ഒന്നിന് പിറകെ ഒന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ ഏതൊരു ഭാരതീയന്റെയും സാമാന്യ ബോധത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ മാധ്യമങ്ങളുടെ വര്‍ദ്ദിച്ച ഇടപെടല്‍ ആകാം ചില കഥകളെങ്കിലും പുറത്തു വരാന്‍ കാരണം. എങ്ങനെയും പണമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ എല്ലാക്കാലത്തും മനുഷ്യര്‍ ചെയ്തിട്ടുണ്ട്. ആവുന്നിടത്തോളം ദൂരം ഓടി അതിര്‍ത്തി നിശ്ചയിച്ചു സ്ഥലം സ്വന്തമാക്കാന്‍ അനുവാദം കിട്ടിയ ഒരു വ്യക്തി ഓടി ഓടി ഒടുവില്‍ തളര്‍ന്നു വീണു മരിച്ച കഥയാണ് ഇക്കാലത്തെ അഴിമതിക്കഥകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത്. ആഗോള വത്കരണവും ഉപഭോക്ത സംസ്കാരവും അതു വഴി വേണ്ടുവോളം ജീവിത സുഖ സൗകര്യങ്ങള്‍ വിലക്ക് വാങ്ങാനും കഴിയുന്ന ഈക്കാലത്ത് എങ്ങനെയും പണമുണ്ടാക്കാന്‍ മനുഷ്യന്‍ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇതിനായി വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നവരെ നിയന്ത്രിക്കുക എന്നത് സാമൂഹിക ബാധ്യതയാണ്.
അഴിമതിക്കഥകള്‍ കേട്ട് ഇന്ത്യക്കാരന്റെ തല മരവിച്ച ഒരവസരത്തിലാണ് അണ്ണാ ഹസാരെയും കൂട്ടരും ഒരു ജനകീയ മുന്നേറ്റം നയിച്ചുകൊണ്ട് രംഗത്ത് വരുന്നത്. എന്നാല്‍ വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവരില്‍ ചിലരുടെ പേരില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെടുകയും ജനങ്ങളുടെ ആവേശത്തെ അത് ശിഥിലമാക്കുകയും ചെയ്തു. തുടര്‍ന്ന് അണ്ണാ ഹസാരെയുടെ കൂട്ടത്തിലെ പ്രമുഖനായ കേജ്രീ വാള്‍ ഒരു പാര്‍ടി തന്നെ ഉണ്ടാക്കി. അതിന്റെ തുടക്കത്തിനു ഒരു പഞ്ച് കിട്ടാന്‍ രാജ്യത്തിലെ പ്രഥമ കുടുംബത്തിലെ റോബര്‍ട്ട് വഡോരയുടെ സാമ്പത്തിക ക്രമക്കേടുകള്‍ പൊതുജനത്തിനു മുന്‍പില്‍ തുറന്നു കാട്ടി. പക്ഷെ പിന്നീടെന്തുണ്ടായി, കേജ്രീ വാള്‍ മാത്രമല്ല വാര്‍ത്താ മാധ്യമങ്ങള്‍ പോലും നിശബ്ദരാക്കപ്പെട്ടു. കുറ്റ വിചാരണയോ ശിക്ഷയോ ഉണ്ടാകുമെന്ന പ്രതീക്ഷ പോലും ഇന്നസ്ഥാനത്താണ്. ബീ ജെ പി യുടെ പ്രസിഡന്ടു സ്ഥാനത്തു നിന്നും ഗാഡ്ക്കരിക്ക് ഒഴിയേണ്ടി വന്നു എന്നത് മാത്രമാണ് കേജ്രീ വാളിന്റെ രണ്ടാമത്തെ വെളിപ്പെടുത്തലിലൂടെ നേടാനായത്.
അഴിമതിക്കഥകള്‍ പ്രതിരോധ വകുപ്പില്‍ നിന്നാകുമ്പോള്‍ അന്വേഷണത്തിനു പരിമിതികള്‍ ഉണ്ടാകും, മിക്കവാറും CBI ആണ് അന്വേഷിക്കാന്‍ ഇറങ്ങുക. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രതിരോധ വകുപ്പില്‍ നടന്ന അഴിമതി ആരോപണങ്ങളില്‍ ഒന്നിനു പോലും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ CBI ക്ക് കഴിഞ്ഞിട്ടില്ല. കുറച്ചെങ്കിലും കണ്ടെത്തലുകള്‍ നടത്തിയത് ബോഫെര്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ അതില്‍ തന്നെയും ശിക്ഷാ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രധാന പ്രതിയായ ഒട്ടാവിയോ ഖുവാട്ടറോചിയെ 2007 ല്‍ അര്‍ജന്റീനയില്‍ അറസ്റ്റു ചെയ്തെങ്കിലും അയാളെ ഇന്ത്യയിലേക്ക് കൊണ്ട് വരാനുള്ള ശ്രമത്തില്‍ CBI ഉദാസീനത കാട്ടി. ഹെലികോപ്ടര്‍ വാങ്ങലുമായി ഉണ്ടായിരിക്കുന്ന ഏറ്റവും പുതിയ കോഴ വാങ്ങല്‍ ആരോപണത്തിലും ശരിയായ അന്വേഷണമോ ശിക്ഷാ നടപടികളോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ല.
ചെറിയ മോഷ്ടാക്കളെയും പോക്കറ്റടിക്കാരെയും പിടിച്ചാല്‍ പോലീസു ചെയ്യുക അവരുടെ ഷര്‍ട്ടഴിച്ചുമാറ്റി ഒരു നമ്പര്‍ ഏഴുതിയ സ്ലേറ്റു കയ്യില്‍ പിടിപ്പിച്ചു ഫോട്ടോ എടുത്തു പരസ്യപ്പെടുത്തും, ജനങ്ങള്‍ ഇവരെ സൂക്ഷിക്കുന്നതിന് വേണ്ടിയാണിത്. കോടികള്‍ മുക്കുന്നവരെയും കള്ളന്‍മാര്‍ എന്ന് വിളിക്കാന്‍ നമുക്ക് കഴിയണം. ചെറിയ കള്ളന്മാര്‍ക്ക് അനുവദിച്ചു കൊടുക്കാത്ത മനുഷ്യാവകാശങ്ങളൊന്നും വലിയ കള്ളന്‍മാര്‍ക്കും കൊടുക്കേണ്ടതില്ല. അലക്കിതേച്ച ഖദര്‍ വസ്ത്രം ധരിച്ചു കയ്യകലത്തില്‍ പോലീസുകാരുടെ അകമ്പടിയോടെ സുസ്മേരവദനന്‍മാരായി 2G കള്ളന്മാര്‍ നടക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് രോക്ഷം വരാത്തത്. സാമ്പത്തിക കുറ്റവാളികളോട് നമ്മുടെ നീതി വ്യവസ്ഥ വലിയ ഉദാര മനോഭാവം കാണിക്കുന്നത് കൊണ്ട് വിചാരണ നടത്തി ശിക്ഷവിധിക്കാന്‍ കാലം കുറെ എടുത്തേക്കാം. അത് വരേയും അവരെ നമുക്ക് കള്ളന്‍ എന്ന് വിളിക്കാനാവില്ലല്ലോ? എന്നാല്‍ കള്ളനെന്നു തെളിയിക്കപ്പെട്ടു ശിക്ഷ വിധിച്ചു ജയിലിലയച്ച ഒരു പ്രമുഖന്‍ കേരളത്തില്‍ ജയിലില്‍ കിടക്കാതെ ആശുപത്രിയില്‍ കിടന്നത് നാം കണ്ടല്ലോ, രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്ന അപൂര്‍വമായ രോഗം വന്ന ഈ വ്യക്തിക്ക് ജയിലില്‍ നിന്നിറങ്ങിയതിനു ശേഷം പഴയ രോഗത്തിന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടില്ല പകരം സ്ഥിരമായി രക്തം തിളക്കുന്ന വേറൊരു രോഗമാണിപ്പോള്‍ ഉള്ളത്. മുകളില്‍ പറഞ്ഞ വിധം ഒരു ഫോട്ടോ ഉണ്ടായിരുന്നെങ്കില്‍ അത് കാട്ടി അദ്ദേഹത്തെ ഒന്ന് തണുപ്പിക്കാമായിരുന്നു.
ക്രിമിനല്‍ കുറ്റങ്ങളെപ്പോലെ തന്നെ സാമ്പത്തിക കുറ്റങ്ങളെയും ഗൌരവത്തോടെ കാണേണ്ടതുണ്ട്. സമൂഹം ഇക്കൂട്ടരെ മോശക്കാരായി വിലയിരുത്തണം തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുക തുടങ്ങി ചിലത് കൂടി കോടതി ശിക്ഷയോടൊപ്പം ഉണ്ടാകണം. നന്‍മ തിന്‍മകള്‍ വേര്‍തിരിക്കുന്ന ഒരു മൂല്യ ബോധം ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതാണ്. നന്‍മക്ക് പ്രതിഫലവും തിന്‍മക്ക് ശിക്ഷയും ലഭിക്കുന്ന ഒരു വിചാരണ മരണശേഷം നടക്കാനുന്ടെന്ന തീവ്രമായ ബോധം ഒരു പരിധിവരെയെങ്കിലും മനുഷ്യനെ നല്ലവനായി ജീവിക്കാന്‍ പ്രേരിപ്പിക്കും.