ഇപ്പോള്‍ നടന്ന അസംബ്ളി തിരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാകുകയാണു. നരേന്ദ്രമോഡി പ്രധാന മന്ത്രിയായിക്കാണാന്‍ ആഗ്രഹിക്കുന്നവരുടെ ആരവങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ആകുന്ന ഈ അവസരത്തില്‍ തന്നെ വലിയ ഒരു വിഭാഗം ജനങ്ങള്‍ ആശങ്കയോടെയാണു മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്തത്തെ കാണുന്നതു. ഒരേ സമയം ഇത്രയധികം വെറുപ്പും അത്ര തന്നെ സ്നേഹവും മോഡിക്കല്ലാതെ വേറൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കും ഇന്നേവരെ ലഭിച്ചിട്ടില്ല എന്നു കാണാം.
ഗുജറാത്തില്‍ മൂന്ന് പ്രാവശ്യം അധികാരത്തില്‍ എത്താന്‍ കഴിഞ്ഞതും അവിടുത്തെ വികസന മോഡല്‍ രാജ്യത്തിനാകെ മാത്രുകയാക്കാന്‍ കഴിയുന്നതുമാണു എന്ന രീതിയിലുള്ള പ്രചരണമാണു മോഡിയനുകൂലികള്‍ വ്യാപകമായി നടത്തുന്നതു. ഒപ്പം തന്നെ 2002 ലെ കലാപം കഴിഞ്ഞ സംഭവമാണു അതു മറന്നു ഭാവിയിലേക്കു നോക്കുകയാണു ഇനി വേണ്ടതെന്നും അവര്‍ പഠിപ്പിക്കുന്നു. മോഡി രാജധര്‍മം പാലിക്കണമെന്നു വാജ്പയിക്കു പറയേണ്ടിവന്ന 2002 ലെ സംഭവങ്ങള്‍ അത്ര വേഗം എല്ലാവര്‍ക്കും മറക്കാനാകുന്നതല്ല. അധികാരത്തില്‍ എത്തി കുറച്ചുനാള്‍ മാത്രമെ ആയുള്ളൂ എന്നതു കൊണ്ടു അന്നത്തെ കലാപം മോഡി സര്‍ക്കാരിനു തടയാനോ നിയന്ത്രിക്കാനോ ആവുന്നതായിരുന്നില്ല എന്നു ചിലര്‍ വിലയിരുത്തുന്നു. ഇതു തന്നെ വേറൊരു ഉദാഹരണത്തോടെ അടുത്ത കാലത്തു മോഡി പറഞ്ഞത്, കാറിടിച്ചു നായക്കുട്ടി മരിച്ചാല്‍ അതെങ്ങനെ കാര്‍ യാത്രക്കാരന്‍റെ കുറ്റമാകുമെന്നാണു.
ഒരു അച്ഛന്‍റെ പരാതികിട്ടിയതു കാരണം മകളുടെ സുരക്ഷക്കായി നരേന്ദ്രമോഡിയുടെ രഹസ്യാന്വേഷണ വിഭാഗം അടുത്തകാലത്തു ഒരു പെണ്‍കുട്ടിയെ പലയിടത്തും പിന്തുടര്‍ന്നിരുന്നു. ഇതിന്‍റെ ചെറിയൊരംശം എങ്കിലും ശുഷ്കാന്തി 2002 ല്‍ ഇഹ്സാന്‍ ജഫ്രി എന്ന മുന്‍ MP യൊടു കാണിച്ചിരുന്നു എങ്കില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 37 ആളുകള്‍ കൊല്ലപ്പെടാനും വേറെ കുറെ ആളുകളെ കാണാതാകാനും ഇടയാകുമായിരുന്നില്ല. കലാപം നടക്കുന്ന സമയം ജഫ്രി, മോഡിയോടു സഹായം അഭ്യര്‍ത്തിച്ചിരുന്നു എന്നാല്‍ പരിഹാസത്തോടെയാണ് മോഡി അതിനോട് പ്രതികരിച്ചത് എന്ന് പിന്നീട് സാക്ഷി മൊഴികള്‍ വരികയുണ്ടായി. ഗുജറാത്തില്‍ തുടര്‍ന്നു വരുന്ന നീതി ന്യായ വ്യവസ്ത എത്രത്തോളം വിഭാഗീയമാണെന്നു സുപ്രീം കോടതിയുടെ ഇടപെടലുകളിലൂടെയും SIT യുടെ പ്രവര്‍ത്തനങ്ങളിലൂടെയും നാം അറിഞ്ഞു കൊണ്ടിരിക്കുകയാണു. നരോദ പാട്യ കേസ്സില്‍ SIT യുടെ അന്വേഷണത്തിനൊടുവില്‍ ശിക്ഷ വിധിക്കപ്പെട്ട മായ കൊദുനാനിക്ക് കലാപം നയിച്ചതിനു പ്രത്യുപകാരമെന്ന നിലയില്‍ മോഡി മന്ത്രി സഭയില്‍ വനിത ശിശു ക്ഷേമ വകുപ്പു നല്‍കുക പോലുമുണ്ടായി.
ഏറക്കുറെ ഈ മനോഭാവം തന്നെയാണു ദളിതരോടും ആദിവാസികളൊടും നരേന്ദ്രമോഡി വെച്ചുപുലര്‍ത്തുന്നതു. അവരുടെ നേരെയുള്ള അക്രമം കുറയുന്നില്ല തീര്‍പ്പക്കാത്ത കേസുകളും ധാരാളം. അണക്കെട്ടു നിര്‍മാണത്തിനും വ്യവസായങ്ങള്‍ക്കും മറ്റുമായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസവും വേണ്ട രീതിയില്‍ നടക്കുന്നില്ല. വികസനത്തിലും ജീവിത നിലവാരത്തിന്‍റെ കാര്യത്തിലും ഗുജറാത്തിനു മുന്‍പില്‍ വേറെയും ചില സംസ്ഥാനങ്ങളുണ്ടെന്നു ഇന്ന് എല്ലാവര്‍ക്കും അറിയാം. സാമ്പത്തിക നയങ്ങളിലോ വിദേശ നയങ്ങളിലോ BJP കോണ്‍ഗ്രസ്സിന്നു ബദലാകുന്നില്ല. പിന്നെ അവര്‍ എടുത്തു പറയുന്നതു അഴിമതി രഹിത ഭരണമാണു. ഭരണം കിട്ടിയതും ഭരിച്ചു കൊണ്ടിരിക്കുന്നതുമായ പല സംസ്ഥാനങ്ങളിലും അഴിമതി രഹിത ഭരണം കാഴ്ച്ചവെച്ചു എന്നു BJP ക്കു പറയാനാവുന്നില്ല. ഗുജറാത്തില്‍ അഴിമതിയുണ്ടായിരുന്നോ എന്നു വരും കാലങ്ങള്‍ ഒരു പക്ഷെ തെളിയിച്ചേക്കും.
നിക്ഷേപ സൌഹ്രുദ സംസ്ഥാനമെന്നറിഞ്ഞിരുന്ന ഗുജറാത്തിലെ മുഖ്യമന്ത്രിക്കു 2005 ല്‍ അമേരിക്ക നയതന്ത്ര വിസ നിഷേധിക്കുകയുണ്ടായി, ഇതു വരെയും ആ തീരുമാനം മാറ്റുകയുണ്ടായില്ല. നോബല്‍ സമ്മാന ജേതാവ് അമാര്‍ത്യ സെന്‍ മുതല്‍ പലരും നരേന്ദ്രമോഡി പ്രധാന മന്ത്രിയായി കാണാന്‍ ഇഷ്ടപ്പെടാത്തവരാണു. നരേന്ദ്രമോഡി പ്രധാന മന്ത്രിയാകുന്നതു ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും തിരുത്താനാവാത്ത അപകടം വരുത്തി വെക്കും. വജ്പയിയെക്കുറിച്ചു പ്രമുഖര്‍ പറഞ്ഞിരുന്നതു right man in wrong party എന്നാണു, ഇപ്പോള്‍ നരേന്ദ്രമോഡിയെക്കുറിച്ചു പറയാനാവുന്നതു wrong man in wrong party എന്നാണു.
അന്നത്തെ വിലയിരുത്തലുകൾ അല്ലേ
ReplyDeleteതീറ്‍ച്ചയായും, കൂടുതല്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ നാമോരോരുത്തരുടെയും അഭിപ്രായങ്ങളും ചിന്തകളും മാറിയേക്കാം !!!
ReplyDelete