Tuesday, 10 December 2013

നരേന്ദ്രമോഡി വെറുക്കപ്പെടേണ്ടവനോ?


ഇപ്പോള്‍ നടന്ന അസംബ്ളി തിരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാകുകയാണു. നരേന്ദ്രമോഡി പ്രധാന മന്ത്രിയായിക്കാണാന്‍ ആഗ്രഹിക്കുന്നവരുടെ ആരവങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ആകുന്ന ഈ അവസരത്തില്‍ തന്നെ വലിയ ഒരു വിഭാഗം ജനങ്ങള്‍ ആശങ്കയോടെയാണു മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്തത്തെ കാണുന്നതു. ഒരേ സമയം ഇത്രയധികം വെറുപ്പും അത്ര തന്നെ സ്നേഹവും മോഡിക്കല്ലാതെ വേറൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കും ഇന്നേവരെ ലഭിച്ചിട്ടില്ല എന്നു കാണാം.
ഗുജറാത്തില്‍ മൂന്ന്‌ പ്രാവശ്യം അധികാരത്തില്‍ എത്താന്‍ കഴിഞ്ഞതും അവിടുത്തെ വികസന മോഡല്‍ രാജ്യത്തിനാകെ മാത്രുകയാക്കാന്‍ കഴിയുന്നതുമാണു എന്ന രീതിയിലുള്ള പ്രചരണമാണു മോഡിയനുകൂലികള്‍ വ്യാപകമായി നടത്തുന്നതു. ഒപ്പം തന്നെ 2002 ലെ കലാപം കഴിഞ്ഞ സംഭവമാണു അതു മറന്നു ഭാവിയിലേക്കു നോക്കുകയാണു ഇനി വേണ്ടതെന്നും അവര്‍ പഠിപ്പിക്കുന്നു. മോഡി രാജധര്‍മം പാലിക്കണമെന്നു വാജ്പയിക്കു പറയേണ്ടിവന്ന 2002 ലെ സംഭവങ്ങള്‍ അത്ര വേഗം എല്ലാവര്‍ക്കും മറക്കാനാകുന്നതല്ല. അധികാരത്തില്‍ എത്തി കുറച്ചുനാള്‍ മാത്രമെ ആയുള്ളൂ എന്നതു കൊണ്ടു അന്നത്തെ കലാപം മോഡി സര്‍ക്കാരിനു തടയാനോ നിയന്ത്രിക്കാനോ ആവുന്നതായിരുന്നില്ല എന്നു ചിലര്‍ വിലയിരുത്തുന്നു. ഇതു തന്നെ വേറൊരു ഉദാഹരണത്തോടെ അടുത്ത കാലത്തു മോഡി പറഞ്ഞത്,  കാറിടിച്ചു നായക്കുട്ടി മരിച്ചാല്‍ അതെങ്ങനെ കാര്‍ യാത്രക്കാരന്‍റെ കുറ്റമാകുമെന്നാണു.
ഒരു അച്ഛന്‍റെ പരാതികിട്ടിയതു കാരണം മകളുടെ സുരക്ഷക്കായി നരേന്ദ്രമോഡിയുടെ രഹസ്യാന്വേഷണ വിഭാഗം അടുത്തകാലത്തു ഒരു പെണ്‍കുട്ടിയെ പലയിടത്തും പിന്തുടര്‍ന്നിരുന്നു. ഇതിന്‍റെ ചെറിയൊരംശം എങ്കിലും ശുഷ്കാന്തി 2002 ല്‍ ഇഹ്സാന്‍ ജഫ്രി എന്ന മുന്‍ MP യൊടു കാണിച്ചിരുന്നു എങ്കില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 37 ആളുകള്‍ കൊല്ലപ്പെടാനും വേറെ കുറെ ആളുകളെ കാണാതാകാനും ഇടയാകുമായിരുന്നില്ല. കലാപം നടക്കുന്ന സമയം ജഫ്രി, മോഡിയോടു സഹായം അഭ്യര്‍ത്തിച്ചിരുന്നു എന്നാല്‍ പരിഹാസത്തോടെയാണ് മോഡി അതിനോട് പ്രതികരിച്ചത് എന്ന് പിന്നീട് സാക്ഷി മൊഴികള്‍  വരികയുണ്ടായി. ഗുജറാത്തില്‍ തുടര്‍ന്നു വരുന്ന നീതി ന്യായ വ്യവസ്ത എത്രത്തോളം വിഭാഗീയമാണെന്നു സുപ്രീം കോടതിയുടെ ഇടപെടലുകളിലൂടെയും SIT യുടെ പ്രവര്‍ത്തനങ്ങളിലൂടെയും നാം അറിഞ്ഞു കൊണ്ടിരിക്കുകയാണു. നരോദ പാട്യ കേസ്സില്‍ SIT യുടെ അന്വേഷണത്തിനൊടുവില്‍ ശിക്ഷ വിധിക്കപ്പെട്ട മായ കൊദുനാനിക്ക്  കലാപം നയിച്ചതിനു പ്രത്യുപകാരമെന്ന നിലയില്‍ മോഡി മന്ത്രി സഭയില്‍ വനിത ശിശു ക്ഷേമ വകുപ്പു നല്‍കുക പോലുമുണ്ടായി.
ഏറക്കുറെ ഈ മനോഭാവം തന്നെയാണു ദളിതരോടും ആദിവാസികളൊടും നരേന്ദ്രമോഡി വെച്ചുപുലര്‍ത്തുന്നതു. അവരുടെ നേരെയുള്ള അക്രമം കുറയുന്നില്ല തീര്‍പ്പക്കാത്ത കേസുകളും ധാരാളം. അണക്കെട്ടു നിര്‍മാണത്തിനും വ്യവസായങ്ങള്‍ക്കും മറ്റുമായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസവും വേണ്ട രീതിയില്‍ നടക്കുന്നില്ല. വികസനത്തിലും ജീവിത നിലവാരത്തിന്‍റെ കാര്യത്തിലും ഗുജറാത്തിനു മുന്‍പില്‍ വേറെയും ചില സംസ്ഥാനങ്ങളുണ്ടെന്നു ഇന്ന്‌ എല്ലാവര്‍ക്കും അറിയാം. സാമ്പത്തിക നയങ്ങളിലോ വിദേശ നയങ്ങളിലോ BJP കോണ്‍ഗ്രസ്സിന്നു ബദലാകുന്നില്ല. പിന്നെ അവര്‍ എടുത്തു പറയുന്നതു അഴിമതി രഹിത ഭരണമാണു. ഭരണം കിട്ടിയതും ഭരിച്ചു കൊണ്ടിരിക്കുന്നതുമായ പല സംസ്ഥാനങ്ങളിലും അഴിമതി രഹിത ഭരണം കാഴ്ച്ചവെച്ചു എന്നു BJP ക്കു പറയാനാവുന്നില്ല. ഗുജറാത്തില്‍ അഴിമതിയുണ്ടായിരുന്നോ എന്നു വരും കാലങ്ങള്‍ ഒരു പക്ഷെ തെളിയിച്ചേക്കും.
നിക്ഷേപ സൌഹ്രുദ സംസ്ഥാനമെന്നറിഞ്ഞിരുന്ന ഗുജറാത്തിലെ മുഖ്യമന്ത്രിക്കു 2005 ല്‍ അമേരിക്ക നയതന്ത്ര വിസ നിഷേധിക്കുകയുണ്ടായി, ഇതു വരെയും ആ തീരുമാനം മാറ്റുകയുണ്ടായില്ല. നോബല്‍ സമ്മാന ജേതാവ്‌ അമാര്‍ത്യ സെന്‍ മുതല്‍ പലരും നരേന്ദ്രമോഡി പ്രധാന മന്ത്രിയായി കാണാന്‍ ഇഷ്ടപ്പെടാത്തവരാണു. നരേന്ദ്രമോഡി പ്രധാന മന്ത്രിയാകുന്നതു ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും തിരുത്താനാവാത്ത അപകടം വരുത്തി വെക്കും. വജ്പയിയെക്കുറിച്ചു പ്രമുഖര്‍ പറഞ്ഞിരുന്നതു right man in wrong party എന്നാണു, ഇപ്പോള്‍ നരേന്ദ്രമോഡിയെക്കുറിച്ചു പറയാനാവുന്നതു wrong man in wrong party എന്നാണു.

Monday, 27 May 2013

ഗുട്ട്കയും, പാന്‍ മസാലയും ഇന്നു ചവച്ചാല്‍ നാളെ ദുഖിക്കാം


മനുഷ്യനു വിനാശകരമായ പലതും നാമിവിടെ ഉത്പാതിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്‌. ആ കൂട്ടത്തില്‍ പെട്ട ഒന്നാണു, അടക്ക (പാക്ക്‌) പ്രധാന ഘടകമായി ചേര്‍ത്തുല്‍പാതിപ്പിക്കുന്ന പാന്‍ മസാല. ഇരുപത്തിമൂന്നോളം സംസ്ഥാനങ്ങളിലും അഞ്ചു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗുട്ട്കയുടെ വില്‍പന നിരോധിച്ചിട്ടുണ്ട്‌. ബാക്കിയിടങ്ങളില്‍ക്കൂടി അടുത്തു തന്നെ ഗുട്ട്കയുടെയും പാന്‍ മസാലയുടേയും വില്‍പന നിരോധിക്കാനുള്ള നടപടി എടുത്തു വരുന്നു. പരസ്യമായ വില്‍പന നടക്കുന്നില്ല എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഈ നിരോധനം കൊണ്ടൂ കാര്യമായ പ്രയോജനം ഒന്നുമുണ്ടായില്ല എന്നതാണു പൊതുവെ കാണാന്‍ കഴിയുന്നതു. നിയമപരമായി പാന്‍ മസാല, ഭക്ഷണ സാധനങ്ങളുടെ പരിധിയില്‍ വരുന്നതു കൊണ്ടാണു അതിനെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിയമ പരിരക്ഷ ലഭിക്കുന്നതു. എന്നാല്‍ സിഗററ്റും ബീഡിയും നിരോധിക്കുന്നതില്‍ ഇപ്പോള്‍ നമുക്കു ചില നിയമ പ്രശ്നങ്ങളുണ്ട്‌.

പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയില്‍ ഉള്ള ഒരാചാരമാണു ഭക്ഷണത്തിനു ശേഷം പാന്‍ മസാല കഴിക്കുക എന്നതു. വായ ശുദ്ധി വരുത്തുക എന്നതോടൊപ്പം തന്നെ നല്ല ദഹനത്തിനും ഇതു ഉതകും എന്നാണു കരുതപ്പെട്ടിരുന്നതു. ചില പരിപ്പുകള്‍, ഔഷധ ഇലകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ ഒരു ചേരുവയാണു ആദ്യ കാലത്തു പാന്‍ മസാലയായി ഉപയോഗിച്ചിരുന്നതു. വീടുകളിലും ഭക്ഷണ ശാലകളിലും ഇപ്പോളും അവരുടേതായ രീതിയില്‍ പാന്‍ മസാല ഉണ്ടാക്കാറുണ്ടു. വായ ശുദ്ധീകരണത്തിനു പുതിയ ഉപാധികള്‍ വരുന്നതിനു മുന്‍പു ഈ ആവശ്യത്തിനു പാന്‍ മസാല ഉപയോഗിച്ചിരുന്നു. ചില ചേരുവകള്‍ ബാക്റ്റീരിയക്കെതിരെ പ്രവര്‍ത്തിക്കുന്നതു കാരണം വായയുടേയും പല്ലിന്‍റെയും ആരോഗ്യത്തിനു ഇതുപോലെയുള്ള പാന്‍ മസാല വളരെ നല്ലതാണു.

പാന്‍ മസാലയില്‍ പുകയില ചേരുമ്പോള്‍ ആണു അതു ഗുട്ട്കയാകുന്നതു. 1975 മുതലാണു വ്യവസായികമായി ഇന്ത്യയില്‍ പാന്‍ മസാല സംസ്കരിച്ചെടുക്കാനും ചെറിയ പാക്കറ്റുകളിലാക്കി വില്‍ക്കാനും തുടങ്ങിയതു. വില്‍പന തന്ത്രങ്ങളുടെ ഭാഗമായി ജനങ്ങളിലേക്കെത്തിച്ച പരസ്യങ്ങളും ഫ്രീ സാമ്പിളുകളും വലിയ ഒരു ജന വിഭാഗത്തെ പാന്‍ മസാല ചവക്കുന്ന സ്വഭാവത്തിനു അടിമകളാക്കി. ഇതില്‍ ഇന്ത്യയിലെ പതിനഞ്ചു വയസില്‍ താഴെയുള്ള 50 ലക്ഷത്തോളം കുട്ടികളും ഉള്‍പ്പെടുമെന്നു പറയുന്നു. പുകയിലയും അടക്കായും ചേര്‍ന്നു വരുമ്പോള്‍ അതുപയോഗിക്കുന്നവര്‍ ആ ശീലത്തോടു തീവ്രമായി അടിമപ്പെട്ടു പോകും. വായിലെ നേരിയ തൊലിയില്‍ ചെറു കീറല്‍ ഉണ്ടാക്കാനായി ചില ബ്രാണ്ടുകളില്‍ ഗ്ളാസ്സ്‌ പൊടി ചേര്‍ക്കാറുണ്ടെന്നും അറിയുന്നു, അതു വഴി പെട്ടെന്നു അധിക കിക്കുണ്ടാകും. ഗുട്ട്കയില്‍ ചേര്‍ക്കുന്ന പുകയിലയിലും, അടക്കയിലുമുള്ള നിക്കോട്ടിന്‍ പെട്ടെന്നു രക്തത്തില്‍ എത്തിച്ചേരാന്‍ ഗുട്ട്കയുടെ pH കൂട്ടി ആല്‍കലൈന്‍ ആക്കും. ഇതോടൊപ്പം മറ്റ്‌ മാരക ലോഹ മൂലകങ്ങളും കൂടി ചേര്‍ന്നു ഗുട്ട്കയും പാന്‍ മസാലയും മനുഷ്യന്‍റെ ആരോഗ്യത്തിനു വലിയ വെല്ലുവിളികളാണു ഉയര്‍ത്തുന്നതു.
അമിതമായ ഗുട്ട്ക ഉപയോഗം കാരണം വായ തുറക്കാന്‍ പ്രയാസം വരുന്ന OSF (Lockjaw) അസ്സുഖം ബധിച്ച ഒരു കുട്ടി

ഗുട്ട്ക, പാന്‍ മസാല എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു അതിന്‍റെ ദോഷഫലങ്ങളും അറിയാം. എന്നാല്‍ ഈ ശീലത്തിനടിമപ്പെട്ടവര്‍ക്കു അതു ഉപയോഗിക്കാതിരിക്കാന്‍ ആകില്ല, കാരണം അത്രയേറെയാണു ഈ ശീലം നിര്‍ത്താന്‍ ശ്രമിക്കുമ്പൊള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. പുതിയ തലമുറയെങ്കിലും ഈ ശീലത്തിനു അടിമപ്പെടാതിരിക്കാന്‍ ശക്തമായ ബോധവത്കരണം നടത്തുകയെ വഴിയുള്ളൂ. ഗുട്ട്ക, പാന്‍ മസാല എന്നിവ നിരോധിച്ച സംസ്ഥാനങ്ങള്‍ അതോടൊപ്പം വേറൊരു ഉത്തരവദിത്തംകൂടി എടുക്കുന്നുണ്ട്‌. അതായതു നിരോധനം ഫലപ്രദമാകാന്‍ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളേയും മറ്റു സാമൂഹിക സംഘടനകളേയും സമുന്വയിപ്പിച്ചുകൊണ്ടൂള്ള ഒരു ശ്രമം, പക്ഷേ അഴിമതിയുടെ അതിപ്രസരം ഈ ശ്രമങ്ങളെ ഫലവത്താക്കുന്നില്ല. അതുകൊണ്ടു തന്നെ ആവശ്യക്കാര്‍ക്ക്‌ വേണ്ട സാധനം കൂടിയ വിലക്കു യഥേഷ്ടം രഹസ്യമായി ലഭ്യമാണു.

കഴിഞ്ഞ ഒന്നു രണ്ട്‌ ദശകങ്ങള്‍ക്കിടയില്‍ പുകവലിക്കാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവു പ്രകടമാണു. പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതും പിന്നെ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണു അതിനു വഴി വെച്ചതു. അതുകൊണ്ട്‌ ഇത്തരം ലഹരി വസ്തുക്കളുടെ നിരോധനത്തോടൊപ്പം പുതിയ തലമുറയെങ്കിലും ഈ ദുശ്ശീലങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കാനുള്ള ആശയ പ്രചരണവും ആവശ്യമാണു. ഇന്നു വളരെ അധികം പ്രചാരത്തിലുള്ളതും ചെറുപ്പക്കാര്‍ ധാരാളമായി ഉപയോഗിക്കുന്നതുമായ സോഷ്യല്‍ മീഡിയകളിലൂടെ ഗുട്ട്ക, പാന്‍ മസാല എന്നിവയുടെ ദുരുപയോഗത്തിനെതിരായി ബോധവത്കരണം നടത്താന്‍ കഴിയും. നാമെല്ലാവരും അങ്ങനെയൊരു ശ്രമം ബാധ്യതയായി എറ്റെടുത്തു നടത്തണം എന്നതു ഈ കാലത്തിന്‍റെ ആവശ്യമാണു.

Sunday, 28 April 2013

മുകേഷിനെ പേടിപ്പിച്ചാല്‍


ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ്‌ അംബാനിക്കു Z- കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണു. ഇന്ത്യന്‍ മുജഹിദീന്‍ എന്ന സംഘടന വകയായി ഒരു ഭീഷണിക്കത്തു ലഭിച്ചതാണു ഇപ്പോള്‍ ഈ തീരുമാനം എടുക്കാന്‍ കാരണം. ഒരു ഇന്‍സ്പക്റ്ററുടെ നേത്രുത്തത്തില്‍ ഇരുപത്‌ CRPF കമാന്‍ഡോകള്‍ ആധുനിക ആയുധങ്ങളും വാഹനങ്ങളുമായി ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണു. പതിനഞ്ച്‌ ലക്ഷം രൂപയാണു ഇതിന്‍റ ചിലവിനത്തില്‍ മുകേഷ്‌ അംബാനി ഒരോ മാസവും സര്‍ക്കാരിനു കൊടുക്കേണ്ടതു. ഇന്ത്യയില്‍ ഇതാദ്യമായാണു ഒരു സ്വകാര്യ വ്യക്തിക്ക്‌ ഈ വിധം സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്‌. അടുത്തകാലത്തായി ഗുജറാത്തു മുഖ്യമന്ത്രിയോടു മുകേഷ്‌ അംബാനി കാട്ടുന്ന അടുപ്പവും അവിടെ നടത്തുന്ന വലിയ മുതല്‍ മുടക്കുകളുമാണു ഇന്ത്യന്‍ മുജാഹിദീനു മുകേഷിനൊടു വിരോധം തോന്നാന്‍ കാരണമായി പറയുന്നതു.
സാധാരണ ജനങ്ങള്‍ക്ക്‌ സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ ധനികനു സുരക്ഷയൊരുക്കിയതിലെ ന്യായത്തെ ചോദ്യം ചെയ്തുകൊണ്ടു ഇടതുപക്ഷവും BJP യും ഉടന്‍ തന്നെ പ്രതിഷേധവുമായി വന്നു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പല ജോലികളും ചെയ്യുന്ന CRPF വ്യക്തികളുടെ രക്ഷയും നോക്കേണ്ടി വരുന്നതു അവരുടെ മനോനിലയെ പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. ധനികനായ മുകേഷിനു സ്വന്തം നിലക്കു രക്ഷാ ഭടന്‍മാരേയും ആളുകളെയും സാങ്കേതിക സംവിധാനങ്ങളും വെക്കാവുന്നതേയുള്ളൂ എന്നാല്‍ ഇവര്‍ക്കു അത്യാധുനിക ആയുധങ്ങള്‍ കൈവശം വെക്കാന്‍ അനുവാദം ഇല്ലല്ലൊ. എങ്കിലും വലിയ ഒരു സംരക്ഷണ വലയം നേരത്തെ തന്നെ മുകേഷിനു ചുറ്റും ഉണ്ടെന്നും ഉറപ്പാണു. ഈ വലയം ഭേദിച്ചാണു ഒരാള്‍ മുംബയിലുള്ള റിലയന്‍സിന്‍റ ഹെഡ്‌ ഓഫീസ്സിലെ മൂന്നാം നിലയിലെ ചേബറില്‍ കൃത്യമായി എത്തി ഭീഷണിക്കത്തു കൊടുത്തു പുറത്തിറങ്ങിപ്പോയതു. ഇങ്ങനെ തുടങ്ങി പലതും വിലയിരുത്തിയാണു ഭീഷണിയില്‍ കഴമ്പുണ്ടെന്നു മുംബൈ പോലീസ്‌ റിപോര്‍ട്ട്‌ കൊടുത്തത്. തുടര്‍ന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുകേഷ്‌ അംബാനിക്കു Z- കാറ്റഗറി സുരക്ഷ ഒരുക്കാന്‍ തീരുമാനമെടുത്തു.
സര്‍ക്കാരിനു ലഭിക്കുന്ന നികുതിപ്പണത്തിന്‍റ 5 ശതമാനവും നല്‍കുന്നതു മുകേഷ്‌ അംബാനിയാണു. രണ്ടര ലക്ഷത്തിലധികം ജനങ്ങള്‍ മുകേഷിന്‍റ ശമ്പളക്കാരായിട്ടുണ്ടു. ഇവരുടെ ബന്ധുക്കളെക്കൂടി ചേര്‍ത്താല്‍ ആശ്രിതരുടെ എണ്ണം പിന്നെയും കൂടും. അങ്ങനെയുള്ള ഒരു വ്യക്തിയെ വിധിക്ക്‌ മുന്‍പിലേക്കു തള്ളിവിടുന്നതു സര്‍ക്കാരിനു ഭൂഷണമല്ല. നമ്മുടെ നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കുന്നതുകൊണ്ട്‌ എല്ലാവര്‍ക്കും നീതി തുല്യമായി ലഭിക്കണം. ധനികരാണു എന്ന ഒറ്റക്കാരണത്താല്‍ ചിലരുടെ നേരെ രാഷ്ട്രത്തിനു യാതൊരു ബാധ്യതയുമില്ല എന്ന വാദം ശരിയായ ഒന്നല്ല. എന്നാല്‍ ഇവിടെ വെറൊരു പ്രശ്നം ഉയര്‍ന്നു വരുന്നുണ്ട്‌. ഇനിയും പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും നേരെയും ഭീഷണികള്‍ വന്നെന്നിരിക്കാം അപ്പോളെല്ലാം ഇതേ നയം സര്‍ക്കാരിനു പിന്‍തുടരാന്‍ കഴിയുമൊ? ഇല്ലെങ്കില്‍ പകരം വെയ്ക്കാനായി എന്തു സംവിധാനമാണു സര്‍ക്കാരിനുള്ളത്‌? കാത്തിരുന്നു കാണുകയേ വഴിയുള്ളൂ.
രാഷ്ട്രം അതിന്‍റ ഉത്തരവാദിത്തം നിറവേറ്റുമ്പൊള്‍ ഇവിടുത്തെ ജനങ്ങള്‍ക്കുവേണ്ടീ തനിക്കു എന്താണു ചെയ്യാന്‍ കഴിയുക എന്നു മുകേഷും ചിന്തിക്കേണ്ടതുണ്ട്‌. മുംബയിലെ അല്‍റ്റ മൌണ്ട്‌ റോഡിലുള്ള അന്‍റിലിയ എന്ന ഭീമാകാര വീട്ടില്‍ മുകേഷും ഭാര്യയും മൂന്നു മക്കളുമാണു താമസ്സിക്കുന്നതു. അവരെ പരിചരിക്കാനായി 600 ഓളം ജോലിക്കാരും. 27 നിലകളുള്ള ഈ കെട്ടിടത്തിന്‍റ ഒരു മാസത്തെ വൈദ്യുതി ബില്‍ 70 ലക്ഷം രൂപയാണു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ 7000 കുടുംബങ്ങള്‍ക്ക്‌ മതിയകുന്നത്ര വൈദ്യുതിയാണു 5 പേരടങ്ങുന്ന മുകേഷ്‌ അംബാനി കുടുംബം ഒരു മാസം ഉപയോഗിക്കുന്നതു. മുകേഷും കുടുംബവും “അന്‍റിലിയ” യില്‍ താമസ്സം തുടങ്ങിയതറിഞ്ഞപ്പോള്‍ രത്തന്‍ റ്റാറ്റ പ്രതികരിച്ചതിങ്ങനെയാണു, “അവിടെ താമസ്സിക്കുന്നവര്‍ ചുറ്റും കാണുന്നവരുടെ കഷ്ടപ്പാടുകളെക്കുറിച്ചു ബോധവാന്‍മാരാകണം, അങ്ങനെയുള്ളവരുടെ ജീവിതത്തില്‍ എന്തു മാറ്റം വരുത്താന്‍ കഴിയും എന്നും നോക്കണം”. രത്തന്‍ റ്റാറ്റ ഇങ്ങനെ സ്വയം ചോദിക്കാറുണ്ടൊ എന്ന സംശയം ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റ പ്രതികരണം വളരെ പ്രസക്തമാണു.


Sunday, 31 March 2013

ക്രീമി ലെയര്‍ മുകളിലേക്ക്



OBC വിഭാഗത്തിലെ ക്രീമി ലയറിനെ തീരുമാനിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയായി കേന്ദ്ര മന്ത്രിസഭ ഉപസമതി പുനര്‍ നിര്‍ണയം ചെയ്തിരിക്കുകയാണ്. എന്നാല്‍ National Commission for Backward Classes ആവശ്യപ്പെടുന്നത് ക്രീമി ലയറിനെ തീരുമാനിക്കാനുള്ള വാര്‍ഷിക വരുമാനത്തിന്റെ പരിധി നഗര പ്രദേശങ്ങളില്‍ 12 ലക്ഷം രൂപയും ഗ്രാമങ്ങളില്‍ 9 ലക്ഷം രൂപയും ആക്കണമെന്നാണ്. വാര്‍ഷിക വരുമാനത്തിന്റെ പരിധി ഇത്രയും ഉയര്‍ത്തുന്നത് സംവരണത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂട്ടുമെന്നും അത് OBC വിഭാഗങ്ങളിലെ നിര്‍ധനരായവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് മന്ത്രിസഭ ഉപസമതിയുടെ തലവന്‍ P ചിദംബരം അഭിപ്രായപ്പെട്ടത്. എന്നാല്‍ ധാരാളം സംവരണ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതാണ് വരുമാന പരിധി ഉയര്‍ത്തുന്നതിന് പ്രധാന കാരണമായി NCBC എടുത്തു പറയുന്നത്. കോണ്‍ഗ്രസ്സിലെ OBC വിഭാഗം, സമാജ് വാദി പാര്‍ടി, RJD, DMK, IUML തുടങ്ങി പല പാര്‍ടികളും NCBC പറയുന്നത് പോലെ വരുമാന പരിധി ഉയര്‍ത്തി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1990 ല്‍ ആണ് V P സിംഗ് മന്ത്രിസഭ OBC വിഭാഗങ്ങള്‍ക്ക് 27% സംവരണം നല്‍കാന്‍ തീരുമാനം എടുത്തത്. ഇത് നാടെങ്ങും ഒരു വിഭാഗം ജനങ്ങളുടെ അതി ശക്തമായ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് സുപ്രീം കോടതി ഈ തീരുമാനം സ്റ്റേ ചെയ്യുകയുണ്ടായി. രണ്ടു വര്‍ഷത്തിനു ശേഷം സുപ്രീം കോടതിയുടെ 9 അംഗ ഭരണ ഘടനാ ബഞ്ച് OBC വിഭാഗത്തിലെ “ക്രീമി ലെയര്‍ ” നെ ഒഴിവാക്കിക്കൊണ്ട് 27% സംവരണം നല്‍കാനുള്ള തീരുമാനത്തെ അംഗീകരിക്കുകയാണ് ചെയ്തത്. പിന്നോക്കക്കാരിലെ മുന്നോക്കക്കാരെ (ക്രീമി ലെയര്‍ ) തീരുമാനിക്കാനുള്ള വരുമാന പരിധി കാലാകാലങ്ങളില്‍ പുനര്‍ നിര്‍ണയം ചെയ്യാറുണ്ട്. വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കൂടുതലുള്ളവരെ 1993 ല്‍ ക്രീമി ലെയര്‍ ആയി നിശ്ചയിച്ചു. പിന്നീട് 2004 ല്‍ അത് 2.5 ലക്ഷം രൂപയായും 2008 ല്‍ 4.5 ലക്ഷം രൂപയായും ഇപ്പോള്‍ അത് 6 ലക്ഷം രൂപയായും ഉയര്‍ത്തിയിരിക്കുകയാണ്.
OBC വിഭാഗത്തിനു അനുവദിച്ചു നല്‍കിയ സംവരണത്തിന്റെ സാധൂകരണത്തെക്കുറിച്ചു ഇനി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ല, കാരണം വളരെ വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ 9 അംഗ ഭരണ ഘടനാ ബഞ്ച് സംവരണത്തിന് അനുമതി നല്‍കിയത്. പിന്നോക്ക വിഭാഗങ്ങളിലെ മുന്‍ നിരക്കാര്‍ക്ക് സംവരണം നല്കിയായ്ല്‍ അത് അവരിലെ പിന്‍ നിരക്കാരുടെ അവസരം നിഷേധിക്കുന്നതിനിടയാകും എന്നുള്ളത് കൊണ്ടാണ് ക്രീമി ലെയര്‍ എന്ന ഒരു നിര്‍വചനം കൂടി സംവരണത്തിന്റെ അര്‍ഹതയുടെ ഭാഗമായി സുപ്രീം കോടതി ചേര്‍ത്തത്. ക്രീമി ലെയര്‍ തീരുമാനിക്കാനുള്ള വരുമാന പരിധി വളരെ അധികം ഉയര്‍ത്തിയാല്‍ അത് സംവരണം അനുവദിച്ചപ്പോള്‍ സുപ്രീം കോടതിക്കുണ്ടായിരുന്ന താല്പര്യത്തിനു വിരുദ്ധമാകും, ഇനി ഈ പരിധി വളരെ അധികം താഴ്ത്തിയാലോ? പിന്നോക്കരിലെ വലിയൊരു വിഭാഗം സംവരണത്തിന്റെ സംരക്ഷണത്തില്‍ നിന്നും പുറത്താകുന്ന സ്ഥിതിയും ഉണ്ടാകും. ഇത് OBC വിഭാഗങ്ങള്‍ക്ക് ഇനി സംവരണം ആവശ്യമില്ല എന്ന അനുമാനത്തിലേക്കെത്താനും ഇടയാക്കും. ഈ ഒരു സാഹചര്യത്തിലാണ് ക്രീമി ലെയര്‍ എവിടെ തുടങ്ങണം എന്ന നിര്‍വചനത്തിന് പ്രസക്തിയേറുന്നത്.
സാമൂഹികവും സാമ്പത്തികവുമായ പുരോഗതി എല്ലാ സംസ്ഥാനങ്ങളിലും ഒരു പോലെ അല്ല. അതുപോലെ തന്നെ പിന്നോക്ക വിഭാഗക്കാര്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് വരുന്നതും രാജ്യത്തെല്ലായിടത്തും ഒരുപോലെ അല്ല. ഈ കാര്യത്തിലും കേരളത്തിലേക്കാണ് മാതൃകക്കായി പലരും നോക്കുന്നത്. കേരള സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ അധീനതയിലുള്ള മറ്റു സ്ഥാപനങ്ങളിലേയും പിന്നോക്ക ജന വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെ കുറിച്ച് പഠിക്കാന്‍ 2000 ത്തില്‍ അന്നത്തെ സര്‍ക്കാര്‍ നിയോഗിച്ച ജെസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ 2001 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കേരളത്തിലെ ഈഴവര്‍ക്ക് അവരുടെ ജനസംഖ്യാ അനുപാതത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗം ലഭിച്ചിട്ടുണ്ടെന്ന് ജെസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ ചുരുക്കം ഇവിടെ വായിക്കാം. എന്നാല്‍ അവരുടെ സാമൂഹികമായ പിന്നോക്കാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. സമീപ കാലത്ത് കേരളത്തിലെ മുസ്ലിം ജനങ്ങളില്‍ ഉണ്ടായ വിദ്യാഭ്യാസപരമായ ഉണര്‍വും പൊതുവേ ശ്രദ്ദിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെല്ലാം ലഭിച്ച സംവരണാനുകൂല്യങ്ങള്‍ മാത്രമല്ല കേരളത്തിലുണ്ടായ നേട്ടങ്ങള്‍ക്ക്‌ കാരണം. ഇവിടെ നടന്നു വരുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ ഫലപ്രാപ്തിയും കേരള ജനത പ്രകടിപ്പിക്കുന്ന സാമൂഹിക പക്വതയും ഒപ്പം നില്‍ക്കുന്ന കാരണങ്ങളാണ്.
2006-2007 വര്‍ഷങ്ങളില്‍ കേരളത്തിലെ നിലവാരത്തില്‍ പിന്നോക്കമായിരുന്ന അല്ലെങ്കില്‍ പിന്നോക്കക്കാര്‍ അധികമുള്ള ചില സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കൂട്ടുന്നതിനു വേണ്ടി നടത്തിയ ഒരു ശ്രമത്തെപ്പറ്റി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സഖാവ് M A ബേബി എഴുതിയിട്ടുണ്ട്. അവസരങ്ങള്‍ നല്‍കുകയും അത് വേണ്ട വിധം ഉപയോഗപ്പെടുത്തുകയും ചെയ്‌താല്‍ ഉണ്ടാക്കാനാവുന്ന നേട്ടം ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ജെസ്റ്റീസ് നരേന്ദ്രന്‍ കമ്മീഷന്‍ അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് ഉപസംഹരിച്ചത്‌ ഇങ്ങനെയാണ്, “Reservation for Backward Classes is only a means to an end, not an end in itself. It cannot be a permanent feature.” ഈ വിഷയത്തില്‍ വളരെ പ്രസക്തമായ ഒരഭിപ്രായമാണിത്.

Friday, 15 March 2013

കരയണോ അതോ ചിരിക്കണോ?



കേന്ദ്ര സര്‍ക്കാര്‍ വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി നല്കാതിരിക്കുന്നതിലൂടെ ഇന്ത്യയിലാകയുള്ള പൊതു ഗതാഗതത്തെ ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ഇതിനെ മറികടക്കാനുള്ള എളുപ്പവഴിയാണ് വന്‍കിട ഉപഭോക്താവെന്ന ലേബലില്‍ നിന്ന് പൊതു ഗതാഗത വകുപ്പ് പുറത്തു കടക്കുക എന്നത്. ഇത് തന്നെയാണ് പല സംസ്ഥാനങ്ങളും ചെയ്തു തുടങ്ങിയത്. ഓയില്‍ കമ്പനികളില്‍ നിന്നും മൊത്തമായി ഡീസല്‍ വാങ്ങുന്നതിന് പകരം സ്വകാര്യ പമ്പുകളില്‍ നിന്നും ചില്ലറയായി ഡീസല്‍ വാങ്ങി ഉപയോഗിക്കുക എന്ന ഈ തന്ത്രം തന്നെ കേരളവും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എത്ര ലജ്ജാകരമായ ഒരവസ്ഥയെയാണ് ഇത് സംജാതമാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ഒരു നിയമത്തെ മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ പഴുതുകള്‍ കണ്ടുപിടിക്കേണ്ടി വരുന്ന പരിതാപകരമായ ഒരു സ്ഥിതി വിശേഷം ആരും ഇഷ്ടപ്പെടുന്നതല്ല.
പ്രതിരോധം, റയില്‍വേ, മറ്റു പൊതു ഗതാഗത സംവിധാനങ്ങള്‍ , ചില വ്യവസായ സ്ഥാപനങ്ങള്‍ , ചെറു വൈദ്യുത നിലയങ്ങള്‍ , സിമിന്ടു ഫാക്ടറികള്‍ തുടങ്ങിയവയാണ് വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ . ഇതില്‍ പ്രതിരോധവും റയില്‍വേയും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായതുകൊണ്ട് അവയ്ക്ക് ഇക്കാരണത്താല്‍ ഒരു പ്രതിസന്ധി ഉണ്ടാകില്ല. ഉല്‍പന്നങ്ങളുടെ വില കൂട്ടുന്നതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇന്ത്യയിലെ പൊതു ഗതാഗത സംവിധാനങ്ങളാണ് വഴിമുട്ടി നില്‍ക്കുന്നത്. ഈ സംവിധാനങ്ങള്‍ തകര്‍ന്നു പോകുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തെ ബാധിക്കുക മാത്രമല്ല, ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും ഉള്‍പ്പടയുള്ള ദൂര വ്യാപകമായ പ്രശ്നങ്ങളും ഉണ്ടാക്കും.
പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക്‌ ഭീമമായ തുക സബ്സിഡി നല്‍കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ അതുപോലെ തന്നെ ഭീമമായ തുക ടാക്സ് ഇനത്തില്‍ തിരികെ പിടിക്കുന്നു എന്നകാര്യം പലപ്പോഴും ഓര്‍ക്കാറില്ല. നമ്മുടെ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ നഷ്ടത്തിന്റെ കണക്കുകളില്ല മറിച്ചു അവയെല്ലാം ലാഭത്തിലാണ്. Under-recovery എന്ന സാങ്കേതികതയാണ്‌ നഷ്ടമായിട്ടെണ്ണുന്നത്. അന്താരാഷ്ട്ര വിലയുമായി താരതമ്യം ചെയ്തുണ്ടാക്കുന്നതാണ് ഈ നഷ്ടക്കണക്ക്‌.  ആകെ ഉപയോഗത്തിന്റെ 20-25% മെങ്കിലും നമ്മുടെ രാജ്യത്ത് നിന്ന് ലഭിക്കുന്നുണ്ട്. ഇതിന്റെ ഉത്പാതന ചെലവ് കുറവാണന്നിരിക്കെ അതിനും അന്താരാഷ്‌ട്ര വില കണക്കാക്കെണ്ടതിന്റെ ആവശ്യമെന്താണ്? ഈ വസ്തുതയും ബോധപൂര്‍വം തഴയപ്പെടുന്ന ഒന്നാണ്.
വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ സബ്സിഡി എടുത്തുമാറ്റിയത് മൂലം ഉണ്ടായ വില വര്‍ദ്ധന എസ്സാര്‍ , റിലയന്‍സ്, ഷെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. ഈ രംഗത്ത് പൊതു മേഖല കമ്പനികളുമായി മത്സരിക്കാനുള്ള ഒരവസരമാണ് സ്വകാര്യ കമ്പനികള്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. അത് പോലെ തന്നെ സ്വകാര്യ പമ്പുടമകള്‍ക്ക് കൂടുതല്‍ കച്ചവിടം ലഭിക്കാനുമുള്ള അവസരമുണ്ടായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഒരു നിയമത്തെ തുരങ്കം വെക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകുന്ന ഈ ലജ്ജാകരമായ അവസ്ഥ കണ്ടു ചിലര്‍ എവിടെയോ ഇരുന്നു ഊറി ചിരിക്കുന്നുണ്ടാവാം.
PS: സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസലടിച്ചു കേന്ദ്ര സര്‍ക്കാരിന് നഷ്ടം വരുത്തിയെന്ന് പറഞ്ഞു ആരെങ്കിലും ഒരു പൊതു താല്പര്യ ഹര്‍ജി കൊടുത്താല്‍ ഒരു പക്ഷെ ഇന്ത്യയിലെ ഗതാഗത മന്ത്രിമാരെല്ലാവരും കൂടി ജയിലില്‍ പോകേണ്ടി വന്നേക്കും. ജാഗ്രത!!!


Wednesday, 20 February 2013

വെറുതെ ഈ മോഹങ്ങള്‍


ഒന്നിന് പിറകെ ഒന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ ഏതൊരു ഭാരതീയന്റെയും സാമാന്യ ബോധത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ മാധ്യമങ്ങളുടെ വര്‍ദ്ദിച്ച ഇടപെടല്‍ ആകാം ചില കഥകളെങ്കിലും പുറത്തു വരാന്‍ കാരണം. എങ്ങനെയും പണമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ എല്ലാക്കാലത്തും മനുഷ്യര്‍ ചെയ്തിട്ടുണ്ട്. ആവുന്നിടത്തോളം ദൂരം ഓടി അതിര്‍ത്തി നിശ്ചയിച്ചു സ്ഥലം സ്വന്തമാക്കാന്‍ അനുവാദം കിട്ടിയ ഒരു വ്യക്തി ഓടി ഓടി ഒടുവില്‍ തളര്‍ന്നു വീണു മരിച്ച കഥയാണ് ഇക്കാലത്തെ അഴിമതിക്കഥകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത്. ആഗോള വത്കരണവും ഉപഭോക്ത സംസ്കാരവും അതു വഴി വേണ്ടുവോളം ജീവിത സുഖ സൗകര്യങ്ങള്‍ വിലക്ക് വാങ്ങാനും കഴിയുന്ന ഈക്കാലത്ത് എങ്ങനെയും പണമുണ്ടാക്കാന്‍ മനുഷ്യന്‍ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇതിനായി വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നവരെ നിയന്ത്രിക്കുക എന്നത് സാമൂഹിക ബാധ്യതയാണ്.
അഴിമതിക്കഥകള്‍ കേട്ട് ഇന്ത്യക്കാരന്റെ തല മരവിച്ച ഒരവസരത്തിലാണ് അണ്ണാ ഹസാരെയും കൂട്ടരും ഒരു ജനകീയ മുന്നേറ്റം നയിച്ചുകൊണ്ട് രംഗത്ത് വരുന്നത്. എന്നാല്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവരില്‍ ചിലരുടെ പേരില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെടുകയും ജനങ്ങളുടെ ആവേശത്തെ അത് ശിഥിലമാക്കുകയും ചെയ്തു. തുടര്‍ന്ന് അണ്ണാ ഹസാരെയുടെ കൂട്ടത്തിലെ പ്രമുഖനായ കേജ്രീ വാള്‍ ഒരു പാര്‍ടി തന്നെ ഉണ്ടാക്കി. അതിന്റെ തുടക്കത്തിനു ഒരു പഞ്ച് കിട്ടാന്‍ രാജ്യത്തിലെ പ്രഥമ കുടുംബത്തിലെ റോബര്‍ട്ട് വഡോരയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പൊതുജനത്തിനു മുന്‍പില്‍ തുറന്നു കാട്ടി. പക്ഷെ പിന്നീടെന്തുണ്ടായി, കേജ്രീ വാള്‍ മാത്രമല്ല വാര്‍ത്താ മാധ്യമങ്ങള്‍ പോലും നിശബ്ദരാക്കപ്പെട്ടു. കുറ്റ വിചാരണയോ ശിക്ഷയോ ഉണ്ടാകുമെന്ന പ്രതീക്ഷ പോലും ഇന്നസ്ഥാനത്താണ്. ബീ ജെ പി യുടെ പ്രസിഡന്ടു സ്ഥാനത്തു നിന്നും  ഗാഡ്ക്കരിക്ക് ഒഴിയേണ്ടി വന്നു എന്നത് മാത്രമാണ് കേജ്രീ വാളിന്റെ രണ്ടാമത്തെ വെളിപ്പെടുത്തലിലൂടെ നേടാനായത്.
അഴിമതിക്കഥകള്‍ പ്രതിരോധ വകുപ്പില്‍ നിന്നാകുമ്പോള്‍ അന്വേഷണത്തിനു പരിമിതികള്‍ ഉണ്ടാകും, മിക്കവാറും CBI ആണ് അന്വേഷിക്കാന്‍ ഇറങ്ങുക. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രതിരോധ വകുപ്പില്‍ നടന്ന അഴിമതി ആരോപണങ്ങളില്‍ ഒന്നിനു പോലും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ CBI ക്ക് കഴിഞ്ഞിട്ടില്ല. കുറച്ചെങ്കിലും കണ്ടെത്തലുകള്‍ നടത്തിയത് ബോഫെര്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ അതില്‍ തന്നെയും ശിക്ഷാ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രധാന പ്രതിയായ ഒട്ടാവിയോ ഖുവാട്ടറോചിയെ 2007 ല്‍ അര്‍ജന്റീനയില്‍ അറസ്റ്റു ചെയ്തെങ്കിലും അയാളെ ഇന്ത്യയിലേക്ക്‌ കൊണ്ട് വരാനുള്ള ശ്രമത്തില്‍ CBI ഉദാസീനത കാട്ടി. ഹെലികോപ്ടര്‍ വാങ്ങലുമായി ഉണ്ടായിരിക്കുന്ന ഏറ്റവും പുതിയ കോഴ വാങ്ങല്‍ ആരോപണത്തിലും ശരിയായ അന്വേഷണമോ ശിക്ഷാ നടപടികളോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ല.
ചെറിയ മോഷ്ടാക്കളെയും പോക്കറ്റടിക്കാരെയും പിടിച്ചാല്‍ പോലീസു ചെയ്യുക അവരുടെ ഷര്‍ട്ടഴിച്ചുമാറ്റി ഒരു നമ്പര്‍ ഏഴുതിയ സ്ലേറ്റു കയ്യില്‍ പിടിപ്പിച്ചു ഫോട്ടോ എടുത്തു പരസ്യപ്പെടുത്തും, ജനങ്ങള്‍ ഇവരെ സൂക്ഷിക്കുന്നതിന് വേണ്ടിയാണിത്. കോടികള്‍ മുക്കുന്നവരെയും കള്ളന്‍മാര്‍ എന്ന് വിളിക്കാന്‍ നമുക്ക് കഴിയണം. ചെറിയ കള്ളന്മാര്‍ക്ക് അനുവദിച്ചു കൊടുക്കാത്ത മനുഷ്യാവകാശങ്ങളൊന്നും വലിയ കള്ളന്‍മാര്‍ക്കും കൊടുക്കേണ്ടതില്ല. അലക്കിതേച്ച ഖദര്‍ വസ്ത്രം ധരിച്ചു കയ്യകലത്തില്‍ പോലീസുകാരുടെ അകമ്പടിയോടെ സുസ്മേരവദനന്‍മാരായി 2G കള്ളന്മാര്‍ നടക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് രോക്ഷം വരാത്തത്. സാമ്പത്തിക കുറ്റവാളികളോട് നമ്മുടെ നീതി വ്യവസ്ഥ വലിയ ഉദാര മനോഭാവം കാണിക്കുന്നത് കൊണ്ട് വിചാരണ നടത്തി ശിക്ഷവിധിക്കാന്‍ കാലം കുറെ എടുത്തേക്കാം. അത് വരേയും അവരെ നമുക്ക് കള്ളന്‍ എന്ന് വിളിക്കാനാവില്ലല്ലോ? എന്നാല്‍ കള്ളനെന്നു തെളിയിക്കപ്പെട്ടു ശിക്ഷ വിധിച്ചു ജയിലിലയച്ച ഒരു പ്രമുഖന്‍ കേരളത്തില്‍ ജയിലില്‍ കിടക്കാതെ ആശുപത്രിയില്‍ കിടന്നത് നാം കണ്ടല്ലോ, രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്ന അപൂര്‍വമായ രോഗം വന്ന ഈ വ്യക്തിക്ക് ജയിലില്‍ നിന്നിറങ്ങിയതിനു ശേഷം പഴയ രോഗത്തിന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടില്ല പകരം സ്ഥിരമായി രക്തം തിളക്കുന്ന വേറൊരു രോഗമാണിപ്പോള്‍ ഉള്ളത്. മുകളില്‍ പറഞ്ഞ വിധം ഒരു ഫോട്ടോ ഉണ്ടായിരുന്നെങ്കില്‍ അത് കാട്ടി അദ്ദേഹത്തെ ഒന്ന് തണുപ്പിക്കാമായിരുന്നു.
ക്രിമിനല്‍ കുറ്റങ്ങളെപ്പോലെ തന്നെ സാമ്പത്തിക കുറ്റങ്ങളെയും ഗൌരവത്തോടെ കാണേണ്ടതുണ്ട്. സമൂഹം ഇക്കൂട്ടരെ മോശക്കാരായി വിലയിരുത്തണം തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുക തുടങ്ങി ചിലത് കൂടി കോടതി ശിക്ഷയോടൊപ്പം ഉണ്ടാകണം. നന്‍മ തിന്‍മകള്‍ വേര്‍തിരിക്കുന്ന ഒരു മൂല്യ ബോധം ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതാണ്. നന്‍മക്ക് പ്രതിഫലവും തിന്‍മക്ക് ശിക്ഷയും ലഭിക്കുന്ന ഒരു വിചാരണ മരണശേഷം നടക്കാനുന്ടെന്ന തീവ്രമായ ബോധം ഒരു പരിധിവരെയെങ്കിലും മനുഷ്യനെ നല്ലവനായി ജീവിക്കാന്‍ പ്രേരിപ്പിക്കും.

Monday, 7 January 2013

ഷണ്ഡീകരണം ഒരു ശിക്ഷാ രീതിയാക്കണം


ദല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയാകുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത സംഭവം വ്യാപകമായ ജനമുന്നേറ്റത്തിനും പരിഹാര മാര്‍ഗം തേടിയുള്ള ചര്‍ച്ചകള്‍ക്കും കാരണമായി. ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളുടെ അപര്യാപ്തതയാണ് പ്രധാന കാരണമായി മിക്കവാറും എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ സുരക്ഷക്കായുള്ള നടപടികള്‍ പലതും എടുക്കുന്നതിനോടൊപ്പം തന്നെ നിയമങ്ങളിലുള്ള പഴുതുകളടക്കുകയും ശിക്ഷകള്‍ കര്‍ക്കശമാക്കുകയും ചെയ്യേണ്ടത് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യമായി എല്ലാവരും തിരിച്ചറിയുന്നുണ്ട്.

രാഷ്ട്രീയ പാര്‍ടികളും ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജയില്‍ ശിക്ഷാ കാലാവധി കൂട്ടുകയും അതോടൊപ്പം തന്നെ മരുന്ന് നല്‍കി കുറ്റവാളികളെ ഷണ്ഡീകരിക്കുകയും ചെയ്യണമെന്നു കോണ്‍ഗ്രസ്സ് പറയുമ്പോള്‍ BJP യും അതേ അഭിപ്രായം പങ്കു വെക്കുന്നു. മരുന്ന് നല്‍കി ഷണ്ഡീകരണം ബലാത്സംഗ കുറ്റവാളികള്‍ക്ക് വിധിക്കണമെന്നു തന്നെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും പറയുന്നത്. വേറെയും പല പ്രമുഖരും ഈ രീതിയില്‍ തന്നെ സംസാരിക്കുന്നുണ്ട്. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലയു 2011 ഏപ്രിലില്‍ ഒരു ബലാത്സംഗ കേസിന്റെ വിധി പ്രഖ്യാപനത്തോടൊപ്പം സര്‍ക്കാരിന് നല്‍കിയ അഭ്യര്‍ത്ഥനയില്‍ ശിക്ഷയായി ഷണ്ഡീകരണം നല്‍കാനാവും വിധം നിയമ ഭേദഗതി ചെയ്യണമെന്നു ആവശ്യപ്പെടുകയുണ്ടായി. കുഞ്ഞുങ്ങള്‍ ഇരകളാകുന്ന കേസ്സുകളില്‍ കഠിന ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട് അതിനു ഷണ്ഡീകരണം ഒരു ശിക്ഷയായി നല്കാനുതകുന്നവിധം നിയമ ഭേദഗതിക്ക് ശ്രമിക്കണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള വിധി ന്യായത്തിന്റെ പകര്‍പ്പുകള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിലേക്കും, വനിതാ കമ്മീഷനിലേക്കും ജഡ്ജി കാമിനി ലയു എത്തിച്ചിരുന്നു. ദല്‍ഹി സംഭവം ഉണ്ടാകുന്നത് വരെയും ആരും അത് ശ്രദ്ദിച്ചില്ല എന്നാല്‍ ശിക്ഷയായി ഷണ്ഡീകരണം എന്നത് ഇപ്പോള്‍ ഒരു പൊതു ചര്‍ച്ചയായിട്ടുണ്ട്.
മരുന്നുകള്‍ നല്‍കിയോ അല്ലെങ്കില്‍ സര്‍ജറി നടത്തിയോ ഷണ്ഡീകരണ ശിക്ഷ നടപ്പാക്കാം. മരുന്നുകള്‍ നല്‍കുന്ന രീതിയാണെങ്കില്‍ പരമാവധി മൂന്നു മാസത്തേക്ക് മാത്രമേ ലൈംഗീക ഉത്തേജനത്തെ മരവിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുകയുള്ളൂ അതിനാല്‍ ഓരോ മൂന്ന് മാസം കൂടുമ്പോളും മരുന്ന് നല്‍കണം അല്ലെങ്കില്‍ ശിക്ഷക്ക് വിധേയനായ വ്യക്തി വീണ്ടു സാധാരണ രീതിയിലാകും. ഈ രീതി പോലീസിനു അധിക ബാധ്യത ആകുമെന്നതിനാല്‍ ശിക്ഷാ നടപ്പാക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാകും. സ്തന വളര്‍ച്ച എല്ലുകള്‍ ക്ഷയിക്കുക തുടങ്ങിയ പാര്‍ശ്വ ഫലങ്ങളുമുണ്ട്. എന്നാല്‍ സര്‍ജറി നടത്തി ഷണ്ഡീകരണം നടത്തിയാല്‍ അത് ജീവിത കാലത്തേക്കിരിപ്പതാണ്. “22 ഫീമെയില്‍ കോട്ടയം” മലയാളികള്‍ ഓര്‍ക്കുന്നത് കൊണ്ട് ചിലരെങ്കിലും കരുതുന്നത് ആറിഞ്ചു പുരുഷത്തം മുറിച്ചു മാറ്റുന്നതാണ് ഷണ്ഡീകരണം എന്നാണു. എന്നാല്‍ സര്‍ജിക്കല്‍ ഷണ്ഡീകരണം ശിക്ഷയായി നടത്തുമ്പോള്‍ അങ്ങനെയല്ല ചെയ്യുന്നത് ടെസ്റ്റോ സ്റ്റീറോണ്‍ ഉത്പാദനം തടയാനായി വൃഷ്ണങ്ങളാണ് നീക്കം ചെയ്യുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന രീതി ബലാത്സംഗത്തിനു 7 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ നല്‍കുക എന്നതാണ്. പോലീസോ മറ്റു അധികാര സ്ഥാനങ്ങളിലോ ഉള്ളവരാണ് കുറ്റം ചെയ്യുന്നതെങ്കില്‍ 10 വര്‍ഷത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും നല്‍കാറുണ്ട്. കുറ്റവാളിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കില്‍ നിയമ നടപടിക്രമങ്ങള്‍ എല്ലാം വേറെയാണ്. ബലാത്സംഗത്തോടൊപ്പം കൊലയും നടക്കുമ്പോളാണ് ചില കേസ്സുകളില്‍ വധശിക്ഷ വിധിക്കുന്നത്. ഇരകളാകുന്നത് കുഞ്ഞുങ്ങളാകുന്ന കേസ്സുകളിലെങ്കിലും പ്രതികള്‍ക്ക് ഷണ്ഡീകരണം ഒരു ശിക്ഷയായി നല്‍കണമെന്ന ആവശ്യം വര്‍ദ്ധിച്ചു വരികയാണ്. അമേരിക്കയിലെ ഒന്‍പതോളം സ്റ്റേറ്റുകളിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും പിന്നെ പോളണ്ട്, ഇസ്രേല്‍, റഷ്യ, തെക്കന്‍ കൊറിയ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലും ശൈശവ പീഡനം നടത്തുന്ന കുറ്റവാളികള്‍ക്ക് ഷണ്ഡീകരണ ശിക്ഷ നല്‍കുന്നതിനു നിയമ പരിരക്ഷ ലഭിച്ചിട്ടുണ്ട്.
നിര്‍ബന്ധമായി ഒരാളെ ഷണ്ഡനാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആംനസ്റ്റി ഇന്‍റര്‍ നാഷണല്‍ പറയുന്നുണ്ട്. ഇരയുടെ മനുഷ്യാവകാശത്തിനു പ്രാധാന്യം കൊടുക്കുന്ന ശിക്ഷാ സമ്പ്രദായത്തില്‍ പ്രതിയുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് ആംനസ്റ്റി ഇന്‍റര്‍ നാഷണല്‍ ഓര്‍ക്കേണ്ടത്. യൂറോപ്പില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് ഷണ്ഡീകരണ ശിക്ഷ ഫലവത്താണെന്നു തന്നെയാണ്. ആവര്‍ത്തന കുറ്റവാളികളില്‍ മരുന്നുപയോഗിച്ചു ഷണ്ഡീകരണം നടത്തിയപ്പോള്‍ അവരില്‍ പിന്നീട് കുറ്റവാസന വളരെക്കുറഞ്ഞതായി കാണുകയുണ്ടായി. ബലാത്സംഗ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് കൊണ്ട് മാത്രം കാര്യമില്ല, വളരെ വേഗത്തില്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കുകയും കഠിന ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് അത്യാവിശ്യമാണ്. അത് കുറ്റവാസനയുള്ള മറ്റുള്ളവരില്‍ ഭയമുണ്ടാക്കാനും കുറ്റകൃത്യങ്ങള്‍ കുറയാനും ഇടയാക്കും. കഠിന ശിക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ ബലാത്സംഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുംകൂടി മനസ്സിലാക്കി അവ കഴിയുന്നത്ര ഒഴിവാക്കുന്ന കേവല ബുദ്ധിയും സമൂഹത്തിനുണ്ടാകണം