‍ മൂന്നു പേരും സ്ത്രീകളുടെ സുരക്ഷിതത്ത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപൂര്‍ണമായ മുന്നേറ്റങ്ങള്‍ നയിക്കുന്നവരാണ്‌. യുദ്ധത്തിന്റെയും ദേശീയ കലാപത്തിന്റെയും സാഹചര്യങ്ങളില്‍ മാനസികവും ശാരീരികവുമായ അസാമാന്യ ധൈര്യം പ്രകടിപ്പിച്ഛവരാണിവര്‍.
ബലവാനാണ് ചരിത്രം മാറ്റിമറിക്കുന്നത്‌ അവര് തന്നെയാണ് ചരിത്രം എഴുതുന്നതും. ഇറാക്കില്‍ നടന്ന അധിനിവേശ യുദ്ധത്തില്‍ അമേരിക്കന്‍ ഭടന്‍മാരുടെ ഭാഗം തന്നെയായിരുന്ന embedded journalist കള്‍ നല്‍കിയ വാര്‍ത്ത നിഷ്പക്ഷമാണെന്നും സ്വതന്ത്ര ഏജന്‍സി അല്‍-ജസീറ പക്ഷപാതപരമായി വാര്‍ത്ത നല്‍കി എന്നുമാണ് ലോകത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഇന്നും കരുതുന്നത്. ലോക ജനത വളരെയേറെ വിലമതിക്കുന്നതാണ് നോബല്‍ സമ്മാനം. അതില്‍ തന്നെയും ഏറെ ശ്രദ്ധ നേടുന്ന സമാധാനത്തിനുള്ള സമ്മാനം നീതി ബോധമില്ലാതെ നല്‍കുന്നത് സദുദ്ദേശത്തോടെ തന്റെ ജീവിത സമ്പാദ്യം നീക്കിവെച്ച ഒരു മനുഷ്യനോടും ലോക ജനതയോടും കാണിക്കുന്ന വഞ്ചനയാണ്.

Monday, 26 November 2012

സമാധാനത്തിനുള്ള നോബല്‍ സമ്മാനം 2011

2011 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മൂന്നു പേര്‍ക്കായി കൊടുത്തു, ലൈബീറിയക്കാരായ  Ellen Johnson Sirleaf  ഉം  Leymah Gbowee  പിന്നെ യെമന്‍ കാരിയായ Tawakul Karman .  ഇവര്‍ മൂന്നു പേരും സ്ത്രീകളുടെ സുരക്ഷിതത്ത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി സമാധാനപൂര്‍ണമായ മുന്നേറ്റങ്ങള്‍ നയിക്കുന്നവരാണ്‌. ജേതാക്കളെ പ്രക്യാപിച്ചുകൊണ്ട് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി പറഞ്ഞത് ഇങ്ങനെയാണ്, "സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള വികസനത്തില്‍  സാധീനം ചെലുത്താന്‍ സ്ത്രീക്കും പുരുഷനെപ്പോലെ തുല്യമായ അവസരങ്ങള്‍ കിട്ടണം. എങ്കില്‍ മാത്രമേ ജനാധിപത്യവും സ്ഥായിയായ സമാധാനവും ലോകത്തിനു കൈവരിക്കാന്‍ സാധിക്കു".

Ellen Johnson Sirleaf:
ഹാര്‍വാര്‍ഡു സര്‍വകലാശാലയില്‍ നിന്ന് പൊതു ഭരണത്തില്‍ മാസ്റെര്‍സ് ബീരുധം നേടിയ Ellen Johnson Sirleaf, സാമുവേല്‍ ഡോയീയുടെ ക്രൂരമായ ഭരണത്തിന്‍ കീഴില്‍ ജയില്‍വാസവും ബാലാല്‍സംഗ ശ്രമവും അതിജീവിച്ഛവരാണ്. 2004 ലെ തിരഞ്ഞെടുപ്പില്‍ ലൈബീരിയയുടെ പ്രസിഡന്റായി. അങ്ങനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആഫ്രിക്കയിലെ ആദ്യത്തെ വനിതയായി ഇവര്‍. തുടര്‍ന്ന് തകര്‍ന്നു പോയ ഒരു രാഷ്ട്രത്തെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധ പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കി. സ്ത്രീകളുടെ സ്വത്തും ചാരിത്രവും സംരക്ഷിക്കനുതകുന്ന നിയമങ്ങള്‍ ശക്തമാക്കി.

Leymah Gbowee:
ലൈബീരിയക്കാരിതന്നെയായ  Leymah Gbowee ഒരു സാമൂഹിക പ്രവര്‍ത്തകയായിരുന്നു. 2002 ല്‍ ഒരു ഫുട്ബോള്‍ ഗ്രവുണ്ടില്‍ സമാധാനത്തിനു വേണ്ടി സ്ത്രീകളുടെ കൂട്ട പ്രാര്‍ത്ഥന സംഘടിപ്പിച്ചു. തുടര്‍ന്ന് ഇതൊരു സ്ഥിരമായ ഏര്‍പ്പാടായി. ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കുന്ന പട്ടാളക്കാര്‍ അതെ വഴി പോകുമ്പോള്‍ ഈ സ്ത്രീകള്‍ക്ക് നേരെ വെടിവെക്കാറുണ്ടായിരുന്നു പക്ഷെ ഇതൊന്നും അവരെ തളര്‍ത്തിയില്ല. സമാധാന ചര്‍ച്ചകള്‍ നടക്കുന്ന കെട്ടിടത്തെ വളഞ്ഞുകൊണ്ട് സമാധാന ഉടമ്പടി ഒപ്പു വെക്കുന്നതുവരെ Leymah Gbowee യുടെ നേതൃത്തത്തില്‍ സ്ത്രീകള്‍ നേതാക്കളില്‍ സമ്മര്‍ദം ചെലുത്തി. മാത്രമോ കൂട്ടബലാല്‍സംഗം സാര്‍വതികമായ ആഭ്യന്തര യുദ്ധം അവസാനിക്കുന്നത് വരെ തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് ലൈഗീകത നിഷേധിക്കണമെന്നും ലൈബീരിയയിലെ സ്ത്രീകളെ അവര്‍ ഉപദേശിച്ചു.

Tawakkul Karman:

യമന്‍ കാരിയായ ഒരു പത്ര പ്രവര്‍ത്തകയാണ് Tawakkul Karman. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ഇവര്‍ തുടര്‍ന്ന് യമനിലെ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ മുഖ മുദ്രയാവുകയായിരുന്നു. ഒടുവില്‍ സ്വേചാതിപതിയായ അലി അബ്ദുള്ള സാലേഹ് അധികാരം വിട്ടോഴിയെണ്ടിവന്നു. പല തവണ ജയില്‍വാസം അനുഭവിക്കുകയും വധശ്രമത്തെ അതിജീവിക്കുകയും ചെയ്തവരാണിവര്‍. സ്ത്രീ പതിഷേധക്കാര്‍ പുരുഷന്മാരുമായി ഇടകലരുന്നു എന്ന സാലീഹിന്റെ അഭിപ്രായത്തോട് പ്രതികരിച്ചത് 10 ,000 ത്തോളം സ്ത്രീകള്‍ ഈ വനിതയുടെ നേതൃത്തത്തില്‍ റോഡില്‍ ജാഥ നടത്തിക്കൊണ്ടാണ്.
110 വര്‍ഷത്തെ നോബല്‍ സമ്മാന ചരിത്രത്തില്‍ ഈ മൂന്നു പേര്‍ ഉള്‍പടെ ആകെ 15 സ്ത്രീകള്‍ക്കാണ് സമാധാനത്തിനുള്ള ബഹുമതി ലഭിക്കുന്നത്. ഈ മൂന്നു വനിതകളെ തിരഞ്ഞെടുത്തതിന്റെ രാഷ്ട്രീയത്തില്‍ സംശയമുള്ളവര്‍ പോലും ഈ ധീര വനിതകളുടെ അര്‍ഹതയെ ചോദ്യം ചെയ്യുന്നില്ല.

Saturday, 24 November 2012

കൂടംകുളം അണുനിലയം ചില ആശങ്കകള്‍


ഫുകുഷിമ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സമാന സാഹചര്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന കുടങ്കുളം പദ്ധതിയുടെ സുരക്ഷയില്‍ ജനങ്ങള്‍ക്ക്‌ ആശങ്ക കൂടിയത്. എന്നാല്‍ ചില നിര്‍ദ്ദേശങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമപ്പുറം ജനങ്ങളുടെ ഭീതി അകറ്റാന്‍ വേണ്ടി ക്രിയാത്മകമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, തന്നെയുമല്ല സമയാ സമയങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുകയോ, അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. നിലയത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും അധികം ഭീഷണിയാകാന്‍ സാധ്യതയുള്ളതുമായ റിയാക്ടര്‍ പ്രെഷര്‍ വെസലിലെ (RPV ) വെല്‍ഡിങ്ങ് ഒരു വിവാദത്തിനു തന്നെ കാരണമാകുന്നുണ്ട്. 2006 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച് RPV യില്‍ വെല്‍ഡ് ഉണ്ടാവില്ലെന്ന് കാണുന്നു. എന്നാല്‍ ഇപ്പോള്‍ RPV യില്‍ രണ്ടു വെല്‍ഡുകളുള്ളതായി AERB പറയുന്നു. അണു നിലയത്തില്‍ ഇന്ധനം നിറച്ചുകഴിഞ്ഞാല്‍ പിന്നീട് RPV പരിശോധനക്ക് വിധേയമാക്കാന്‍ കഴിയുകയില്ലാ എന്നത് ഗൌരവമായിത്തന്നെ കാണേണ്ട വിഷയമാണ്. ആദ്യം ഒപ്പ് വെച്ച ഉടമ്പടിയില്‍ നിന്ന് വത്യാസം വന്നു എങ്കില്‍ എന്തുകൊണ്ടെന്ന അന്വേഷണം പോലും സാധ്യമല്ലാത്ത വിധം കാര്യങ്ങള്‍ പോയേക്കാം.
ഫുകുഷിമ അപകടത്തിന്റെ പശ്ചാത്തലത്തില്‍ AERB നിര്‍ദ്ദേശിച്ച 17 സുരക്ഷാ നടപടികളില്‍ 11 എണ്ണവും ബാക്കി നില്‍ക്കുകയാണ്. ഈ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷങ്ങള്‍ എങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്, അത്രയും കാലത്തെക്കെങ്കിലും കാത്തിരിക്കുക എന്നത് അത്യതികം പ്രാധാന്യത്തോടെ എടുക്കാവുന്ന തീരുമാനമാണ്. ഒരിക്കല്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഡീ-കമ്മീഷന്‍ ഏറെക്കുറെ അസാധ്യമായ അണു നിലയം വളരെ വിശാലമായ ഒരു പ്രദേശത്തു ജീവിക്കുന്ന മുഴുവന്‍ ജീവ ജാലങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണി ആണെന്നത് കൊണ്ട്, നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം മാത്രമേ പ്രവര്‍ത്തനം ആരംഭിക്കാന്‍ പാടുള്ളൂ.

ടോയിലറ്റിലെ സാങ്കേതിക വിപ്ലവം

നമ്മുടെ നിത്യ ജീവിതം അനായാസമാക്കുന്ന പല സാങ്കേതിക വിദ്യകളും ആദ്യം കണ്ടുപിടിക്കപ്പെട്ടത് പട്ടാളക്കാര്‍ക്ക് വേണ്ടിയോ അല്ലായെങ്കില്‍ യുദ്ധാവശ്യങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നു. ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു കണ്ടുപിടുത്തമാണ് അടുത്തകാലത്ത് ഭാരതത്തിന്റെ സ്വന്തം DRDO വികസിപ്പിച്ചെടുത്തു പൊതു ജനങ്ങളുടെ ഉപയോഗത്തിന് സമര്‍പ്പിച്ചിരിക്കുന്ന Bio-digester സാങ്കേതികത. പരിസ്ഥിതിക്ക് ദോഷം വരുത്താത്തതും ചിലവ് കുറഞ്ഞതും ആയതു കൊണ്ട് വരും കാലങ്ങളില്‍ ഒരു പക്ഷെ ലോകം മുഴുവനും DRDO യുടെ “ജൈവ ദഹന” വിദ്യ ടൊയിലറ്റുകളില്‍ ഉപയോഗിച്ചെന്നിരിക്കും.

സിയാച്ചിന്‍ പ്രദേശത്തുള്ള പട്ടാള ക്യാമ്പില്‍ മനുഷ്യ വിസര്‍ജ്യം പെട്ടെന്ന് വിഘടിച്ചു പോകില്ല, സാധാരണയായി കണ്ടുവരാറുള്ള ബാക്റ്റീരിയകള്‍ അവിടുത്തെ അതി ശൈത്യത്തില്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം. ഇത് അവിടെ ഒരു വലിയ പരിസ്ഥിതി പ്രശ്നമാണുണ്ടാക്കുന്നത്. ഇതിനു പരിഹാരം കാണാനായിട്ടാണ് 1998 മുതല്‍ ഒരു പതിറ്റാണ്ടുകാലം നീണ്ടു നിന്ന ഗവേഷണം നമ്മുടെ പ്രതിരോധ വകുപ്പിന്റെ നേതൃത്തത്തില്‍ നടന്നത്. ഇതിന്റെ ഭാഗമായി പതിനാറു മാസക്കാലത്തോളം അന്‍റാര്‍ട്ടിക്കയിലെ കൊടും തണുപ്പില്‍ DRDO ശാസ്ത്രഞ്ജന്‍മാര്‍ പഠനം നടത്തി, വലിയ താപ വ്യതിയാനങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്ന “സൈക്രോഫിലിക്” എന്ന ഒരുതരം ബാക്റ്റീരിയയെ അവിടെ നിന്നും കണ്ടെത്താനായി. തുടര്‍ന്ന് ഈ ബാക്റ്റീരിയകളെ പരീക്ഷണ ശാലകളിലേക്ക് കൊണ്ട് വരികയും കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. അതി ശൈത്യവും കഠിന ചൂടും തങ്ങാന്‍ കഴിയുന്നു എന്ന് മാത്രമല്ല മനുഷ്യ വിസര്‍ജ്യത്തെ വളരെപ്പെട്ടെന്നു തന്നെ മീതൈന്‍ , കാര്‍ബണ്‍ ഡയോക്സൈഡു തുടങ്ങിയ വാതകങ്ങളും ജലവുമാക്കി മാറ്റാനും ഈ ബാക്റ്റീരിയകള്‍ക്ക് കഴിയും. ഇതിനെ ഒരു സാങ്കേതിക വിദ്യയായി വികസിപ്പിച്ചു കൊണ്ട്  സിയാച്ചിനിലും ലഡാക്കിലുമുള്ള പട്ടാള ക്യാമ്പുകളില്‍ 200 ജൈവ-ടോയിലറ്റുകള്‍ DRDO സ്ഥാപിച്ചു. ഈ യൂനിറ്റുകളുടെ വിജയം പദ്ധതിയെ പ്ലാനിംഗ് കമ്മീഷന്‍ ഏറ്റെടുക്കുന്നതിന് പ്രേരകമായി തുടര്‍ന്ന് ജലജന്യ രോഗങ്ങള്‍ അധികമായ ലക്ഷദ്ധീപിലേക്ക് ഇത്തരം ജൈവ-ടോയിലറ്റുകള്‍ നിര്‍മ്മിച്ച്‌ നല്‍കി. 12,000 യൂണിറ്റുകളോളം ഇപ്പോള്‍ അവിടെ ഉപയോഗത്തിലുണ്ട്. അങ്ങനെ പട്ടാളക്കാരുടെ ഒരു പ്രശ്നപരിഹാരത്തിന്നായി കണ്ടെത്തിയ സാങ്കേതിക വിദ്യ സമൂഹത്തിനു മൊത്തം നേരിട്ട് പ്രയോജനം കിട്ടത്തക്ക വിധത്തിലായി.


ഇന്നിപ്പോള്‍ ഇന്ത്യന്‍ റയില്‍വേ ഈ സാങ്കേതിക വിദ്യ ഏറ്റെടുത്തിരിക്കുകയാണ്. ദുര്‍ഗന്ധം വമിക്കുന്ന പ്ലാറ്റ് ഫോമുകളും മനുഷ്യ വിസര്‍ജ്യം കൊണ്ടു മലിനമാക്കപ്പെട്ട റയില്‍ ലൈനുകളും ചിലപ്പോള്‍ വെറും ഓര്‍മയായി മാറിയേക്കാം. ഇപ്പോള്‍ എട്ടു ട്രെയിനുകളിലായി 436 ബയോ ടോയിലറ്റുകളാണ് ഉപയോഗത്തിലിരിക്കുന്നത്. അതിലൊന്ന് കൊച്ചുവേളി-ബാംഗ്ലൂര്‍ (06316) ട്രെയിനാണ്. 2013 ആകുമ്പോഴേക്കും 2500 യൂണിറ്റുകള്‍ ഉപയോഗത്തില്‍ വരുത്താനും, 2017 ഓടെ മുഴുവന്‍ പുതിയ കോച്ചുകളിലും ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കുകയുമാണ്‌ റയില്‍വേയുടെ ലക്‌ഷ്യം. തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്ന ലോകത്താകമാനമുള്ള ജനങ്ങളുടെ 60% വും ഇന്ത്യന്‍ ഗ്രാമങ്ങളിലാണ്. നിര്‍മല്‍ ഭാരത്‌ കാംപൈനിന്റെ ഭാഗമായി ഇന്ത്യയിലെ 2,40,000 ഗ്രാമങ്ങളിലും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ബയോ ടോയിലറ്റുകള്‍ നിര്‍മിച്ചു നല്‍കാനും സര്‍ക്കാരിനു താല്പര്യമുണ്ട്.  ടോയിലറ്റുകളിലൊരു സാങ്കേതിക വിപ്ലവം നടക്കുന്നതിന്റെ വ്യക്തമായ സൂചനകളാണിത് നല്‍കുന്നത്.


ഇതിനോടകം തന്നെ DRDO യുടെ “ജൈവ ദഹന” സാങ്കേതിക വിദ്യ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്, ബില്‍ ഗേറ്റ്സ്  ഫൌണ്ടേഷന്‍ ഇതില്‍ പ്രകടിപ്പിക്കുന്ന താല്പര്യം എടുത്തു പറയേണ്ടതാണ്. റോക്കറ്റിന്റെയും അണു നിലയങ്ങളുടെയും സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളുടെ ജീവിത രീതിയെ നേരിട്ട് ബാധിക്കുന്ന ഇത്തരം സാങ്കേതികതയിലും നമുക്ക് ശ്രദ്ധയുന്ടെന്നു കാണുന്നത് ശാസ്ത്ര ലോകത്ത് ഇന്ത്യയുടെ പ്രസക്തി അടിവരയിടുന്നതാണ്.

Friday, 23 November 2012

ഞങ്ങളുടെ ബിരിയാനി


വത്യസ്ഥ രീതികളില്‍ ധാരാളം പാചക പരീക്ഷണങ്ങള്‍ക്ക് സാധ്യതയുള്ള ഒരു വിഭവമാണ് ബിരിയാനി, അവരവര്‍ ചെയ്തു വരുന്ന രീതിയില്‍ ചെറിയ ചില വത്യാസങ്ങള്‍ വരുത്തി രുചി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം. എന്റെ വീട്ടില്‍ ചിക്കന്‍ ബിരിയാനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു ഇവിടെ വിവരിക്കാം ഇതിലെ പോരായ്മ എന്താണെന്നും അതല്ല വേറെന്തു ചെയ്താല്‍ ഞങ്ങളുടെ ബിരിയാനി ഇനിയും രുചികരമാകുമെന്നും കൂട്ടുകാര്‍ പറഞ്ഞുതരുമല്ലോ!!!
ബിരിയാനി ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പ് വീട്ടില്‍ കൈ അകലത്തില്‍ വേണ്ട സാധനങ്ങള്‍ അക്കമിട്ടെഴുതിയിരിക്കുന്നു ഒപ്പം തന്നെ എന്ത് ചെയ്യണമെന്നും.
1. ചിക്കന്‍ ഒരു കിലോ തൊലിയില്ലാതെ വലിയ കഷണങ്ങളായി മുറിച്ചത് (വൃത്തിയായി കഴുകണം)
2. മുളക് പൊടി അര സ്പൂണ്‍
3. മല്ലി പൊടി മൂന്നു സ്പൂണ്‍
4. മഞ്ഞള്‍ പൊടി അര സ്പൂണ്‍
5. ഗരം മസാല പൊടി ഒരു സ്പൂണ്‍
6. കുരുമുളക് പൊടി അര സ്പൂണ്‍
7. ഷാ ജീരകം പൊടി അര സ്പൂണ്‍
8. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (ഇതാണ് സൗകര്യം) രണ്ട് സ്പൂണ്‍
9. അണ്ടിപരിപ്പ് 5 എണ്ണം പൊടിച്ചത്
10.  അരക്കപ്പു തൈര്
11. ഉപ്പ് ആവശ്യത്തിന്  
12. വിനാഗിരി ഒരു സ്പൂണ്‍
13. തക്കാളി ഒന്ന് ചെറുതായി മുറിച്ചത്
14. പച്ചമുളക് 10 എണ്ണം കീറി വെച്ചത്
15. കുറച്ച് പൊതിന ഇലയും മല്ലിയിലയും ചെറുതായി അരിഞ്ഞത്
(ഉള്ളിയെ മറന്നതല്ല പുറകെ വരുന്നുണ്ട്)
ഇതെല്ലാം കൂടി ചിക്കന്‍ കഷണങ്ങളുടെ കൂടെ അരക്കപ്പ് വെള്ളവും കൂടി ചേര്‍ത്ത് കൂട്ടി കുഴച്ചു അവിടെ കുറച്ച് നേരം വെക്കുക. വേറെയും ചില പരിപാടികള്‍ ചെയ്യാന്‍ ഉണ്ട്. ബിരിയാനി ഉണ്ടാക്കുമ്പോള്‍ time management പ്രധാനമാണ് ഇല്ലെങ്കില്‍ രാവിലെ തുടങ്ങിയാല്‍ വൈകിട്ടേ ബിരിയാനി കഴിക്കാന്‍ പറ്റുകയുള്ളൂ.
ഇനി ചെയ്യേണ്ടത്
16. ബസ്മതി, long grain rice, ജീര റൈസ് ഇതില്‍ ഏതെന്കിലും അഞ്ചു ഗ്ലാസ്‌ വേണം (പോക്കറ്റിലെ പണം അനുസരിച്ച്)
ഈ അരി വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക ബാക്കി കാരിയങ്ങള്‍ക്ക് അര മണിക്കൂറോളം എടുക്കും, ചിക്കനും അരിയും അങ്ങനെ അവിടിരിക്കട്ടെ. നമുക്ക് അടുത്ത പണി തുടങ്ങാം.
17. സവാള ഇടത്തരം മൂന്നെണ്ണം
18. എണ്ണ ഒരു കപ്പ്  
 പുറത്തെ തൊലി കളഞ്ഞു കഴുകി സവാള കനം കുറച്ചരിയുക, ഇതൊരു കലയാണ്‌ തനിയെ പഠിക്കണം ഈ സമയത്ത് നഖമോ വിരല്‍ തുംബുകളോ ഉള്ളിയോടൊപ്പം അരിയാതെ ശ്രദ്ധിക്കണം, കണ്ണുനീര് വീഴുകയാണെങ്കില്‍ അതനുസരിച്ച് ഉപ്പിന്റെ അളവ് വത്യാസപ്പെടുത്തുക.
ഇനി കുറച്ച് എണ്ണയില്‍ (ഞങ്ങള്‍ sunflower oil ആണുപയോഗിക്കുന്നത്) രണ്ടു വീതം ഗ്രാമ്പൂ, ഏലക്ക ഒരു ചെറിയ കഷണം പട്ട അരിഞ്ഞ ഉള്ളി എന്നിവ കുറച്ച് ഉപ്പും ചേര്‍ത്ത് മൊരിയുന്നതു വരെ വറക്കുക,     
ഇത് വേറൊരു പരന്ന പാത്രത്തിലേക്ക് എണ്ണവലിയാന്‍ മാറ്റി വെക്കുക (ഇങ്ങനെ വറുത്ത ഉള്ളി ഒരു സൊല്പം തിന്നു നോക്കൂ പിന്നെയും തിന്നാന്‍ തോന്നും)   
19. നെയ്യ് മൂന്നു സ്പൂണോളം
20. ഗ്രാമ്പൂ, ഏലക്ക എട്ടെണ്ണം വീതം, കറുവ പട്ട കുറച്ച്, ബേ ഇല ഒരു ചീന്ത്
21. ചെറു നാരങ്ങ ഒന്ന്
22. പാല്‍ കാല്‍ കപ്പില്‍ ഒരു നുള്ള് കുംകുമ പൂവ് ഇട്ടു വെക്കുക.
ഇനി ചോറ് വെക്കാനായി ഒരു പാത്രം അടുപ്പില്‍ വെക്കുക (തീ കത്തിക്കാന്‍ മറക്കരുത്)
പത്രം ചൂടാകുമ്പോള്‍ മൂന്നു സ്പൂണ്‍ നെയ്യൊഴിക്കുക ഇതിലേക്ക് ഗ്രാമ്പൂ, ഏലക്ക, കറുവ പട്ട, ബേ ഇല എന്നിവ ചേര്‍ക്കുക, ഇത് കരിയുന്നതിനു മുന്‍പ് തന്നെ അതിലേക്കു ആദ്യം ഒരുഗ്ലാസ്‌ വെള്ളമൊഴിക്കുക തുടര്‍ന്ന് എഴുഗ്ലാസ്‌ വെള്ളവും ഒഴിക്കണം, ഇതിലേക്ക് ചെറു നാരങ്ങ മുറിച്ചു നീരോഴിക്കുക, ആവശ്യത്തിന് ഉപ്പിടാന്‍ മറക്കരുത്. (ഒരല്പം കഥ നമ്മുടെ അഞ്ചു ഗ്ലാസ്‌ അരിവേകുന്നതിനു പത്തു ഗ്ലാസ്‌ വെള്ളമാണ് വേണ്ടത് എന്നാല്‍ ചിക്കനില്‍ നിന്ന് വെള്ളം വിട്ടുകിട്ടുന്നത് കൊണ്ട് രണ്ടുഗ്ലാസ്‌ കുറച്ചു വെള്ളം വെച്ചാല്‍ മതി)
ഈ സമയത്ത് വേറൊന്നു ചെയ്യാനുണ്ട്, വറുത്തു വെച്ചിരിക്കുന്ന ഉള്ളിയില്‍ നിന്ന് മുക്കാല്‍ ഭാഗത്തോളം എടുത്തു മിക്സിയിലിട്ടു പൊടിക്കുക, അല്ലെങ്കില്‍ കൈകൊണ്ടു ഞെരടി പൊടിച്ചാലും മതി. ഈ പൊടി അരപ്പു പിരട്ടി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേര്‍ക്കുക.
ബിരിയാനി പാത്രത്തിലെ വെള്ളം അപ്പോഴേക്കും തിളച്ചിട്ടുണ്ടാകും, ഇതിലേക്ക് കുതിര്‍ത്തു വെച്ചിരിക്കുന്ന അരി കഴുകി ഇടുക, 10 മിനിട്ടിനുള്ളില്‍ വെള്ളം വറ്റിതുടങ്ങുകയും അരി പകുതി വേവിലെത്തുകയും ചെയ്യും അപ്പോള്‍ തീ അണക്കുക.
ഇനി ബിരിയാനി വെക്കാനുദ്ദേശിക്കുന്ന പാത്രം എടുത്ത്‌ അരപ്പു ചേര്‍ത്തു വെച്ചിരിക്കുന്ന ചിക്കന്‍ അടിയില്‍ നിരത്തുക അതിനു മുകളിലായി പകുതി വെന്ത ചോറും നിരത്തുക എന്നിട്ട് അടച്ചു വെച്ച് അഞ്ചു മിനിട്ട് ചെറിയ ചൂടില്‍ വേവിക്കുക. അതിനു ശേഷം അടപ്പ് തുറന്നു ചോറില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി കുംകുമ പൂ കലര്‍ത്തി വെച്ച പാല്‍ ഒഴിക്കുക എന്നിട്ട് മാറ്റി വെച്ചിരുന്ന വറുത്ത ഉള്ളിയും കുറച്ചു പൊതിന, മല്ലി ഇലകള്‍ ചെറുതായി മുറിച്ചതും മുകളില്‍ വിതറുക, അല്പം പൈനാപ്പിള്‍ എസ്സെന്‍സ് ചേര്‍ത്താല്‍ നല്ല മണവും കിട്ടും. പാത്രം നല്ലതുപോലെ അടച്ചു വെച്ച് ചെറിയ ചൂടില്‍ 15 മിനിട്ട് ധം ചെയ്യുക. (അടപ്പ് ശരിയായി ചേരുന്നതല്ലെന്കില്‍ അലുമിനിയം ഫോഇല്‍ കൊണ്ട് സീലുചെയ്യുക)
ഇതാണ് ഞങ്ങള്‍ വെക്കുന്ന ബിരിയാനി, ഏകദേശം രണ്ടര മണിക്കൂറില്‍ തയാറാകും.